- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ വാരാൻ മലയാളിയുടെ പുതിയ 'ക്രേസ്' ഓമസം കച്ചവടം; ഓമസം ഉണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തമിഴ്‌നാട് സ്വദേശിയെ കല്ലമ്പലത്തുകൊള്ളയടിച്ചു; മാഫിയയുടെ കൈയിൽ നിന്ന് ഗോവിന്ദൻ രക്ഷപ്പെട്ടത് പൊതുപ്രവർത്തകർ ഇടപെട്ടതോടെ; ഓമസം കച്ചവട തട്ടിപ്പിന്റെ കഥ
തിരുവനന്തപുരം: ഓമസം എന്നോ, സായിപ്പിന്റെ ശൈലിയിൽ ഓമെയ്‌സം എന്നോ ഒക്കെ പറഞ്ഞാൽ മിക്കവർക്കും പിടി കിട്ടണമെന്നില്ല. അയവിറക്കുന്ന മൃഗങ്ങളുടെ ആമാശയത്തിലെ മൂന്നാമത്തെ അറയാണ് ഓമസം. ബോട്ടി എന്നും പോട്ടി എന്നും നാടൻ പേരുള്ള ഇതിന്റെ ഫ്രൈ മലയാളികൾക്കും പ്രിയങ്കരം. എന്നാൽ, അറിയേണ്ടത് ഇതിന്റെ പിന്നാമ്പുറത്ത് നടക്കുന്ന വമ്പൻ കച്ചവടമാണ്. ഈ മേഖലയിലെ കളികൾ അറിയാൻ തമിഴ്‌നാട് സ്വദേശിയായ ഓമസം കച്ചവടക്കാരൻ ഗോവിന്ദന്റെ കേരളത്തിലെ അനുഭവം മതി. ഗോവിന്ദന്റെ കഥ പിന്നാലെ പറയാം. ആദ്യം ഈ കച്ചവടത്തിന്റെ രീതികൾ.
പൊടിപൊടിക്കുന്ന കച്ചവടം
ഒകശാപ്പുകാരിൽ നിന്നും 160 രൂപ മുതൽ 300 രൂപ വരെ വിലയ്ക്ക് ചെറുകിട കച്ചവടക്കാർ ഓമസം ശേഖരിക്കുന്നു. ഹൈദരാബാദ്, ബെംഗലൂരു, മുംബൈ, ഡൽഹി എന്നീ മെട്രോ നഗരങ്ങളിലാണ് ഇതിന് പ്രിയമേറെ. വിപണിയും അവിടെയാണ് പൊടിപൊടിക്കുന്നത്. അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരാണ് കേരളത്തിൽ വന്ന് ഓമസം ശേഖരിക്കുന്നത്. മെട്രോ നഗരങ്ങളിൽ നിന്ന് മുഖ്യമായി ചൈനയിലേക്കാണ് കയറ്റുമതി. ചൈനാക്കാർക്ക് ഓമസം വളരെ പ്രിയങ്കരമാണെന്ന് പറയേണ്ടതില്ലല്ലോ.
ഓമസത്തിന്റെ ഞരമ്പുകൾ എടുത്ത ശേഷം ബാക്കി ഭാഗങ്ങൾ പലതരത്തിലുള്ള ഭക്ഷണങ്ങളായി മാറുകയാണ്. ചെറുകിട കച്ചവടക്കാർ ഇത് കഴുകി ഉപ്പിട്ട് ഉണക്കുക എന്നുള്ളതാണ് ആദ്യ ചെയ്യുന്നത്. വൻ നഗരങ്ങളിൽ എത്തുമ്പോൾ ഇത് ഫ്രീസ് ചെയ്ത കണ്ടെയ്‌നറിലേക്ക് മാറുന്നു,
ചൈനയിൽ എത്തുന്നതോടുകൂടി ഓമസത്തിന് പലവിധ ആവശ്യക്കാർ കൂടുന്നു. നമ്മുടെ അറവുശാലകളിലെ ഓമസം, ചൈനയിൽ എത്തുന്നതോടെ ഞരമ്പുകൾ, ചികിത്സ ആവശ്യത്തിനും മറ്റുമായി നീക്കം ചെയ്യാറുണ്ട്. അവശേഷിക്കുന്നവ വൻകിട ഹോട്ടലുകളിലേക്ക് ഭക്ഷണത്തിനായി എടുക്കുന്നു.
ഓമസം കച്ചവടം മലയാളിക്കും ഹരം
അടുത്തകാലത്ത് മലയാളിയും ഓമസം കച്ചവടത്തിന്റെ ലാഭം മനസ്സിലാക്കി വരികയാണ്. ഇതരസംസ്ഥാനക്കാരായ കച്ചവടക്കാരിൽ നിന്ന് ഗുണ്ടാപ്പിരിവ് വാങ്ങി അവരുടെ സാധനം പിടിച്ചെടുക്കാനും മറ്റുമായി ഒരു ലോബി തന്നെ രംഗത്തുള്ളതായി റിപ്പോർട്ടുണ്ട്.
ഗോവിന്ദന്റെ കഥ
തമിഴ്‌നാട്ടിലെ സേലം അളകപുരം വാട്ടഫിർ ബോർഡ് കോളനിയിൽ 443 ആം ഡോർ നമ്പർ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഗോവിന്ദൻ എന്നയാൾ ആറു വർഷക്കാലമായി കേരളത്തിൽ നിന്നും ഓമസം ശേഖരിക്കുന്ന ആളാണ്. അദ്ദേഹത്തിന് ഒരു ഫോൺ നമ്പറിൽ നിന്നും കുറെ നാളായി ഒരു ഫോൺ വരുന്നുണ്ടായിരുന്നു. കാജാ എന്ന് പരിചയപ്പെടുത്തിയ ആൾ, കല്ലമ്പലത്ത്, 5000 ഓമസം ഇരിക്കുന്നു, അത് വന്നു വാങ്ങണം എന്ന് നിർബന്ധിച്ചുകൊണ്ടേയിരുന്നു.
ഈ മാസം പന്ത്രണ്ടിന് ഗോവിന്ദൻ കല്ലമ്പലത്ത് എത്തി. താൻ രാവിലെയേ എത്തുകയുള്ളുവന്നും റൂമെടുത്ത് നിൽക്കാനും ഹാജയുടെ നിർദ്ദേശം. എന്നാൽ, കല്ലമ്പലത്ത് റൂമെടുത്ത് കാത്തിരുന്നതല്ലാതെ കാജയെ കാണാനില്ല. പിറ്റേദിവസം ഉച്ചയോടെ ഗോവിന്ദൻ താമസിക്കുന്ന മുറിയിൽ ഒരു പൊലീസുകാരൻ വന്ന് കല്ലമ്പലം സ്റ്റേഷനിൽ ചെല്ലാൻ പറയുന്നു. ഗോവിന്ദന്റെ മൊഴി പ്രകാരം അപ്പോൾ അയാളുടെ ബോലേറോ പിക്കപ്പ് വാഹനത്തിൽ 1562 ഓമസമുണ്ടായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞുവരുമ്പോൾ വാഹനത്തിലെ ഓമസത്തിന്റെ പൊടിപോലുമില്ല. ഒരു മണിക്കൂറിനുള്ളിൽ, സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നു തന്നെ വാഹനത്തിലെ ഓമസം മോഷണം പോയി. എന്നാൽ, 'നിന്റെ നാട്ടിൽ കൊണ്ടുപോയി കേസ് കൊടുക്കു' എന്നാണ് പൊലീസ് ഉപദേശിച്ചതെന്ന് ഗോവിന്ദൻ ആരോപിച്ചു. പരാതി കൊടുത്തതിന് ഹാജയും മറ്റ് അഞ്ചുപേരും ചേർന്ന് സ്റ്റേഷന് പുറത്തുവച്ച് തന്നെ മർദ്ദിച്ചതായും ഇയാൾ പറയുന്നു.
കല്ലമ്പലം സിഐ പറയുന്നത്
ഗോവിന്ദൻ തനിക്ക് 18 ലക്ഷം രൂപ തരാനുണ്ടെന്നും പലവട്ടം വിളിച്ചിട്ടും ഫോൺ എടുത്തിട്ടില്ലെന്നും, ഹാജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സ്വദേശിയെ വിളിച്ചുവരുത്തിയതെന്ന് കല്ലമ്പലം സിഐ വിജയരാഘവൻ മറുനാടനോട് പറഞ്ഞു. സംഭവ ദിവസം താൻ സ്ഥലത്തില്ലായിരുന്നു. 18 ലക്ഷം രൂപ കടം തീർക്കാനുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ, 3 ലക്ഷം രൂപയുടെ ചരക്കുമായി കടം നൽകിയവർ പോയി എന്നാണ് സിഐയുടെ വിശദീകരണം. എന്നാൽ, താൻ ആർക്കും പണം കൊടുക്കാൻ ഇല്ല എന്ന് ഗോവിന്ദനും പറയുന്നു. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.
ഒത്തുതീർപ്പായി എന്നു പറഞ്ഞുപോയെങ്കിലം ഗോവിന്ദൻ വീണ്ടും തന്റെ മുമ്പാകെ പരാതിയുമായി വന്നെന്ന് കല്ലമ്പലം സിഐ പറഞ്ഞു.ഇതോടെ, ഇന്നലെ രാവിലെ തന്നെ, സിഐ, ഓമസം കൊള്ളയടിച്ചവരെ വിളിച്ചുവരുത്തി അവരിൽ നിന്നും അതിന്റെ വിലയായ മൂന്നുലക്ഷം രൂപ തിരികെ കൊടുത്തു കൊള്ളാം എന്ന് ഉറപ്പുവാാങ്ങിച്ചു. ആദ്യപടിയായി 65,000 രൂപയും പിന്നീട് 35,000 രൂപയും ഇന്നലെ തന്നെ അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു,. ബാക്കി പണം ബുധനാഴ്ചയ്ക്ക് മുമ്പ് എത്തിച്ചു കൊള്ളാം എന്ന് ധാരണ ഉണ്ടാക്കി, സ്റ്റേഷൻ റെക്കോഡ് ബുക്കിൽ ഇരുകക്ഷികളെ കൊണ്ട് ഒപ്പീടിച്ചു. അതിനിടെ, തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അടക്കം ഗോവിന്ദൻ പരാതി നൽകിയിരുന്നു. ശനിയാഴ്ച നേരിട്ട് ചെന്നൈയിലെത്തി മുഖ്യമന്ത്രിയെ കാണാനും നിർദ്ദേശം വന്നു. കേരളത്തിൽ എത്തുന്ന തമിഴ്‌നാട്ടുകാരുടെ സുരക്ഷയ്ക്ക് വേണ്ടി മുഖ്യമന്ത്രി സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെടുമെന്നും ഉറപ്പുനൽകിയിരുന്നു. വർക്കല എംഎൽഎ വി.ജോയി, പൊതുപ്രവർത്തകനായ ഹഫീസ് എന്നിവരും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു.
അയൽ സംസ്ഥാനക്കാരന് ഇവിടെ നീതി നിഷേധം ഉണ്ടാകരുതെന്ന് വർക്കല എംഎൽഎ അടക്കം ഉള്ള പൊതുപ്രവർത്തകർ കർശന നിലപാടെടുത്തതോടെ പൊലീസും ഉണർന്നു പ്രവർത്തിച്ചു. പൊലീസിനെ പഴി ചാരി, കൊള്ള നടത്താനുള്ള ശ്രമമായിരുന്നോ സംഘത്തിന്റേത് എന്നും സംശയം ഉയർന്നിട്ടുണ്ട്. കച്ചവട ആവശ്യത്തിന് മലയാളികൾ അയൽ സംസ്ഥാനങ്ങളിൽ പോകുമ്പോൾ, ഇതേ അനുഭവം ഉണ്ടായാൽ എന്തായിരിക്കും പ്രതികരണം എന്നും ആലോചിക്കണം. ഗോവിന്ദനും ഭാര്യയും തങ്ങളുടെ പരാതികൾ പിൻവലിച്ച് മടങ്ങിയെങ്കിലും ഓമസം കച്ചവടവുമായി ബന്ധപ്പെട്ട കൊള്ളയുടെ പിന്നാമ്പുറ കഥകൾ ഇനി വരാനിരിക്കുന്നതേയുള്ളു.
മറുനാടന് മലയാളി ബ്യൂറോ