ജയ്പൂർ: രാജ്യത്ത് വീണ്ടും ഓമിക്രോൺ ബാധിച്ച് മരണം. രാജസ്ഥാനിൽ. ഉദയ്പൂർ ലക്ഷ്മിനാരായൺ നഗറിൽനിന്നുള്ള 73 വയസ്സുകാരനാണു മരിച്ചത്. ഡിസംബർ 15നാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്. അന്നു മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹം, ഹൈപർടെൻഷൻ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.

ഡിസംബർ 21ന് കോവിഡ് നെഗറ്റീവായി. രണ്ട് വാക്‌സീൻ ഡോസുകളുമെടുത്തിട്ടുള്ള ഇദ്ദേഹത്തിനു കോവിഡ് രോഗിയുമായി സമ്പർക്കമോ, യാത്രാ ചരിത്രമോ ഇല്ല. ഡിസംബർ 25നാണ് ജിനോം സീക്വൻസിങ് ഫലം പുറത്തുവന്നത്. ആറു ദിവസത്തിനു ശേഷം ഡിസംബർ 31ന് പുലർച്ചെ 3.30ന് മരണം സംഭവിച്ചു.

ഓമിക്രോൺ മരണമായി ഇതു റിപ്പോർട്ട് ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു. രാജസ്ഥാൻ ആരോഗ്യ വകുപ്പും ഓമിക്രോൺ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആകെ ഓമിക്രോൺ രോഗികളുടെ എണ്ണം 2,135 ആയി. മഹാരാഷ്ട്രയിലാണു കൂടുതൽ കേസുകൾ, 653. ഡൽഹിയിൽ 464 ഓമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 58,097 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിദിന കോവിഡ് കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൗമാരക്കാരിലെ വാക്‌സിനേഷൻ നല്ല രീതിയിൽ മുൻപോട്ട് പോകുന്നുണ്ട്. നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടിൽ നിരീക്ഷിച്ചാൽ മതിയാകും. മറ്റ് രോഗങ്ങളുള്ള കോവിഡ് രോഗികൾ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷമേ വീട്ടിൽ നിരീക്ഷണത്തിലിരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

രാജ്യം കോവിഡ് മൂന്നാം തരംഗത്തിലെന്ന സൂചനയാണ് കോവിഡ് വാക്‌സീൻ സാങ്കേതിക ഉപദേശകസമിതി നൽകുന്നത്. ഈ മാസം തന്നെ കോവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കോവിഡ് വാക്‌സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച മാത്രം രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർദ്ധനയാണുണ്ടായത്. ഇത് മൂന്നാംതരംഗത്തെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് ഡോ. എൻ കെ അറോറ പറയുന്നു. പുതുതായി ഉണ്ടായ 50 ശതമാനം കേസുകൾക്കും പിന്നിൽ ഓമിക്രോൺ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഓമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. ''സമാനമായ കേസ് വർദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്റെ സൂചനയാണ്'', ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് എൻ കെ അറോറ പറഞ്ഞു.