- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമിക്രോൺ അപകടകാരിയല്ല; ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് ലക്ഷണം; പത്തു ദിവസത്തിനുള്ളിൽ താൻ ചികിത്സിച്ച 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണളോടെ പൂർണ രോഗമുക്തി; പുതിയ വൈറസിന്റെ വരവറിയിച്ച ഡോക്ടർ പറയുന്നത് ഇങ്ങനെ; കോവിഡ് ഡെൽറ്റയേക്കാൾ ഭീകരനോ?
പ്രിട്ടോറിയ: കോവിഡ് വൈറസിന്റെ മറ്റൊരു വകഭേദമായ ഒമിക്രോൺ ഭീതിയിലാണ് ലോകം മുഴുവനും. ദക്ഷിണാഫ്രിക്കയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഇതോടെ ലോകം മുഴുവൻ മറ്റൊരു രോഗാവസ്ഥയിലേക്ക് നീങ്ങാതിരിക്കാൻ വേണ്ടിയുള്ള ജാഗ്രത തുടങ്ങി. ലോകജനസംഖ്യയെ ആകെ ബാധിക്കുന്ന ഭീമനെന്ന വിമർശനം ശക്തമാകുമ്പോഴും അത്രയ്ക്ക് ഭയക്കേണ്ട ഭീകരനല്ല ഒമിക്രോൺ എന്നാണ് പുതിയ വൈറസിന്റെ വരവറിയിച്ച ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആംഗെലിക് കൂറ്റ്സീ പറയുന്നത്.
ഒമിക്രോൺ വൈറസ് വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങൾ ഇല്ലെന്നും കൂറ്റ്സി വ്യക്തമാക്കുന്നു. കഴിഞ്ഞ 10 ദിവസമായി തന്റെ കീഴിൽ ചികിത്സയിലുള്ള 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയിൽ കിടക്കാതെ പൂർണ രോഗമുക്തി നേടിയെന്നും അവർ ഞായറാഴ്ച എ.എഫ്.പി വാർത്ത ഏജൻസിയോട് പറഞ്ഞു.
രോഗികളിൽ കൂടുതലും 40 വയസിൽ താഴെയുള്ളവരാണ്. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് അവർക്കുണ്ടായതെന്ന് ഡോക്ടർ പറഞ്ഞു. ഈ മാസം 18നാണ് ഡെൽറ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിന്റെ സാന്നിധ്യത്തെപ്പറ്റി കൂറ്റ്സി അധികൃതരെ അറിയിച്ചത്. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി1.1.529 എന്ന വൈറസാണെന്ന് ഈ മാസം 25ന് സ്ഥിരീകരിച്ചത്.
പിന്നീടാണ് ലോകമാകെ പുതിയ വൈറസ് ഭീതി പരന്നത്. എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തിൽ ഇല്ലാത്ത ഭീഷണി കലർത്തി അതിനെ അവതരിപ്പിച്ചത് നിർഭാഗ്യകരമാണെന്നും തങ്ങൾ ഈ രീതിയിൽ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. വാക്സിൻ എടുക്കാത്തവർക്കും നേരിയ ലക്ഷണങ്ങളേ കാണാനുള്ളൂ. യൂറോപ്പിലെ പലർക്കും ഈ വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നും അവർ പറഞ്ഞു.
അതേസമയം, ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ)വൈറസിന്റെ പൂർണ വിവരങ്ങൾ കണ്ടെത്തിയിട്ടില്ല. കോവിഡ് ഡെൽറ്റാ വൈറസിനേക്കാൾ അപകടകാരിയാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. അതേസമയം വൈറസിനെ കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും കോവിഡ് വന്നവർക്ക് വീണ്ടും ഒമിക്രോൺ ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു. എന്നാൽ ഡെൽറ്റ വകഭേദത്തേക്കാൾ അതിവേഗം പടരുന്നതാണോ കൂടുതൽ മാരകമാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല.
യൂറോപ്പിൽ ഒമിക്രോൺ വകഭേദം നേരത്തെ വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് ദക്ഷിണാഫ്രിക്കയിൽ ഡോക്ടർമാർ പറയുന്നു. അതിനെ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞരും ഡോക്ടർമാരും പരാജയപ്പെടുകയായിരുന്നെന്നും അവർ പറയുന്നു. ഒമിക്രോൺ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങൾ പരാജയപ്പെട്ടിടത്ത് വിജയിച്ച ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തരുതെന്ന് അവർ ആവശ്യപ്പെട്ടു.
യാത്രാ നിരോധനങ്ങൾക്കെതിര ദക്ഷിണാഫ്രിക്ക
കോവിഡ് -19 പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി കണ്ടെത്തിയതിന്റെ പേരിൽ രാജ്യത്തെ ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക അഭ്യർത്ഥിച്ചു. ഒമിക്രോൺ രോഗബാധയുടെ പേരിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് തങ്ങളോടുള്ള വിവേചനം ആണെന്നും വിലക്ക് പിൻവലിക്കണമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ പറഞ്ഞു. ശാസ്ത്രീയമായി നീതീകരിക്കാനാവാത്തതാണ് ഈ യാത്രാ നിരോധനം. നെതർലാൻഡ്, ഡെന്മാർക്ക്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റാമഫോസയുടെ പ്രതികരണം. ലോക രാജ്യങ്ങൾ ബ്ലാക് ലിസ്റ്റിൽ പെടുത്തിയതോടെയാണ് പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്.
അതേസമയം, ഒമിക്രോൺ വകഭേദം പടർന്നു പിടിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തി. വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിയതോടെ അമേരിക്ക എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി. കാനഡ, സൈപ്രസ് , ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്കും പ്രവേശനവിലക്ക് ഏർപ്പെടുത്തി. യു.എ.ഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി.
ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തി. മലാവി, സാംബിയ, മഡഗസ്സ്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമൗറോസ് എന്നീ രാജ്യങ്ങിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങളാണ് വിലക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദി അറേബ്യയിൽ വിലക്ക് ഏർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 14 ആയി.
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളിൽ നിന്നും തിരിച്ചുമുള്ള സർവീസുകൾക്കാണ് സൗദി നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യുഎഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് കുവൈത്ത് വിലക്ക് ഏർപ്പെടുത്തി.
മറുനാടന് ഡെസ്ക്