മസ്‌ക്കറ്റ്: ഇന്ത്യൻ വംശജനായ ബാലനെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ജയിൽ ശിക്ഷ ലഭിച്ച ഒമാനി സ്വദേശിയുടെ അപ്പീൽ കോടതി തള്ളി. ബാലനെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ 27 മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒമാനി മത്സ്യബന്ധന തൊഴിലാളിയുടെ അപ്പീലാണ് കോടതി തള്ളിയത്. ഒമ്പതു വയസുകാരനായ ഇന്ത്യൻ ബാലനെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് അറുപത്തിരണ്ടു വയസുള്ള ഇയാളുടെ പേരിലുള്ള കേസ്.

കഴിഞ്ഞ മേയിലായിരുന്നു സംഭവം. ഒരു കുപ്പി ജ്യൂസും രണ്ടു ദിർഹവും കൊടുത്ത് ബാലനെ വശീകരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. മദ്യ ലഹരിയിലായിരുന്ന ഇയാൾ ബാലനെ ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് വലിച്ചുകൊണ്ടു പോകുന്നതു കണ്ട രണ്ട് ബംഗ്ലാദേശികളാണ് ബാലനെ പീഡനത്തിൽ നിന്നു രക്ഷിച്ചത്.

കൂട്ടുകാരൊത്ത് ക്രിക്കറ്റ് കളിക്കാൻ പോയ ബാലനെ മദ്യപിച്ചെത്തിയ ഒമാൻ സ്വദേശി ജ്യൂസ് കൊടുത്തു വശീകരിക്കാൻ ശ്രമിച്ചു. ജ്യൂസ് വാങ്ങാൻ തയാറാകാതിരുന്ന കുട്ടിക്ക് രണ്ടു ദിർഹം കൈയിൽ പിടിപ്പിക്കാൻ ശ്രമിച്ചു. ഇതു ചെറുത്ത കുട്ടിയെ ഇയാൾ ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയുമായിരുന്നുവെന്ന് ബാലൻ മൊഴി നൽകിയിട്ടുണ്ട്. ശേഷം ഒരു കെട്ടിടത്തിന്റെ ലിഫ്റ്റിൽ പിടിച്ചുകയറ്റുകയും മോശമായി പെരുമാറുകയുമായിരുന്നുവെന്ന് ബാലൻ പറയുന്നു. അതുവഴി എത്തിയ രണ്ട് ബംഗ്ലേദശ് സ്വദേശികളാണ് ബാലനെ രക്ഷിച്ചത്.

കെട്ടിടത്തിന്റെ ഉള്ളിലേക്ക് ബാലനെ പിടിച്ചുകൊണ്ടു പോകുന്നത് തങ്ങൾ കാണുകയായിരുന്നെന്നും പന്തികേട് തോന്നിയപ്പോൾ പിന്നാലെ ചെല്ലുകയുമായിരുന്നെന്ന് ബംഗ്ലാദേശ് സ്വദേശികൾ പറയുന്നു. ബാലനെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് രണ്ടു വർഷത്തെ തടവും മദ്യപിച്ചതിന് മൂന്നു മാസത്തെ തടവുമാണ് ശിക്ഷ വിധിച്ചത്.