- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് കേസുകളിൽ 46 ശതമാനവും ഓമിക്രോൺ രോഗബാധിതർ; യാത്രാ പശ്ചാത്തലമില്ലാത്തവർക്കും രോഗം; രാജ്യതലസ്ഥാനത്ത് സമൂഹ വ്യാപനമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം ഓമിക്രോൺ ബാധിതരുള്ള ഡൽഹിയിൽ സാമൂഹിക വ്യാപനം സംഭവിച്ചെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. യാതൊരുവിധ യാത്രയും നടത്താത്തവർക്കും രോഗം ബാധിക്കുന്നത് സാമൂഹിക വ്യാപനത്തിന്റെ സൂചനയാണെന്നും മന്ത്രി പറഞ്ഞു. 263 ഓമിക്രോൺ കേസുകളാണ് ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഡൽഹിയിൽ ഓമിക്രോൺ സാമൂഹിക വ്യാപനമുണ്ടെന്ന് വ്യക്തമാക്കിയത്. യാതൊരുവിധ യാത്രാ പശ്ചാത്തലവുമില്ലാത്തവർക്കും രോഗം ബാധിക്കുന്നെന്നും ഇത് ആശങ്ക സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ആകെ കോവിഡ് കേസുകളുടെ 46 ശതമാനവും ഓമിക്രോൺ രോഗികളാണ്. ഇതിൽ 115 പേർക്കാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. മറ്റുള്ളവർക്ക് ആർക്കും ഇത്തരത്തിൽ വിദേശയാത്രാ പശ്ചാത്തലമില്ലെന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഒറ്റദിവസം മാത്രം കോവിഡ് കേസുകളിൽ 89 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 496 കോവിഡ് കേസിൽ നിന്ന് ഒറ്റ ദിവസം കൊണ്ടാണ് പ്രതിദിന കോവിഡ് കണക്ക് 923 ലേക്ക് എത്തിയത്.
ഡൽഹിയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി (ഡി.ഡി.എം.എ.) ബുധനാഴ്ച യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഒരാഴ്ച മുൻപു തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള നിർദ്ദേശം ഡി.ഡി.എം.എ. നൽകുകയും ചെയ്തിരുന്നു.
ഡൽഹി കഴിഞ്ഞാൽ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഓമിക്രോൺ രോഗികളുള്ളത്. 252 പേർക്ക് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം ബാധിച്ചു. രാജ്യത്തെ രോഗബാധിതരുടെ കണക്കിൽ കേരളം അഞ്ചാമതുണ്ട്. 65 പേർക്ക് കേരളത്തിൽ രോഗബാധയുണ്ടായതായണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഓമിക്രോൺ വ്യാപനം തീവ്രമാകുന്നതോടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണവും കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 13154 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ നഗരങ്ങളിലും കോവിഡ് വ്യാപനം തീവ്രമാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്