- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരിയമ്മയും പിള്ളയും ജോർജും പുറത്തായത് അവർ പോലും അറിയാതെ; ആർഎസ്പിയും ദള്ളും അകത്തായത് സിപിഐ(എം) സ്വപ്നം കാണാതെയും; പ്രയോജനം ഇല്ലാത്ത നേതാക്കളെ അവർ പോലും അറിയാതെ പുറത്താക്കിയും വേണ്ടപ്പെട്ടവരെ അവരറിയാതെ വിളിച്ചു കേറ്റിയും ഉമ്മൻ ചാണ്ടിയുടെ തേരോട്ടം; രണ്ടു എംഎൽഎമാരെയും സിപിഐയേയും ഓർത്തും സിപിഎമ്മിന് പേടി
തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന് വല്ലാത്ത ഭയമാണ്. ഉമ്മൻ ചാണ്ടിയുടെ സൂത്രശാലത്തിൽ രൂപപ്പെടുന്ന തന്ത്രങ്ങൾ ഏന്താണ് എന്ന് പോലും അറിയില്ല. രണ്ട് സിപിഐ(എം) നേതാക്കളും സിപിഐയും വലതു പക്ഷത്തേക്ക് പോകുമെന്ന പ്രചാരണം കൂടി ശക്തമായതോടെ സിപിഐ(എം) തലവേദനയിലാണ്. ആർഎസ്‌പിയേയും ദള്ളിനേയും കേരളാ കോൺഗ്രസിനേയും ഇങ്ങോട്
തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന് വല്ലാത്ത ഭയമാണ്. ഉമ്മൻ ചാണ്ടിയുടെ സൂത്രശാലത്തിൽ രൂപപ്പെടുന്ന തന്ത്രങ്ങൾ ഏന്താണ് എന്ന് പോലും അറിയില്ല. രണ്ട് സിപിഐ(എം) നേതാക്കളും സിപിഐയും വലതു പക്ഷത്തേക്ക് പോകുമെന്ന പ്രചാരണം കൂടി ശക്തമായതോടെ സിപിഐ(എം) തലവേദനയിലാണ്. ആർഎസ്‌പിയേയും ദള്ളിനേയും കേരളാ കോൺഗ്രസിനേയും ഇങ്ങോട്ട് കൊണ്ടു വന്ന് പിടിച്ചു നൽക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് ഉമ്മൻ ചാണ്ടിയുടെ പുതിയ നീക്കങ്ങൾ പുറത്തു വരുന്നത്. ഇന്നലെ മുതലാണ് ഇടതുസ്വതന്ത്രനായി വിജയിച്ച കെ ടി ജലീൽ എംഎൽഎയും എ എം ആരിഫ് എംഎൽഎയെയും യുഡിഎഫ് നോട്ടമിട്ടു എന്ന വിധത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇതോടെ സിപിഎമ്മിന്റെ നെഞ്ചിടിപ്പ് കൂടുകയാണ് ചെയ്തത്.
ഇടതു പക്ഷത്തെ രണ്ട് എംഎൽഎമാരെ വട്ടമിട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആളുകൾ സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു പേരേയും ഭരണ മുന്നണിയിലെത്തിക്കാനാണ് കരുനീക്കം. കൂറുമാറില്ലെന്ന് ഈ രണ്ട് എംഎൽഎമാരും ആവർത്തിക്കുന്നുണ്ടെങ്കിലും സിപിഐ(എം) ഭയത്തിലാണെന്നുമായിരുന്നു വാർത്തകൾ. ഇതിന് പുറമേയാണ് ഇടതു പക്ഷത്ത് നിന്ന് സിപിഐയെ അടർത്തിയെടുക്കാനുള്ള തന്ത്രം. അരുവിക്കരയിൽ ബിജെപിയുണ്ടാക്കിയ നേട്ടം വരുന്ന തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തുടനീളം സംഭവിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. അതുകൊണ്ട് തന്നെ രണ്ട് എംഎൽഎമാരും സിപിഐയും വലതു പക്ഷത്തേക്ക് ചുവടുമാറുന്നതാണ് നല്ലതെന്ന് വരുത്താനാണ് നീക്കം. സിപിഐയിലെ ഒരു പ്രമുഖനുമായി ഇതു സംബന്ധിച്ച ചർച്ചകൾ തുടങ്ങിയെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.
ആലപ്പുഴയിലെ അരൂരിൽ നിന്നുള്ള എംഎൽഎയാണ് എ എം ആരിഫ്. അരൂരിൽ ചില വിഭാഗീയ പ്രശ്‌നങ്ങൾ നിലവിലുണ്ട്. അതുകൊണ്ട് തന്നെയായാണ് ഇവരെ യുഡിഎഫ് നോട്ടമിടുന്നത്. രണ്ട് തവണ എംഎൽഎ ആയതിനാൽ ആലപ്പുഴയിലെ സിപിഐ(എം) ശക്തിയായ ജി സുധാകരന്റെ കണ്ണിലെ കരടായ ആരിഫിന് മത്സരിക്കാൻ സീറ്റ് ലഭിക്കണമെന്നില്ലെന്ന. തുടങ്ങിയ സാഹചര്യങ്ങൾ നോക്കിയാണ് ആരിഫിനെ നോട്ടമിടുന്നതായുള്ള വാർത്തകൾ പുറത്തുവന്നത്. എംഎൽഎ സ്ഥാനം രാജിവച്ചാൽ പൊതു തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനാർത്ഥിയാക്കി ജയിപ്പിച്ചെടുക്കാമെന്നാണ് ഉമ്മൻ ചാണ്ടി നൽകുന്ന സൂചന. ഇതിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത് ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന തന്ത്രമാണ്. അരൂരിൽ നിർണ്ണായക സ്വാധീനം ഗൗരിയമ്മയുടെ ഇടതു പക്ഷത്തേക്കുള്ള പോക്ക് ആരിഫിലൂടെ പരിഹരിക്കാം. അരൂരിൽ യുഡിഎഫിനായി മത്സരിച്ച ഗൗരിയമ്മയെ തോൽപ്പിച്ചാണ് ആരിഫ് നിയമസഭയിലെത്തിയത്. ഇതെല്ലാം മനസ്സിലാക്കിയാണ് ആരിഫിനെ വീഴ്‌ത്താനുള്ള തന്ത്രങ്ങൾ തയ്യാറാക്കുന്നത്.
മലബാറിൽ മുസ്ലിംലീഗിന്റെ കോട്ടകളിൽ സിപിഎ വിള്ളലുണ്ടാക്കിയത് കെടി ജലീലിനെ ഉപയോഗിച്ചാണ്. ലീഗിന്റെ തീപ്പൊരി നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായുള്ള എതിർപ്പിൽ ഇടതു പക്ഷത്ത് എത്തി. കുഞ്ഞാലിക്കുട്ടിയെ തന്നെ തോൽപ്പിച്ചാണ് ജലീൽ പന്ത്രണ്ടാം നിയമസഭയിൽ എത്തിയത്. ഇത്തവണയും ജലീൽ വീണ്ടും ജയിച്ചു കയറി. എന്നാൽ മലബാറിലെ സിപിഐ(എം) നേതാക്കളുമായി ജലീലിന് ഇപ്പോൾ പഴയ ബന്ധമില്ല. അത് മുഖ്യമന്ത്രിയും മനസ്സിലാക്കുന്നു. മഞ്ഞളാംകുഴി അലിയെ ലീഗിലെത്തിച്ച മാതൃകയിൽ ജലീലിനേയും കളം മാറ്റിക്കാനാണ് നീക്കം. എന്നാൽ ഇപ്പോഴും മനസ്സ് തുറക്കാൻ ജലീൽ തയ്യാറായിട്ടില്ല. ഈ നീക്കത്തെ കുറിച്ച് സിപിഎമ്മിന് നന്നായി അറിയാം. ജലീലിന്റെ കൊഴിഞ്ഞു പോക്ക് മലബാറിലെ ന്യൂനപക്ഷ മേഖലകളിൽ തിരിച്ചടിയുണ്ടാക്കുമെന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ട്. എന്നാൽ സിപിഐ(എം) അംഗമല്ലാത്ത ജലീലിനെ തടയാൻ പറ്റാത്ത സ്ഥിതിയുമുണ്ട്. ഇതിനെല്ലാം പുറമേയാണ് സിപിഐയെ സ്വാഗതം ചെയ്യുന്ന വീക്ഷണത്തിന്റെ മുഖപ്രസംഗം ചർച്ചയാകുന്നത്.
കേരള രാഷ്ട്രീയത്തിലെ ഒറ്റയാന്മാരായ ഗൗരിയമ്മയേയും പിസി ജോർജിനേയും ബാലകൃഷ്ണപിള്ളയേയും എൽഡിഎഫിന് നൽകി കരുത്തരായവരെ മുന്നണിയിലെത്തിക്കാനുള്ള തന്ത്രമാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് സിപിഐ(എം) തിരിച്ചറിയുന്നു. എങ്ങനേയും ഭരണ തുടർച്ചെയന്ന ലക്ഷ്യം തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ കരുനീക്കങ്ങളിലുള്ളത്. ഹൈന്ദവ വോട്ടുകളിൽ ബിജെപിയുണ്ടാക്കുന്ന വിള്ളലിനൊപ്പം ഇടതു പക്ഷത്തെ ന്യൂനപക്ഷ മുഖങ്ങളായ ആരിഫിനേയും ജലീലിനേയും നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാകും. നെയ്യാറ്റിൻകരയിൽ സെൽവരാജിനെ തട്ടിയെടുത്തതോടെ നടാർ സമുദായം ഒന്നാകെ സിപിഎമ്മിനേയും ഇടതു പക്ഷത്തേയും കൈവിട്ടു. തിരുവനന്തപുരം ലോക്‌സഭയിലെ തോൽവിയും അരുവിക്കരയിലെ അടിതെറ്റലും നാടാർ സമുദായത്തിന്റെ പ്രതികാരം തീർക്കലാണെന്നും സിപിഐ(എം) തിരിച്ചറിയുന്നു.
എതിരാളികളെ വെട്ടിയൊതുക്കുന്നതിൽ തന്ത്രശാലിയാണ് ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയക്കാരൻ. ലീഡർ കെ കരുണാകരനെ വെട്ടിയെറിഞ്ഞതിന് തൊണ്ണൂറുകളുടെ തുടക്കത്തിൽ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ കൗശലമായിരുന്നു. അതിന് ശേഷം എ കെ ആന്റണിക്ക് പിന്നിൽ രണ്ടാമനായി ഉമ്മൻ ചാണ്ടി എത്തി. പിന്നെ ആന്റണിയേയും കൈവിട്ടു. അങ്ങനെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഒന്നാം പേരുകാരനായി. അപ്പോഴും ഇഷ്ടമില്ലാത്തവരെ ഒപ്പം നിർത്താൻ ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നില്ല. ആന്റണിയിൽ നിന്ന് മുഖ്യമന്ത്രി ബാറ്റൺ കൈമാറികിട്ടിയപ്പോഴും തന്ത്രശാലിയായി നേതാവ് മിണ്ടാതിരുന്നില്ല. 2004 ഓഗസ്റ്റ് 4ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയപ്പോൾ മുന്നണി രാഷ്ട്രീയത്തിൽ അന്ന് വരെ കാണാത്തത് സംഭവിച്ചു. ചെറു കക്ഷികളുടെ നേതാക്കളായ ടിഎം ജേക്കബ്ബിനും ആർ ബാലകൃഷ്ണ പിള്ളയ്ക്കും മന്ത്രി സ്ഥാനം നിഷേധിച്ചു. കരുണാകരന്റെ വിശ്വസ്ത നേതാക്കളെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ കണ്ണിലെ കരടായിരുന്നു ഇരുവരും.
പതിനൊന്നാം നിയമസഭയിൽ ഉമ്മൻ ചാണ്ടിക്ക് നൂറു പേരുടെ പിന്തുണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തന്ത്രപരമായി ജേക്കബ്ബിനേയും പിള്ളയേയും ഒഴിവാക്കി. എന്നാൽ പതിമൂന്നാം സഭയിൽ ഉമ്മൻ ചാണ്ടി അധികാരത്തിലെത്തുമ്പോൾ ഭൂരിപക്ഷം നേർത്തതായി. അതുകൊണ്ട് തന്നെ ജേക്കബ്ബിനേയും ഗണേശിനേയും ഒഴിവാക്കാനായില്ല. ജേക്കബ്ബിനെ പ്രധാനപ്പെട്ട ഭക്ഷ്യവകുപ്പ് തന്നെ നൽകി. ജേക്കബ്ബിന്റെ മരണത്തിലുണ്ടായ ഒഴിവിൽ അനൂപ് ജേക്കബ്ബിന് ജയിച്ചു കയറാൻ മന്ത്രിസ്ഥാനം പ്രചരണ വിഷയമായി. അങ്ങനെ അനൂപും മന്ത്രിയായി. എന്നാൽ നെയ്യാറ്റിൻകരയിൽ സെൽവരാജിനെ കുറുമാറ്റി ജയിപ്പിച്ചു കയറിയതോടെ ഉമ്മൻ ചാണ്ടി വീണ്ടും തന്റെ ശല്യക്കാരെ ഓരോന്നായി തിരിച്ചറിഞ്ഞു. യാമിനി തങ്കച്ചിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനം തിരിച്ചെടുത്തു. പതിയെ ബാലകൃഷ്ണ പിള്ളയെ മുന്നണിയിൽ നിന്ന് മാറ്റുകയും ചെയ്തു. 2004ൽ അധികാരത്തിലെത്തിയപ്പോൾ ലക്ഷ്യമിട്ടത് പത്ത് വർഷത്തിന് ശേഷം പിള്ളയെ പുറത്ത് പുകച്ച് ചാടിക്കുന്നതിലൂടെ ഉമ്മൻ ചാണ്ടി നേടുകയായിരുന്നു.
യുഡിഎഫിലെ മറ്റൊരു പ്രശ്‌നക്കാരിയായിരുന്നു ഗൗരിയമ്മ. തന്ത്രപരമായ നീക്കങ്ങളിലൂടെ ജെഎസ്എസിന്റെ ചിറകുകൾ ഓരോന്നായി അരിഞ്ഞു വീഴത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റും കുറച്ചു. ഒടുവിൽ നിവർത്തിയില്ലാതെ ജെഎസ്എസ് സ്വയം പുറത്തു പോയി. ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസിന് പത്തനാപുരത്ത് മാത്രമേ ജയിക്കാൻ കഴിയൂ. എന്നിട്ടും അഴിമതിക്കേസിൽ ജയിലിലായ പിള്ള പുറത്തെത്താൻ നടത്തിയ സമ്മർദ്ദങ്ങൾ അതിഭീകരമായിരുന്നു. മന്ത്രിസഭയുടെ ചെറിയ ഭൂരിപക്ഷത്തിന്റേയും എൻഎസ്എസ് സ്വാധീനവുമുയർത്തി ആവശ്യങ്ങളെല്ലാം നേടിയെടുത്തു. സെൽവരാജ് കൂറുമാറിയെത്തിയതോടെ ഗണേശിനെ മുഖ്യമന്ത്രി കൈവിട്ടു. അതിന് ശേഷം ആർഎസ്‌പി കൂടി എത്തിയതോടെ കൊല്ലത്തും പത്തനംതിട്ടയിലും പിള്ള ഇല്ലെങ്കിലും പ്രശ്‌നമില്ലെന്ന സ്ഥിതി വന്നു. ഇതോടെ പിള്ളയും പുറത്ത്. അപമാനിച്ചു തന്നെയാണ് പിള്ളയെ പുറത്താക്കിയത്. കൊല്ലത്തും പത്തനംതിട്ടയിലും ആർഎസ്‌പിയുടെ സ്വാധീനം മനസ്സിലാക്കിയാണ് പിള്ളയെ ഉമ്മൻ ചാണ്ടി കൈവിട്ടത്. അതിന് മുമ്പ് എൻഎസ്എസിനേയും പിള്ളയേയും അകറ്റുകയും ചെയ്തു.
പിസി ജോർജിന്റെ ചിറകരിഞ്ഞത് തന്ത്രപരമായിട്ടായിരുന്നു. വിശ്വസ്തനായിരുന്ന പിസിയെ ബാർ കോഴയിലെ പ്രശ്‌നങ്ങളോടെ ചാണ്ടി കൈവിട്ടു. നെയ്യാറ്റിൻകരയിൽ സെൽവരാജിനെ കോൺഗ്രസിൽ എത്തിച്ചത് ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങളായിരുന്നു. അതിന് സമർത്ഥമായി പിസി ജോർജിനെ ഉപയോഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിലൂടെ കൂറുമാറ്റത്തിന്റെ പേരു ദോഷം കോൺഗ്രസിനെ വലുതായി ബാധിച്ചതുമില്ല. നെയ്യാറ്റിൻകരിക്ക് ശേഷം ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ ജോർജ് ഐ ഗ്രൂപ്പുമായി അടുത്ത്. ഇന്ന് ഒന്നുമില്ലാത്ത അവസ്ഥയിലാണ് മുൻ ചീഫ് വിപ്പ്. കെ എം മാണിയെ കൂട്ടുപിടിച്ച് തന്ത്രപരമായി മുഖ്യമന്ത്രി നീങ്ങിയതിന്റെ ഫലം തന്നെയാണ് ഇതും. അരുവിക്കരയിൽ തന്ത്രപരമായി വിജയമൊരുക്കിയതോടെ ഉമ്മൻ ചാണ്ടി കൂടുതൽ കുരത്തനായി. എതിരാളികളോട് ഇനി ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഈ ഭയം ചെന്നിത്തലയ്ക്ക് പോലും ഉണ്ടെന്നതാണ് യാഥാർത്ഥ്യം.
അരുവിക്കരയിലെ പ്രചാരണംപോലൊന്ന് ഉമ്മൻ ചാണ്ടി സ്വന്തം മണ്ഡലത്തിൽ പോലും ചെയ്തിട്ടില്ല. സർക്കാരിനു നിർണായകമായിരുന്ന പിറവം, നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പുകളിലും ഇത്രത്തോളം കഷ്ടപ്പെട്ടില്ല. പ്രതിപക്ഷം പൊതുവിലും പ്രതിപക്ഷ നേതാവു മാന്യതയ്ക്കു നിരക്കാത്ത ഭാഷയിൽ സർക്കാരിനെ കടന്നാക്രമിച്ചുകൊണ്ടിരുന്നപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ വാക്കുകളിൽ മിതത്വം പാലിച്ചു. എ.കെ. ആന്റണിയെ വി എസ്. അച്യുതാനന്ദൻ ആറാട്ടുമുണ്ടൻ എന്നു വിശേഷിപ്പിച്ചതിനോടും മാന്യമായി മാത്രം പ്രതികരിച്ച് ആന്റണിയെ സ്‌നേഹിക്കുന്ന വോട്ടർമാരെ ഇടതുമുന്നണിക്ക് എതിരാക്കാൻ ആയുധമാക്കി. മുഖ്യമന്ത്രി കാടുകയറിയെങ്കിലും വാക്കുകൾ കാടുകയറിയില്ല. കാടു കയറാത്ത പ്രതിപക്ഷ നേതാവ് കാടുകയറി സംസാരിക്കുകയും ചെയ്തു.
യുഡിഎഫിന്റെ പ്രചാരണം ഭരണനേട്ടങ്ങളിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ വോട്ട് ഒന്നിനു പത്തായി വോട്ടിങ് യന്ത്രത്തിൽ പതിഞ്ഞു. കർഷകത്തൊഴിലാളികളും തോട്ടം തൊഴിലാളികളും ആദിവാസികളും താമസിക്കുന്ന വിതുരയിലും യുഡിഎഫ് വൻ മുന്നേറ്റം നടത്തി. മുഖ്യമന്ത്രിയുടെ പല യോഗങ്ങളും രാത്രി 11 വരെ നീണ്ടു. എന്നിട്ടും അദ്ദേഹത്തെ കാണാൻ സ്ത്രീകളു!ൾപ്പെടെയുള്ളവർ കാത്തുനിന്നു. അദ്ദേഹം പോകുന്ന വഴികളിലും മണിക്കൂറുകൾ കാത്തുനിന്നു കൈവീശിയ സ്ത്രീകളുടെ പ്രസന്നമായ മുഖം അവരുടെ ഉള്ളിലിരിപ്പു വ്യക്തമാക്കുന്നതായിരുന്നു. മന്ത്രിമാരും ഘടകകക്ഷി നേതാക്കളും മുതൽ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ പാലോട് രവിയുടെ നേതൃത്വത്തിൽ പ്രചാരണത്തിനു താഴെത്തട്ടിൽ ചുക്കാൻ പിടിച്ച ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, തമ്പാനൂർ രവി വരെയുള്ള നേതാക്കളുടെ നീണ്ട നിര തന്നെ അരുവിക്കരയിൽ തമ്പടിച്ചു. വിശ്വസ്തരെ കാര്യങ്ങൾ ഏൽപ്പിച്ചതും മുഖ്യമന്ത്രിയുടെ തന്ത്രമായിരുന്നു. അരുവിക്കരയിലെ ജയം അത്ര അനിവാര്യതയാണെന്ന ഉമ്മൻ ചാണ്ടിയുടെ തിരിച്ചറിവ് തന്നെയാണ് ശബരിനാഥന്റെ വിജയത്തിൽ നിർണ്ണായകമായത്.
വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ആരിഫും ജലീലും
അതേസമയം വീക്ഷണത്തിന്റെ മുഖപ്രസംഗത്തിന്റെ പിന്നാലെ എ എം ആരിഫിനെയും കെ ടി ജലീലിനെയും യുഡിഎഫ് നോട്ടമിടുന്നു എന്ന വാർത്തകളെ തള്ളിക്കളഞ്ഞ് ആരിഫ് രംഗത്തെത്തിയിട്ടണ്ട്. തങ്ങൾ ഇടതുപക്ഷത്ത് അടിയുറച്ച് നിൽക്കുമെന്നും മറ്റുള്ള പ്രചരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും ഇരുവരും പ്രതികരിച്ചു. ഇടതുപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും ഇരുവരും പ്രതികരിച്ചു.
സിപിഐ(എം) പോലെ ഒരു മികച്ച പാർട്ടിയിൽ കഴിഞ്ഞ ഇരുപത്തി ഒൻപത് വർഷമായി ആത്മാത്ഥമായി പ്രവർത്തിച്ചു വരുന്ന എനിക്ക് ആ പാർട്ടിയേക്കാൾ മികച്ച ഒരു പാർട്ടിയും വേറേയില്ലെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നതായും എ എം ആരിഫ് പറഞ്ഞു. ലീഗിലേക്ക് എന്നത് യാതൊരു അടിസ്ഥാനവും ഇല്ലാത്ത കാര്യമാണ്. മറിച്ച് പ്രചരിപ്പിക്കുന്നവർ പിതൃശൂന്യന്മാർ ആണന്നേ ഇപ്പോൾ പറയുന്നുള്ളു. 1996 മുതൽ ഞാൻ ആലപ്പുഴ പാർട്ടി ജില്ലാ കമ്മറ്റി അംഗമാണ് എന്റെ പാർട്ടിയാണ് എന്റെ എല്ലാ വളർച്ചക്കും സഹായിച്ചിട്ടുള്ളത്. മരണം വരെ ഞാൻ ആ പാർട്ടിയിൽ ഉണ്ടാവുമെന്നും ആരിഫ് വ്യക്തമാക്കി.
വാർത്ത ശുദ്ധ അസംബന്ധമാണെന്ന് കെ ടി ജലീലും പ്രതികരിച്ചു. ആരുമില്ലെന്ന് കരുതിയ ഒരു സമയത്ത് എനിക്ക് തണലേകാൻ സഖാവ് പിണറായിയും , വി എസ്സും , പാലോളിയും കാണിച്ച വിശാലമനസ്‌കതക്ക് എന്റെ ശിഷ്ഠകാല ജീവിതമല്ലാതെ മറ്റൊന്നും പകരമാവില്ലെന്ന ബോദ്ധ്യം ആരെക്കാളുമധികം എനിക്കുണ്ട് . ഞാൻ ലീഗിനെ ഉപേക്ഷിച്ചതായിരുന്നില്ല , ചില നിലപാടുകളുടെ പേരിൽ ലീഗ് എന്നെ പടിയടച്ച് പിണ്ഡം വെക്കുകയായിരുന്നു . ഇന്ന് ഞാൻ സിപിഐ.എം സഹയാത്രകനായി ഇടതുപക്ഷത്ത് നിലകൊള്ളുന്നത് ആരോടെങ്കിലുമുള്ള വാശി തീർക്കാനോ പ്രതികാരം ചെയ്യാനോ അല്ല . മതജാതി അതിർവരമ്പുകൾക്കപ്പുറം മുഴുവൻ ജനങ്ങൾക്കുവേണ്ടിയും എന്നാൽ കഴിയുന്ന സേവനം ചെയ്യാൻ അനിയോജ്യമായ ഏറ്റവും നല്ല പ്ലാറ്റ്‌ഫോം എന്ന നിലയിലാണ്. ജീവിതത്തിന്റെ ഏറ്റവുംവലിയ പ്രതിസന്ധികളുടെ നാളുകളിൽ എനിക്ക് തണലേകി കരുത്ത് പകർന്നവരെ ഈ ജന്മത്തിൽ എനിക്ക് മറക്കാനാവില്ലന്നും ജലീൽ വ്യക്തമാക്കി.