ന്യൂഡൽഹി: രാജ്യത്തെ ഓമിക്രോൺ ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുമ്പോൾ ആശങ്കയറിയിച്ച് കേന്ദ്രം.വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. കോവിഡ് വാക്സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാനുമാണ് നിർദ്ദേശം.

ഡൽഹി, ഹരിയാന, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്രാ, ഗുജറാത്ത്, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കാണ് കത്തയച്ചത്. രാജ്യത്തെ 14 നഗരങ്ങളിലായി കോവിഡ് കേസുകൾ പെട്ടെന്ന് വർധിക്കുന്ന സാഹചര്യമാണുള്ളതെന്നും വർധിച്ച മരണനിരക്ക് ഒഴിവാക്കാൻ ഇപ്പോൾ നടപടികൾ കൈക്കൊള്ളണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

നിലവിൽ 961 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ഓമിക്രോൺ ബാധിതരുള്ള സംസ്ഥാനം ഡൽഹിയാണ്. 263 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 252 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 268 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം പ്രതിരോധ നടപടികൾ കർശനമാക്കാൻ നിർദ്ദേശം നൽകിയത്. രാജ്യത്ത് ഒരു മാസത്തിനു ശേഷമാണ് കോവിഡ് കേസുകൾ 10,000 കടക്കുന്നത്.

അതേസമയം ഡൽഹിയിൽ ഓമിക്രോൺ വൈറസ് സമൂഹവ്യാപനത്തിലേക്ക് നീങ്ങുന്നതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ മുന്നറിയിപ്പ്. വിദേശയാത്ര ചെയ്യാത്തവർക്കും രോഗബാധ സ്ഥിരീകരിക്കുകയാണ്. ഇതിനാൽ ഓമിക്രോൺ വകഭേദം സമൂഹവ്യാപനമാകുന്നതായാണ് സൂചന നൽകുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിദേശ യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്ക് പോലും രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡൽഹിയിൽ പുതിയ കോവിഡ് കേസുകളിൽ 46 ശതമാനവും ഇപ്പോൾ ഓമിക്രോൺ വൈറസാണ്. ഈ കേസുകളിൽ കേവലം 115 പേർക്ക് മാത്രമാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. മറ്റുള്ളവർക്ക് ഇത്തരത്തിലുള്ള യാത്രാ പശ്ചാത്തലമില്ലെന്നും മന്ത്രി വ്യക്തമാക്കി.