- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടര ഇരട്ടി വർധന; ആയിരം കടന്ന് രാജ്യത്തെ ഓമിക്രോൺ ബാധിതർ; പുതുവത്സര രാത്രിക്കായി പ്രധാന നഗരങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ; 2022 പുലരുക കർശന നിയന്ത്രണങ്ങളോടെ; കൗമാരക്കാർക്കുള്ള വാക്സിനേഷൻ നാളെ തുടങ്ങും
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗമെന്ന ആശങ്കയോടെയാണ് രാജ്യം പുതുവർഷത്തിലേക്ക് കടക്കുന്നത്.രാജ്യത്ത് ഓമിക്രോൺ ബാധിതരുടെ എണ്ണം ആയിരം കടന്നു.രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി 1270 ഓമിക്രോൺ ബാധിതരാണുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഓമിക്രോൺ ബാധിതരുള്ളത്. 450 പേർക്കാണ് ഇവിടെ ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ഡൽഹിയിൽ 320 പേർക്കും ഇതുവരെ ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
64 ദിവസത്തിനു ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനാറായിരം കടക്കുന്നത്. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,48,38,804 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,81,080 ആയി.
പ്രതിദിന കോവിഡ് കേസുകളിലും 27 ശതമാനം വർധനയുണ്ടായി.രാജ്യത്ത് 16,764 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ 91,361 സജീവ രോഗികളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.മൂന്ന് ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര ഇരട്ടി കൂടി. ഇതോടെ പുതുവത്സരരാത്രിക്കായി പ്രധാന നഗരങ്ങളിലെല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു.
ഓമിക്രോൺ ബാധിതരുടെ എണ്ണം 1270 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയിൽ 420ഉം ഡൽഹിയിൽ 320ഉം രോഗികളുണ്ട്. 109 രോഗികളുള്ള കേരളമാണ് ഓമിക്രോൺ ബാധിതരുടെ എണ്ണത്തിൽ മൂന്നാമത്. ഒന്നര മുതൽ മൂന്ന് ദിവസം കൊണ്ട് ഓമിക്രോൺ വ്യാപനം ഇരട്ടിയാകുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
ഒമിക്രോണിന്റെ വ്യാപനം കോവിഡ് കണക്കിലും പ്രതിഫലിച്ചു. പ്രതിദിന രോഗികളുടെ എണ്ണം പതിമൂവായിരത്തിൽ നിന്ന് പതിനാറായിരത്തി എഴുന്നൂറ്റി അറുപത്തി നാലിലെത്തി. എഴുപത്തിയൊന്ന് ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന വർധനയാണിത്. തിങ്കളാഴ്‌ച്ച ആറായിരത്തി ഇരുന്നൂറ്റി നാല്പത്തി രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോൾ പതിനാറായിരത്തിലേക്ക് കണക്കെത്തി.
ഡൽഹിയിൽ ഏഴുമാസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ആയിരം കടന്നത്.ഓമിക്രോൺ ഭീഷണിയുള്ളതിനാൽ പുതുവത്സര ആഘോഷങ്ങൾക്കും പിടി വീണു. ഒട്ടുമിക്ക സംസ്ഥാനങ്ങളും രാത്രി പത്ത് മുതൽ 5 വരെ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഓമിക്രോൺ ഭീതിയിൽ സംസ്ഥാനത്തും പുതുവർഷത്തോടനുബന്ധിച്ച് നിയന്ത്രണങ്ങൾ കർശനമാക്കി. വ്യാഴാഴ്ച മുതൽ കേരളത്തിൽ രാത്രികാല കർഫ്യു നിലവിൽ വന്നു. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ശബരിമല, ശിവഗിരി തീർത്ഥാടകരൊഴികെ മറ്റുള്ളവർ രാത്രി പുറത്തിറങ്ങിയാൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയിൽ കരുതണമെന്നാണ് നിർദ്ദേശം. അനാവശ്യ യാത്രകൾക്കെതിരെ കർശനമായ നടപടിയെടുക്കാനാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിർദ്ദേശം.
പകൽ സമയങ്ങളിൽ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനാനുമതി. രാത്രികാല കർഫ്യു നിലവിൽ വന്നതിനാൽ പത്ത് മണിക്ക് ശേഷം പൊതുയിടങ്ങളിൽ കൂടിച്ചേരലുകളും വിലക്കുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം. ജനുവരി രണ്ടു വരെ നിയന്ത്രണങ്ങൾ തുടരും.
കൊച്ചിൻ കാർണിവലിന് മുടക്കം വരാതിരിക്കാൻ കയാക്കിങ് പോലുള്ള ചെറിയ പരിപാടികൾ മാത്രമാണ് ഇക്കുറി സംഘടിപ്പിച്ചത്. വിപുലമായ ആഘോഷങ്ങളടക്കം ഒഴിവാക്കി. നവംബർ, ഡിസംബർ മാസങ്ങളിൽ സാധാരണയായി സഞ്ചാരികളുടെ ഒഴുക്കായിരുന്നു ഫോർട്ട് കൊച്ചിയിലേക്ക്. എന്നാൽ ഇത്തവണ വിദേശ വിനോദ സഞ്ചാരികളും വരവും ഗണ്യമായി തന്നെ കുറഞ്ഞിരിക്കുകയാണ്.
രാത്രി 10 മണിക്ക് ശേഷം ഡി.ജെ. പാർട്ടികളടക്കമുള്ളവയ്ക്ക് കർശനമായ നിയന്ത്രണമുണ്ടാകും. ലഹരി മരുന്ന് പാർട്ടികൾ നടക്കുന്നുണ്ടോയെന്ന് കർശന പരിശോധനകളുണ്ടാകും. എക്സൈസ്, പൊലീസ്, എൻ.സി.ബി. സംഘങ്ങൾ നിരീക്ഷണം നടത്തും.
അതേസമയം നാളെ മുതൽ കൗമാരക്കാർക്ക് വാക്‌സിനേഷന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് തുടങ്ങാം. ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി ഏത് വാക്‌സിൻ നൽകണമെന്നതിൽ തീരുമാനമായില്ല എന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു
മറുനാടന് മലയാളി ബ്യൂറോ