- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമിക്രോൺ വ്യാപന സാധ്യത; സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കർശന പരിശോധന; വിദേശത്ത് നിന്നും വരുന്നവർക്ക് ഏഴ് ദിവസം ക്വാറന്റൈൻ; യാത്രക്കാർക്കെല്ലാം ആർടിപിസിആർ; കേന്ദ്രം മാർഗരേഖ പുതുക്കുന്നു; അതിജാഗ്രത നിർദ്ദേശം
തിരുവനന്തപുരം/ന്യൂഡൽഹി: കൊറോണ വൈറസിന്റെ മാരക വ്യാപന ശേഷിയുള്ള പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തു നിന്നെത്തുന്നവർ ഏഴ് ദിവസം കർശനമായി ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന സർക്കാർ. വിദേശത്ത് നിന്നും എത്തുന്നവർ കോവിഡ് പോസിറ്റീവായാൽ ജനിതക ശ്രേണീകരണത്തിനു സാംപിൾ അയയ്ക്കണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാനങ്ങൾക്ക് ലഭിച്ചു. ഇതോടെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി.
ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്വെ, സിംഗപൂർ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ടു യാത്രാ ചരിത്രം ഉള്ളവർക്കുമാണ് പരിശോധന കർശനമാക്കിയത്. ഇവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരുമായി സമ്പർക്കം വന്നവരിലും നിരീക്ഷണമുണ്ടാകും.
ആദ്യഘട്ടം ഇവരിൽ ആർടിപിസിആർ പരിശോധന നടത്തും. തുടർന്ന് ഇവർക്ക് ഏഴു ദിവസത്തെ ക്വാറന്റൈൻ നിർദ്ദേശിക്കും. എട്ടാം ദിവസം വീണ്ടും ആർടിപിസിആർ ടെസ്റ്റ് നടത്തും. വീണ്ടും പോസിറ്റീവായാൽ ഏഴു ദിവസം കൂടി ക്വാറന്റൈൻ തുടരേണ്ടി വരും.
ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാന്പിളുകൾ ഇന്ത്യൻ സാർസ് കോവിഡ് -2 ജീനോമിക് കൺസോർഷ്യത്തിനു കീഴിലെ ജീനോം സീക്വൻസിങ് ലബോറട്ടറികളിൽ വിദഗ്ധ പരിശോധനക്കായി അയക്കും.
ഒമിക്രോൺ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഊർജിത നടപടികൾ സ്വീകരിക്കാനും കർശന നിരീക്ഷണം ഏർപ്പെടുത്താനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
വാക്സിനേഷൻ കൂടുതലാളുകളിലേക്ക് എത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡിന്റെ ജനിതക വ്യതിയാനം വന്ന വൈറസ് വകഭേദം ഒമിക്രോൺ ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്.
ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ''അറ്റ് റിസ്ക്'' പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടർനടപടികൾക്കു വേണ്ടിയാണിത്.
ഊർജിത നടപടി, സജീവ നിരീക്ഷണം, വാക്സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കൽ, കോവിഡ് അനുയോജ്യ പെരുമാറ്റം എന്നിവ ഫലപ്രദമായി നടപ്പാക്കേണ്ടത് ആശങ്കയുണർത്തുന്ന ഈ വകഭേദത്തെ കൈകാര്യം ചെയ്യാൻ അനിവാര്യമാണ്- ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അന്താരാഷ്ട്ര വിമാനങ്ങളിൽ എത്തുന്നവരുടെ യാത്രാവിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തിൽ അവലോകനം ചെയ്യാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനത്തെ തടയാൻ പരിശോധനയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണം. ചില സംസ്ഥാനങ്ങളിൽ ആകെ പരിശോധനയും ആർ.ടി.പി.സി.ആർ. പരിശോധനാ അനുപാതവും കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് പരിശോധന നടത്താതിരുന്നാൽ രോഗവ്യാപനത്തിന്റെ ശരിയായ തോത് മനസ്സിലാക്കാൻ സാധിക്കാതെ പോകുമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
ഹോട്ട് സ്പോട്ടുകൾ അല്ലെങ്കിൽ ഈയടുത്ത് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തയിടങ്ങളിൽ നിരീക്ഷണം തുടരണം. എല്ലാ പോസിറ്റീവ് സാമ്പിളുകളും ജീനോം സീക്വൻസിങ്ങിനായി അയക്കണമെന്നും നിർദ്ദേശമുണ്ട്.
ഒമിക്രോൺ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തിൽ കോവിഡ് മാർഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാവും പുതിയ മാർഗരേഖ.
ലോക രാഷ്ട്രങ്ങളും ഒമിക്രോൺ ഭീതിയിലാണ്. ദക്ഷിണാഫ്രിക്കയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഓസ്ട്രേലിയയിലും ഇസ്രയേലിലും യുകെയിലും രോഗബാധ സ്ഥിരീകരിച്ചു. കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കർശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും തുടരാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞയാഴ്ചത്തെക്കാൾ 263 ശതമാനം വർധിച്ചിരിക്കുകയാണ്. യുകെയിലും ഓസ്ട്രേലിയയിലും രണ്ടുപേരിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇസ്രയേൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി.
കർശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും തുടരാൻ ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദ്ദേശം നൽകി. വാക്സിനേഷൻ വർധിപ്പിക്കാനും രാജ്യാന്തര യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു.
രോഗ വ്യാപനം, വാക്സീന്റെ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച പരിശോധനകൾ തുടരുകയാണെന്നും വാക്സീൻ വിതരണത്തെ പുതിയ സാഹചര്യം ബാധിക്കരുതെന്നും ഐസിഎംആർ നിർദ്ദേശിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഡൽഹി സർക്കാർ നാളെ ദുരന്ത നിവാരണ അതോരിട്ടി യോഗം വിളിച്ചിട്ടുണ്ട്.
ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തണമെന്ന ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളും വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി, പോസിറ്റീവ് ആയവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കുന്നുണ്ട്.
രാജ്യാന്തര വിമാനസർവീസുകൾ പുനരാരംഭികുന്നതും, യാത്രക്ക് നൽകിയ ഇളവുകൾ പുനപരിശോധിക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും. ചില രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണം തുടരാനാണ് സാധ്യത.
മറുനാടന് മലയാളി ബ്യൂറോ