തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോൺ' കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദ്ദേശമുസരിച്ച് മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യു.കെ. ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്‌ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നതായിരിക്കും. ഇവർക്ക് വിമാനത്താവളങ്ങളിൽ അർടിപിസിആർ പരിശോധന നടത്തുന്നതാണ്. പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കിൽ ഹോം ക്വാറന്റീനിലായിരിക്കണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും 7 ദിവസം വരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാൽ അവരെ പ്രത്യേകം സജ്ജീകരിച്ച വാർഡുകളിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തും. അവർക്കായി പ്രത്യേകം വാർഡുകൾ ക്രമീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനം ജീനോമിക് സർവയലൻസ് നേരെത്തെ തന്നെ തുടർന്നു വരികയാണ്. ജിനോമിക് സർവലൻസ് വഴി കേരളത്തിൽ ഇതുവരേയും ഒമിക്രോൺ വേരിയന്റ് കണ്ടെത്തിയിട്ടില്ല. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ 5 ശതമാനം പേരുടെ സാമ്പിളുകൾ ഇത്തരത്തിൽ പരിശോധനയ്ക്ക് അയക്കണമെന്നാണ് കേന്ദ്രത്തിന്റെ മാർഗ നിർദ്ദേശം. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരും സ്വയം നിരീക്ഷണം നടത്തണം.

നാല് വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവർ മറ്റ് ഡിപ്പാർട്ടുമെന്റുകളുമായി സഹകരിച്ച് ക്വാറന്റൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നതാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാവരും കോവിഡ് മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്സിനെടുക്കാത്തവർ എത്രയും വേഗം വാക്സിൻ എടുക്കേണ്ടതാണ്.

നിലവിൽ 96 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്സിനും 64 ശതമാനത്തോളം പേർ രണ്ടാം ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. കോഡിഡ് വന്നവർക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്സിൻ എടുത്താൻ മതി. വാക്സിൻ എടുക്കാൻ കാലതാമസം വരുത്തുന്നവരെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ പ്രവർത്തകർ നേരിട്ട് ബന്ധപ്പെട്ട് വാക്സിനെടുക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രണ്ടാം ഡോസ് വാക്സിനും അനിവാര്യമാണ്. ഇനിയും ആരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കിൽ ഉടൻ വാക്സിനെടുക്കണം. വാക്സിനെടുക്കാത്ത അദ്ധ്യാപകർക്കായി പ്രത്യേക സൗകര്യമൊരുക്കുന്നതാണ്.

കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് സംസ്ഥാനം നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളിൽ ഓക്സിജൻ സ്വയംപര്യാപ്തത കൈവരിക്കാനായി.

അട്ടപ്പാടിയിൽ ആരോഗ്യ വകുപ്പും എസ്.ടി. വകുപ്പും യോജിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണ്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പരമാവധി സൗകര്യമൊരുക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മികച്ച ചികിത്സാ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.

ദത്ത് നടപടിയിൽ അന്വേഷണ റിപ്പോർട്ടിനെ പറ്റി പ്രചരിക്കുന്നത് ഊഹാപോഹമാണ്. വസ്തുനിഷ്ഠമായ റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ട് സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.