- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നണി പോരാളികളെ പിരിച്ചുവിട്ടത് അവരുടെ വേദനകൾ കാണാതെ; അധിക ചികിൽസാ കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടി; റിസ്ക് അലവൻസ് കൊടുക്കാനുള്ളത് 15 കോടി; ഒമിക്രോൺ നുഴഞ്ഞു കയറിയാൽ ആരോഗ്യ കേരളത്തിന് അതു വലിയ തലവേദനയാകും; കരുതലുകളിൽ ആലോചന തുടങ്ങി
തിരുവനന്തപുരം: ഒമിക്രോൺ കേരളത്തിലെത്തിയാൽ പ്രതിരോധം പാളും. രാജ്യത്ത് ഏറ്റവും കോവിഡ് വ്യാപനമുള്ള സംസ്ഥാനം കേരളമാണ്. ഡെൽറ്റാ വകഭേദത്തിൽ വലിയ പ്രതിസന്ധിയുണ്ടായി. പ്രതിദിന രോഗികൾ 40000 വരെയായി. മരണ നിരക്കും കൂടി. ഈ സാഹചര്യത്തിൽ ഒമിക്രോണിനെ കേരളത്തിൽ എത്താതെ തന്നെ തടയുന്നതാണ് ഉചിതം. ഇതിന് വേണ്ടിയാണ് വിമാനത്താവളത്തിൽ പരിശോധന കർശനമാക്കുന്നത്. കോവിഡിലെ രണ്ടാം തംരഗത്തിലെ നടുക്കുന്ന ഓർമ്മകൾ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.
നിലവിൽ രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആരിലും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പല രാജ്യങ്ങളിലേക്കും ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചത്. ഇതോടെ കേരളം ജാഗ്രതയിലായി. ഒമിക്രോൺ സാഹചര്യത്തെ എങ്ങനെ നേരിടണമെന്നതിൽ ആരോഗ്യ വകുപ്പ് ആലോചനകൾ തുടങ്ങിയിട്ടുണ്ട്.
കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ചിരുന്നവരെ കൂട്ടത്തോടെ പിരിച്ചുവിടുകയും അധിക ചികിത്സാ കേന്ദ്രങ്ങൾ പൂട്ടുകയും ചെയ്ത കേരളത്തെ പുതിയ കോവിഡ് വകഭേദം ഭീതിയിലാക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമല്ല. രോഗം ഏറെക്കുറെ നിയന്ത്രണവിധേയമായെന്ന കണക്കുകൂട്ടലിൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളെല്ലാം സർക്കാർ അടച്ചുപൂട്ടി. അപ്പോഴും ടിപിആർ എട്ടിന് മുകളിലാണ്. മുന്നണി പോരാളികളായി ജോലി ചെയ്തവരെ പിണക്കിയാണ് സംസ്ഥാനം പിരിച്ചു വിട്ടത്.
തുടക്കത്തിൽ 750ൽ അധികം കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നെങ്കിലും ഘട്ടംഘട്ടമായി അവ കുറയ്ക്കുകയായിരുന്നു. ഒടുവിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചിരുന്ന 160 ചികിത്സാ കേന്ദ്രങ്ങളും കഴിഞ്ഞമാസം പൂട്ടി. സംസ്ഥാനത്ത് കോവിഡിനെതിരേ പട നയിക്കാൻ 25,000 ത്തോളം മുന്നണി പോരാളികളെയാണ് സർക്കാർ കരാർ വ്യവസ്ഥയിൽ നിയമിച്ചിരുന്നത്. മെഡിസിൻ, ദന്തൽ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, എക്സ്റേ, ലാബ് ടെക്നീഷ്യന്മാർ, ശുചീകരണത്തൊഴിലാളികൾ എന്നിവർ ഇതിൽ ഉൾപ്പെട്ടിരുന്നു.
അവരെയെല്ലാം അഞ്ചുമാസത്തിനു മുമ്പു കൂട്ടത്തോടെ പിരിച്ചുവിട്ടു. തുടരാൻ തയ്യാറാണെന്ന് അവർ അറിയിച്ചിട്ടും ആരോഗ്യ വകുപ്പ് വിസമ്മതിക്കുകയായിരുന്നു. എല്ലാവർക്കും ശമ്പളത്തിന്റെ 20 മുതൽ 35 ശതമാനം വരെ റിസ്ക് അലവൻസായി നൽകിയിരുന്നു. അവസാന അഞ്ചുമാസത്തെ ഈ അലവൻസ് ആരോഗ്യ വകുപ്പ് ഇതുവരെ നൽകിയിട്ടില്ല. ഏതാണ്ട് 15 കോടിയോളം രൂപ ഈ വകയിൽ നൽകാനുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണം.
കോവിഡ് വൈറസിന്റെ പുതിയ വകഭേദം 'ഒമിക്രോൺ' തിരിച്ചറിഞ്ഞത് ദക്ഷിണാഫ്രിക്കയിലാണെങ്കിലും ഉറവിടം ലോകത്ത് എവിടെയുമാകാമെന്ന് ഐഎംഎ ദേശീയ കോവിഡ് ഗവേഷണ വിഭാഗം വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. ലോകം മുഴുവൻ ജാഗ്രത തുടരണം. ഡെൽറ്റയേക്കാൾ വേഗം വ്യാപിക്കുമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷണങ്ങളിൽ കാര്യമായ വ്യത്യാസമില്ല. അമിത ആശങ്കയ്ക്ക് അടിസ്ഥാനമില്ല. മുൻകരുതലുകൾ ശക്തമായി തുടരണം. വാക്സിനും മാസ്കും സാമൂഹ്യ അകലവും വായുസഞ്ചാരം മെച്ചപ്പെടുത്തലും അകത്തളങ്ങളിലെ ഒത്തുകൂടൽ ഒഴിവാക്കലും തന്നെയാണ് പ്രധാന പ്രതിരോധമാർഗം -- അദ്ദേഹം പറഞ്ഞു.
ഇതുവരെയുള്ള വകഭേദങ്ങളിൽ ഡെൽറ്റയ്ക്കായിരുന്നു വ്യാപനശേഷി കൂടുതൽ. ദക്ഷിണാഫ്രിക്കയിൽ വോട്ടെങ് പ്രവിശ്യയിൽ ചിലയിടങ്ങളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയതിനെത്തുടർന്നുള്ള പഠനത്തിലാണ് ഒമിക്രോൺ (ബി.1.1.529) വകഭേദം തിരിച്ചറിഞ്ഞത്. അവിടുത്തെ പുതിയ കോവിഡ് ബാധിതരിൽ ഡെൽറ്റ അധികമില്ലെന്ന് പഠനത്തിനു നേതൃത്വം നൽകിയ പ്രൊഫ. ട്യൂലിയോ ഡി ഒലിവേറ പറഞ്ഞു. 70 ശതമാനവും ഒമിക്രോണാണ് കണ്ടെത്തിയത്-- ഡോ. രാജീവ് ജയദേവൻ പറഞ്ഞു.
വൈറസിനു ജനിതകവ്യതിയാനം വന്നാലും ഇപ്പോഴും പ്രധാന കവചം വാക്സിൻതന്നെ. വാക്സിൻ എടുത്തവരിൽ നിശ്ചിത കാലയളവ് കഴിഞ്ഞാൽ ആന്റിബോഡി അളവ് കുറഞ്ഞാലും ഭയപ്പെടേണ്ടതില്ല. അളവ് ക്രമേണ കുറഞ്ഞാലും ആവശ്യം വരുമ്പോൾ ആന്റിബോഡി ഉൽപ്പാദിപ്പിക്കാനുള്ള ഓർമകോശങ്ങൾ (മെമ്മറി സെല്ലുകൾ) ദീർഘകാലം നിലനിൽക്കും. ഹൃദയം, ശ്വാസകോശം, നാഡീവ്യൂഹം, രക്തക്കുഴലുകൾ എന്നിവയുടെ സംരക്ഷണത്തിനുള്ള ടി-കോശങ്ങളും ദീർഘകാലം നിലനിൽക്കും. അതുകൊണ്ടുതന്നെ രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ ഗുരുതര രോഗം തടയാനാകുന്നുണ്ട്. വൈറസിൽ ജനിതകമാറ്റം വന്നാലും ടി--കോശങ്ങൾ നൽകുന്ന സംരക്ഷണത്തിൽ കുറവ് പ്രതീക്ഷിക്കുന്നില്ല-- ഡോ. രാജീവ് ജയദേവൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ