തിരുവനന്തപുരം: സോളാർ തട്ടിപ്പുകാരി സരിത എസ് നായർക്ക് കേസുകൾ ഒത്തുതീർപ്പാക്കാൻ പണം നൽകിയത് പണം കൊടുത്തത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് വെളിപ്പെടുത്തൽ. സരിതയടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റേതാണ് ഈ വെളിപ്പെടുത്തൽ. താൻ നേരിൽ പോയി പണം വാങ്ങിയെന്നും ഫെനി ബാലകൃഷ്ണൻ പറയുന്ന സംഭാഷണ ദൃശ്യങ്ങൾ റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടു. സരിതയ്ക്ക് പണം നൽകാൻ ഇടനിലക്കാരായത് ബെന്നി ബഹനാൻ എംഎൽഎയും ആർ ബാലകൃഷ്ണ പിള്ളയുടെ ബന്ധു ശരന്യ മനോജുമാണെന്നുമാണ് ഫെനിയുടെ വെളിപ്പെടുത്തൽ. മന്ത്രിമാരും എംഎൽഎമാരും സഹായിച്ചെന്നും ഒളിക്യാമറയിൽ വെളിപ്പെടുത്തുന്നു.

കോൺഗ്രസ് നേതാവായ തമ്പാനൂർ രവി മുഖേന നൽകിയിരുന്ന പണം പലതവണ താൻ പോയി വാങ്ങിയിട്ടുണ്ടെന്നും ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തുന്നതും റിപ്പോർട്ടർ പുറത്തുവിട്ടിട്ടുണ്ട്. ടീം സോളാർ കമ്പിനിയുടെ മുൻ മാനേജർ രാജശേഖരൻ, വക്കീൽ ഗുമസ്തനായ രഘു എന്നിവരുമായി ഫെനി നടത്തിയ സംഭാഷണത്തിലാണ് ഫെനിയുടെ വെളിപ്പെടുത്തൽ ഉള്ളത്. മന്ത്രിമാരായ അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, കെ.സി വേണുഗോപാൽ എംപി, എ.പി അബ്ദുള്ളക്കുട്ടി എംഎ‍ൽഎ എന്നിവരും സരിതയ്ക്ക് പണം നൽകിയതായി ഇവരുടെ സംഭാഷണത്തിലുണ്ട്.

സരിത ജയിലിൽ കഴിഞ്ഞ സമയത്ത് കേസുകൾ ഒതുക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കോൺഗ്രസ് നേതാവ് തമ്പാനൂർ രവി വഴി തന്റെ പക്കൽ പണം നൽകിയിരുന്നതെന്ന് രാജശേഖരനുമായുള്ള സംഭാഷണത്തിൽ അഡ്വ: ഫെനി ബാലകൃഷ്ണൻ വ്യക്തമാക്കുന്നത്. തമ്പാനൂർ രവി വശം ഇപ്പോഴും സരിതയ്ക്ക് പണമെത്തുന്നുണ്ട്. ആർ ബാലകൃഷ്ണപിള്ളയുടെ ബന്ധു ശരണ്യ മനോജും പണമിടപാടിൽ ഇടനിലനിന്നിരുന്നു. സരിത ജയിലിൽ കഴിഞ്ഞ സമയത്ത് താൻ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചപ്പോൾ വേണ്ട സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഫെനി വ്യക്തമാക്കുന്നു.

മന്ത്രി അടൂർ പ്രകാശ്, അഭിഭാഷകനായ ഉണ്ണിത്താൻ വശം 30 ലക്ഷം രൂപ കൊടുത്തു. കെ.സി വേണുഗോപാൽ എംപി പണം നൽകിയ കാര്യം രാജശേഖരൻ പറയുമ്പോഴും ഫെനി ശരിവയ്ക്കുന്നു. എറണാകുളത്തെ പണമിടപാടിൽ ബെന്നി ബഹനാനാണ് ഇടനിലക്കാരനായത്. എ.പി അബ്ദുള്ളക്കുട്ടി നൽകിയ പത്തുലക്ഷം സരിതയ്‌ക്കൊപ്പം താനും െ്രെഡവർ ശശിയും പോയാണ് വാങ്ങിയതെന്നും ഫെനി സംഭാഷണമധ്യേ രാജശേഖരനോടും രഘുവിനോടും പറയുന്നു. സരിതയ്ക്ക് വൻതുക ലഭിച്ചിട്ടുണ്ടെന്നും കോയമ്പത്തൂരിൽ ഫാംഹൗസും തിരുവനന്തപുരത്ത് ഒരു കോടിയിൽപരം രൂപ മുടക്കി വീടും വാങ്ങിയെന്നും സംഭാഷണത്തിൽ നിന്ന് വ്യക്തമാക്കുന്നു.

സോളാർ തട്ടിപ്പു കേസ് ഒതുക്കി തീർക്കാൻ സരിതയ്ക്ക് പണം നൽകിയത് കോൺഗ്രസ് നേതാക്കളാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ബെന്നി ബഹനാൻ ഇടപെട്ടെന്നായിരുന്നു അന്ന് പുറത്തുവന്ന പ്രധാന ആരോപണം. ഈ ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഫെനിയുടെ വെളിപ്പെടുത്തൽ. കേസിന്റെ ഒരു ഘട്ടത്തിൽ കോടതി പോലും സരിതയ്ക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്ന് ചോദിച്ചിരുന്നു.

സോളാർ തട്ടിപ്പ് കേസിൽ യാഥാർത്ഥ്യങ്ങൾ പുറത്ത് വന്നിട്ടില്ലെന്ന് സരിതാ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഉയർന്ന് കേൾക്കുന്നതിനെക്കാൾ കൂടുതൽ പേരുകൾ പുറത്ത് വരാനുണ്ട്. താൻ ചില പേരുകൾ വെളുപ്പെടുത്തിയാൽ പലർക്കും പൊതുജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും സരിത പറഞ്ഞിരുന്നു. അരുവിക്കര തിരഞ്ഞെടുപ്പൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും താൻ ശിക്ഷിക്കപ്പെട്ട കേസിൽ അപ്പീൽ പോവുന്നതിന് മുൻപ് തന്നെ പേരുകൾ വെളിപ്പെടുത്തുമെന്നും സരിത വെളിപ്പെടുത്തിയിരുന്നു.

മന്ത്രിമാരും,മറ്റുള്ളവരും പറഞ്ഞ് വിശ്വസിപ്പിച്ചത് അനുസരിച്ചാണ് താൻ പ്രവർത്തിച്ചത്. സർക്കാർ ബന്ധം ഇല്ലാതെ സോളാർ പോലൊരു പദ്ധതിക്ക് പ്രവർത്തിക്കാനാവില്ല. സോളാറുമായി ബന്ധപ്പെട്ട് അഴിമതി ഉണ്ടായിട്ടുണ്ട്. താൻ ചില വെളുപ്പടുത്തലുകൾ നടത്തിയാൽ പലർക്കും പൊതുജീവിതം അവസാനിപ്പിക്കേണ്ടി വരും.സോളാർ കേസുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. താൻ പലതും പറയാതെയിരിക്കുകയാണ്. പക്ഷെ അത് പറയേണ്ടി വരും. ജോസ് കെ മാണിയും താനും തമ്മിലുള്ള ബന്ധം ചികയേണ്ട. അതിനെക്കാൾ വലിയ അഴിമതി നടക്കുന്നുണ്ടെന്നും സരിത പറയുകയുണ്ടായി. ഇന്നലെ പത്തനംതിട്ട കോടതി സരിതയെ ആറ് വർഷത്തെ ശിക്ഷ വിധിച്ചതോടെയാണ് സരിത കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായാണ് ഫെനി ബാലകൃഷ്‌ന്റെ വെളിപ്പെടുത്തൽ.

തനിക്കൊന്നും അറിയില്ലെന്ന് ഉമ്മൻ ചാണ്ടി

അതേസമയം ഫെനിയുടെ വെളിപ്പെടുത്തലുകൾ നിഷേധിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. തനിക്കൊന്നും അറയില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസിൽ സർക്കാർ സ്വീകരിച്ച നിലപാട് പൂർണമായും ശരിയെന്ന് തെളിയിക്കുന്നതാണ് ആദ്യ കേസിൽ ഉണ്ടായ കോടതി വിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ കത്തു കൊടുത്തു എന്നായിരുന്നു ആരോപണം. എന്നാൽ, കത്ത് വ്യാജമാണെന്ന് കോടതി തന്നെ വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. അത് പോലും പല മാദ്ധ്യമങ്ങളും മറച്ചു വച്ചു എന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെ നൂറ് ശതമാനം ന്യായീകരിച്ചു കൊണ്ടുള്ള വിധിയാണ് കോടതിയുടേത്. കേസിലെ പരാതിക്കാരനായ ബാബുരാജൻ പറഞ്ഞത് അയാൾ എന്നെ കണ്ടുവെന്നാണ്. എന്നാൽ, ബാബുരാജനെ താൻ കണ്ടിട്ടേയില്ല.പരാതിയുമായി ആഭ്യന്തര മന്ത്രിയെയാണ് വന്നു കണ്ടത്. അപ്പോൾ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു. കോടതി വിധി അംഗീകരിക്കാൻ കഴിയാത്താവരാണ് വീണ്ടും ആരോപണവുമായി വരുന്നത്. അതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.