കണ്ണൂർ: കൈക്കൂലി കൊടുത്താൽ എന്തും നടക്കുന്ന നാട് തന്നെയാണ് ഇന്ന് കേരളം. ഇക്കാര്യത്തിന് മാത്രം ഉമ്മൻ ചാണ്ടിയാണോ ഭരിക്കുന്നത് അതോ പിണറായി വിജയനാണോ എന്ന വ്യത്യാസമൊന്നുമില്ല. ചില വകുപ്പുകളിലേക്ക് ഉദ്യോഗസ്ഥർ ട്രാൻസ്ഫർ കിട്ടാൻ നേതാക്കൾക്ക് കൈമടക്ക് പോലും കൊടുക്കും. അത്തരത്തിലുള്ള വകുപ്പാണ് മോട്ടോർ വാഹന വകുപ്പ്. രണ്ട് ദിവസം മുമ്പ് അമിതവേഗതയിൽ പാഞ്ഞ സ്വാകാര്യ ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചപ്പോൾ ഉണ്ടായ അപകടത്തിൽ ആതിരയെന്ന കോളേജ് വിദ്യാർത്ഥിനി കണ്ണൂരിൽ മരണപ്പെട്ടിരുന്നു. ഈ സംഭവത്തിൽ വസ്തുത പരിശോധിക്കുമ്പോൾ 'കൊലയാളി'കളുടെ സ്ഥാനത്തു വരുന്നത് ഇത്തരത്തിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർ തന്നെയാണ്.

കണ്ണൂർ-കോഴിക്കോട് റോഡിൽ അമിത വേഗതയിൽ ചീറിപ്പായുന്ന നിരവധി ബസുകളുണ്ട്. ഇത്തരം ബസുകാർക്കെല്ലാം ഒത്താശ ചെയ്യുന്നത് മോട്ടോർവാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരാണെന്നത് പരസ്യമായ രഹസ്യമാണ് താനും. എസ് എൻ കോളേജ് വിദ്യാർത്ഥിനിയായ ആതിരയുടെ കൊലയാളിയ ഒമേഗ എന്ന സ്വകാര്യ ബസ് അഞ്ച്് തവണ അമിത വേഗതയ്ക്ക് പിടിക്കപ്പെട്ടതാണ് എന്ന് വ്യക്തമാകുമ്പോഴാണ് ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ലോബിയും തമ്മിലുള്ള ബന്ധം വ്യക്തമാകുന്നത്.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഞ്ച് തവണയാണ് ഒമേഗ ബസിന് അമിത വേഗതയ്ക്ക് പിടിക്കപ്പെട്ടത്. ഇതിനായി പിഴ ചുമത്തപ്പെട്ടെങ്കിലും കാരല്യമായ നടപടികൾ നേരിടാതെ രക്ഷപെടുകയായിരുന്നു ബസ് മുതലാളിമാർ. സാധാരണ പരിശോധനയുടെ ഭാഗമായി നിരവധി തവണ സ്പീഡ് വയലേഷൻ പിടിക്കപ്പെട്ട ബസ് അമിത വേഗതയിൽ ദിവസവും പായുന്നു എന്നത് വസ്തുതയാണ്. ഹൈവേയിൽ സ്വകാര്യ ബസുകളുടെ വേഗപരിധി 60 കിലോമീറ്ററാണ്. എന്നാൽ ഒമേഗ ബസ് പലപ്പോഴും 90 കിലോമീറ്റർ വരെ വേഗത്തിൽ ചീറിപ്പാഞ്ഞു എന്നതാണ് ആരോപണം. ഇത് വേഗപ്പൂട്ടിനെ നോക്കുകുത്തിയാക്കിയാണെന്നാണ് വ്യക്തമാകുന്നത്. ഒമേഗ ക്ക് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട് മെന്റ് നിയമങ്ങൾ ബാധകമല്ലേ? എന്ന ചോദ്യമാ് നാട്ടുകാർ ഉയർത്തുന്നത്. ബസിന്റെ പെർമിറ്റ് പുതുക്കി നൽകിയതിലും വീഴ്‌ച്ച ആരോപിക്കുന്നുണ്ട്.

സാധാരണക്കാരന്റെ വാഹനവും സാധാരണക്കാരന്റെ ഉപജിവനമാർഗവുമാണ് ഓട്ടോറിക്ഷയുടെ പെർമിറ്റ് പുതുക്കുന്നതിന് ആർടി ഓഫീസുകളിലെത്തുന്ന വാഹന ഉടമകളെയും സാധാരണക്കാരായ ഡ്രൈവർമാരെയും ഉദ്യോഗസ്ഥർ ശരിക്കും വട്ടം ചുറ്റിക്കാറുണ്ട്. ക്ഷേമനിധി അടയ്ക്കാതെ മോട്ടോർ വാഹന വകുപ്പ് പലപ്പോഴും പെർമിറ്റ് നൽകാറില്ല. സ്വയം തൊഴിലാളികളായ എല്ലാ വാഹന ഉടമകളുടെയും സ്ഥിതി ഇത് തന്നെ. മോട്ടോർ വാഹന ആക്ടും ക്ഷേമനിധി ആക്ടും രണ്ട് വകുപ്പായിരിക്കേ, പാവങ്ങളെയും സാധാരണക്കാരെയും ഭീഷണിപ്പെടുത്തി ക്ഷേമനിധി ഈടാക്കുകയും ചെയ്യുമെന്നാണ് ആക്ഷേപം. ഇങ്ങനെ ചെറുകിടക്കാരോട് അനീതി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ് ഒമേഗയെ തൊടാൻ മടിക്കുന്നതെന്നാണ് വിവരം.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച രാവിലെയാണ് കോളേജ് വിദ്യാർത്ഥിനിയുടെ ജീവൻ അപഹരിച്ച അപകടം ഉണ്ടായത്. താഴെ ചൊവ്വയിലായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഒമേഗ ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന എസ് എൻ കോളജ് വിദ്യാർത്ഥിനി ആതിരയാണ് മരിച്ചത്. തലമണ്ട കാവിനടുത്തുള്ള ഹരിയുടെ മകളാണ് മരിച്ച ആതിര. എട്ടുമാസം മുമ്പായിരുന്നു ആതിരയുടെ വിവാഹം നടന്നത്. നാലുമാസം ഗർഭിണിയാണെന്നാണ് വിവരം.

പിതാവിനൊപ്പം ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കോളജിലേക്ക് പോകുകയായിരുന്നു ആതിര. അമിത വേഗതയിലായിരുന്ന ബസ്സിന്റെ ടയർ പെൺകുട്ടിയുടെ തലയിൽ കയറിയിറങ്ങുകയായിരുന്നു. ആതിര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് ബസ് അടിച്ചുതകർത്തു. കണ്ണൂർ തലശ്ശേരി ദേശീയപാത നാട്ടുകാർ ഉപരോധിച്ചു. അപകടമുണ്ടായ ഉടനെ ജീവനക്കാർ ഓടിരക്ഷപ്പെടുകയായിരുന്നു.