ജനീവ: ആഗോള വ്യാപനവും ഉയർന്ന തോതിലുള്ള വ്യതിയാനങ്ങളും കൊണ്ട് കോവിഡ് മഹാമാരിയുടെ ഗതിമാറ്റത്തിന് തന്നെ ഓമിക്രോൺ വകഭേദം കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറഞ്ഞു. 57 രാജ്യങ്ങളിൽ ഇതിനകം റിപ്പോർട്ട് ചെയ്ത ഓമിക്രോൺ വകഭേദം മുൻ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വേഗം പടരാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഓമിക്രോൺ വകഭേദത്തിന്റെ വ്യാപനനിരക്ക് ക്രമമായി ഉയരുന്നതായാണ് റിപ്പോർട്ടുകളെന്നും മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനനിരക്കിലെ വർധന കണക്കാക്കി വരുന്നതേയുള്ളുവെന്നും ഡബ്യുഎച്ച്ഒ മേധാവി പറഞ്ഞു.കോവിഡ് ഒരിക്കൽ ബാധിച്ചവരിൽ വീണ്ടുമൊരു അണുബാധയ്ക്ക് ഓമിക്രോൺ കാരണമാകാമെന്നാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആദ്യ ഡേറ്റകൾ സൂചിപ്പിക്കുന്നതെങ്കിലും ഇത് സ്ഥിരീകരിക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ലഘുവായ രോഗലക്ഷണങ്ങളാണ് ഇതു വരെയും ഓമിക്രോൺ ബാധിതരിൽ ഉണ്ടായേക്കുന്നതെന്ന് ചില രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അത്തരം നിഗമനങ്ങളിലേക്ക് എത്തിച്ചേരാൻ സമയമായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. വ്യാപനശേഷി കൂടുന്നത് മൂലം വൈറസ് മൂലമുള്ള അണുബാധയുടെ തീവ്രത കുറയുമെന്ന് കരുതുന്നില്ലെന്ന് ഡബ്യുഎച്ച്ഒ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക് റയാൻ പറയുന്നു.

ഓമിക്രോൺ നിലവിലെ വാക്‌സീനുകളുടെ കാര്യക്ഷമത ഗണ്യമായി കുറച്ചെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഡബ്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനും പറയുന്നു. ഇത്തരം കാര്യങ്ങളിൽ ഇതു വരെയും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. കോവിഡ് നിരീക്ഷണവും, പരിശോധനയും വൈറസിന്റെ ജനിതക സീക്വൻസിങ്ങും വർധിപ്പിക്കാനും ഡബ്യുഎച്ച്ഒ ക്ലിനിക്കൽ ഡേറ്റ പ്ലാറ്റ്‌ഫോമിലേക്ക് ഇത് സംബന്ധിച്ച് കൂടുതൽ ഡേറ്റ കൈമാറാനും ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.