കോട്ടയം: കേന്ദ്ര സർക്കാർ സഹകരണ വകുപ്പ് രൂപീകരിച്ചതിനും അമിത് ഷായ്ക്ക് ചുമതല നൽകിയതിനും എതിരെ വിമർശനവുമായി മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സഹകരണവകുപ്പ് രൂപീകരണം ഭരണഘടനയിൽ പരാമർശിച്ചിട്ടുള്ള ഫെഡറൽ വ്യവസ്ഥയ്ക്കെതിരാണെന്ന് ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു. കേന്ദ്രസർക്കാർ കൈക്കൊണ്ട ഈ തീരുമാനത്തെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ പറഞ്ഞു. സഹകരണ വകുപ്പ് രൂപീകരണമെന്ന ഈ തീരുമാനം കേന്ദ്രസർക്കാർ നല്ല ഉദ്ദേശ്യത്തോടെയല്ല എടുത്തിരിക്കുന്നതെന്ന് വ്യക്തമാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

ഭരണഘടന രൂപീകരണവുമായി ബന്ധപ്പട്ടുള്ള ചർച്ചകളിൽത്തന്നെ ഫെഡറൽ സംവിധാനത്തെക്കുറിച്ച് പ്രത്യേക ആലോചന നടന്നിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. ഭരണഘടനാ ശിൽപ്പിയായ ഡോ ബിആർ അംബേദ്കർ, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ എന്നിവർ ഫെഡറലിസത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ഫെഡറൽ സംവിധാനത്തിൽത്തന്നെ രാജ്യത്തെ നിലനിർത്തണമെന്ന് ഉറപ്പിച്ച ഈ ചർച്ചയിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കൈവശം വെക്കേണ്ടുന്ന വകുപ്പുകളും പ്രത്യേകം തീരുമാനിച്ചിരുന്നു. ഇതിൽ സഹകരണ വകുപ്പ് പൂർണ്ണമായും സംസ്ഥാന പരിധിയിലാണ് വരുന്നത്. അതിനാൽത്തന്നെ സംസ്ഥാനത്തിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇപ്പോൾ കേന്ദ്രം നടത്തിയിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആഞ്ഞടിച്ചു.