ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ സമൂഹ വ്യാപന ഘട്ടത്തിലെന്ന് വിലയിരുത്തൽ. മെട്രോ നഗരങ്ങളിൽ ഈ വകഭേദം പിടിമുറുക്കി കഴിഞ്ഞു. വൈറസിലെ ജനിതകമാറ്റം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഇന്ത്യൻ സാർസ് കോവി-2 ജീനോമിക്സ് ലാബുകളുടെ കൺേ സാർഷ്യമായ ഇൻസാകോഗ് ആണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പ്രധാന കാരണം ഓമിക്രോൺ സാന്നിധ്യമാണ്. ഇത്തരം കേസുകളിൽ രോഗലക്ഷണം പലർക്കും ഉണ്ടാകുന്നില്ല. അല്ലെങ്കിൽ തീരെ ചെറിയ ലക്ഷണങ്ങളേ ഉണ്ടാകുന്നുള്ളൂ. എന്നാൽ പുതിയ തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടേയും ഐസിയു ചികിത്സ വേണ്ടി വരുന്നവരുടേയും എണ്ണം വർധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭീഷണി മാറ്റമില്ലാതെ നിലനിൽക്കുന്നുണ്ട്. ഓമിക്രോണിന്റെ ബിഎ2 വകഭേദവും ഇന്ത്യയിൽ കണ്ടു വരുന്നതായി ഇൻസാകോഗ് പറയുന്നു.

കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷം

ബംഗലൂരുവിൽ 165 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഓമിക്രോൺ ബാധിതരുടെ എണ്ണം 931 ആയി ഉയർന്നതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു. കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നലെ 42,470 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 26 പേർ വൈറസ് ബാധ മൂലം മരിച്ചു. ബംഗലൂരുവിൽ മാത്രം 17,266 കോവിഡ് കേസുകളാണ് കണ്ടെത്തിയത്.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വാരാന്ത്യ കർഫ്യൂ പിൻവലിച്ചിട്ടുണ്ട്. അതേസമയം രാത്രികാല കർഫ്യൂ തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കോവിഡ് മൂന്നാം തരംഗം മൂർധന്യാവസ്ഥയിലെത്തുമെന്ന് ഐഐടി മദ്രാസിന്റെ പഠനം പറയുന്നു. ജനുവരി 14 മുതൽ 21 വരെയുള്ള ആഴ്ചയിൽ കൊറോണ വൈറസിന്റെ വ്യാപന നിരക്ക് 1.57 ആയി കുറഞ്ഞിട്ടുള്ളതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഇന്നലെ 3,33,533 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.