ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ രോഗ ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ആശങ്ക ഏറുന്നു. കോവിഡ് കേസുകളിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച മാത്രം 16,700 പേർക്കാണ് പുതുതായി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച സ്ഥിരീകരിച്ച പുതിയ കേസുകളെക്കാൾ 27 ശതമാനം കൂടുതലാണ് വ്യാഴാഴ്ച സ്ഥിരീകരിച്ച രോഗികളുടെ എണ്ണം. കോവിഡ് മൂന്നാം തരംഗമെന്ന ആശങ്കയോടെയാണ് രാജ്യം പുതുവർഷത്തിലേക്ക് കടക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര ഇരട്ടി കൂടി. പുതുവത്സര രാത്രിയിലെ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പ്രധാന നഗരങ്ങളിലെല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു.

ഓമിക്രോൺ ബാധിതരുടെ എണ്ണം 1270 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയിൽ 420ഉം ഡൽഹിയിൽ 320ഉം രോഗികളുണ്ട്. 109 രോഗികളുള്ള കേരളമാണ് ഓമിക്രോൺ ബാധിതരുടെ എണ്ണത്തിൽ മൂന്നാമത്. ഒന്നര മുതൽ മൂന്ന് ദിവസം കൊണ്ട് ഓമിക്രോൺ വ്യാപനം ഇരട്ടിയാകുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

നിലവിൽ ഡൽഹിയിൽ സ്ഥിരീകരിച്ച ഓമിക്രോൺ കേസുകളിൽ 60 ഓളം കേസുകളുടെ സമ്പർക്കപട്ടികയോ യാത്രവിവരങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. 60 ഓളം കേസുകളിൽ അന്താരാഷ്ട്ര യാത്രയോ ഒരു അന്താരാഷ്ട്ര യാത്രക്കാരനുമായി സമ്പർക്കമോ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഡൽഹി ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഓമിക്രോണിന്റെ വ്യാപനം കോവിഡ് കണക്കിലും പ്രതിഫലിച്ചു. പ്രതിദിന രോഗികളുടെ എണ്ണം പതിമൂവായിരത്തിൽ നിന്ന് പതിനാറായിരത്തി എഴുന്നൂറ്റി അറുപത്തി നാലിലെത്തി. എഴുപത്തിയൊന്ന് ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന വർധനയാണിത്. തിങ്കളാഴ്‌ച്ച ആറായിരത്തി ഇരുന്നൂറ്റി നാല്പത്തി രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോൾ പതിനാറായിരത്തിലേക്ക് കണക്കെത്തി.

ഒക്ടോബർ 20 ന് ശേഷം ഇന്ത്യയിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഏറ്റവും ഉയർന്ന കണക്കാണ് ഡിസംബർ 30 ന് സ്ഥിരീകരിച്ചത്. ബുധനാഴ്ച 13,180 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.

മുംബൈ, ഡൽഹി, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെല്ലാം കേസുകൾ വർധിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കുറവുള്ളത്. മഹാരാഷ്ട്രയിൽ ഒരു ദിവസം 40% വർധനവാണ് കോവിഡ് കേസുകളിൽ ഉണ്ടാവുന്നത്. ബംഗാളിൽ ഒരു ദിവസം കൊണ്ട് കോവിഡ് കേസുകൾ ഇരട്ടിയായി.

കേരളത്തിൽ 2,423 കേസുകൾ രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ ആഴ്ചകളെക്കാൾ കോവിഡ് കേസുകൾ കുറയുകയാണ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ പരിശോധനയിൽ എണ്ണം കുറഞ്ഞതാണ് രോഗം സ്ഥിരീകരിക്കുന്നതിൽ കുറവ് വരുത്തുന്നത് എന്ന വിമർശനവുമുണ്ട്. തമിഴ്‌നാട്ടിൽ 890 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, നവംബർ 4 ന് ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.

ഡൽഹിയിൽ ഏഴുമാസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ആയിരം കടന്നത്. ഓമിക്രോൺ ഭീഷണിയുള്ളതിനാൽ പുതുവത്സര ആഘോഷങ്ങൾക്കും പിടി വീണു. ഒട്ടുമിക്ക സംസ്ഥാനങ്ങളും രാത്രി പത്ത് മുതൽ 5 വരെ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.

ശനിയാഴ്ച മുതൽ കൗമാരക്കാർക്ക് വാക്‌സിനേഷന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് തുടങ്ങാം. ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി ഏത് വാക്‌സിൻ നൽകണമെന്നതിൽ തീരുമാനമായില്ല എന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു.