- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാത്രികാല കർഫ്യു നടപ്പാക്കാനൊരുങ്ങി കൂടുതൽ സംസ്ഥാനങ്ങൾ; രാജ്യത്ത് ഓമിക്രോൺ ബാധിതരുടെ എണ്ണം 400 കടന്നു; കൂടുതൽ കേസ് മഹാരാഷ്ട്രയിൽ; പുതുവത്സാരഘോഷങ്ങൾക്കും നിയന്ത്രണം വന്നേക്കും; സംസ്ഥാനത്തും ജാഗ്രത നിർദ്ദേശം; ഓമിക്രോൺ ആശങ്കയിൽ നിയന്ത്രണങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ് ബാധിതരുടെ കണക്ക് 400 ന് അടുത്തെത്തി. രോഗ വ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മഹാരാഷ്ട്രയിൽ മാത്രം ഓമിക്രോൺ ബാധിതരുടെ എണ്ണം 100 കടന്നു. സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓമിക്രോൺ ബാധിതരുടെ എണ്ണം ഇരട്ടിയാകാൻ ഒന്നര മുതൽ മൂന്ന് ദിവസമാണ് എടുക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് എന്നാണ് റിപ്പോർട്ട്. ഓമിക്രോൺ വ്യാപനം കൂടുന്നു എന്ന വിലയിരുത്തലാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി രാജ്യത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലുണ്ടായത്.
യുപിയിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നരുടെ എണ്ണം ഇരുന്നൂറാക്കി ചുരുക്കി. ആഘോഷ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ ഡൽഹിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ച ഒരു ഹോട്ടൽ ദുരന്ത നിവാരണ അഥോറിറ്റി അടച്ചു പൂട്ടി. കർണാടകത്തിലും മഹാരാഷ്ട്രയിലും പൊതു സ്ഥലങ്ങളിലെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഒമിക്രോണിന് ഡെൽറ്റയെക്കാൾ വ്യാപനശേഷി ഉണ്ടെന്നും, രോഗവ്യാപനം തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമുള്ള കേന്ദ്ര നിർദ്ദേശത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങളുടെ നടപടി. രാജ്യത്ത് ഇതുവരെ 140 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തു. രാജസ്ഥാനിലെ ബാർമെറിൽ വാക്‌സിൻ വിതരണത്തിനായി ഒട്ടകപ്പുറത്ത് പോയ ആരോഗ്യ പ്രവർത്തകയെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ അഭിനന്ദിച്ചു. ദൃഢനിശ്ചയവും ആത്മാർത്ഥതയും സമ്മേളിക്കുന്നു എന്ന തലക്കെട്ടോടെയാണ് മന്ത്രി ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.
ഡൽഹിയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവിൽ ഒന്നോ രണ്ടോ ആയിരുന്ന കോവിഡ് രോഗികളുടെ എണ്ണം 180 ആയാണ് കഴിഞ്ഞ ദിവസം വർധിച്ചത്. ഡൽഹിയുടെ സമീപ പ്രദേശങ്ങളിലും രാത്രി കർഫ്യു പുനഃസ്ഥാപിക്കുന്ന സാഹചര്യമാണ് ഉള്ളത്.
ക്രിസ്മസ്-പുതുവത്സരവുമായി ബന്ധപ്പെട്ട തിരക്കുകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കത്തിലാണ് ഡൽഹി സർക്കാർ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ വാക്സിനെടുക്കാത്ത ആരെയും നഗരത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഉത്തർപ്രദേശിൽ പൊതുപരിപാടികൾക്കും വിവാഹങ്ങൾക്കുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എത്തുന്ന മുഴുവൻ വിദേശയാത്രികരെയും കോവിഡ് പരിശോധന നടത്തുന്ന കാര്യവും തമിഴ്‌നാട് പരിഗണിക്കുന്നുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ഒമൈക്രോണുമായി ബന്ധപ്പെട്ട് മറ്റൊരു അവലോകന യോഗം കൂടെ വിളിച്ച് ചേർത്തിട്ടുണ്ട്. സംസ്ഥാനങ്ങളുമായി ആലോചിച്ച് എന്തൊക്കെ നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ വേണം എന്ന കാര്യം യോഗത്തിൽ തീരുമാനിക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിലൊക്കെ ന്യൂയർ ആഘോഷങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും
മറുനാടന് മലയാളി ബ്യൂറോ