- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയത്തിലെ സിപിഎം- ബിജെപി നിശബ്ദത യുവതീപ്രവേശം സാക്ഷാത്കരിക്കാൻ; യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്താൻ നിയമ നിർമ്മാണം നടത്തുമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കേന്ദ്രസംസ്ഥാന സർക്കാരും സിപിഎമ്മും ബിജെപിയും നിശബ്ദത പാലിക്കാൻ എടുത്ത തീരുമാനം വിശ്വാസികളോടു കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് മുന്നിലുള്ള വഴികൾ കൊട്ടിയടച്ച് യുവതീപ്രവേശം ഭാവിയിൽ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ശബരിമലയിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്താൻ സഹായകരമായ നിയമ നിർമ്മാണം നടത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാ വിഭാഗവുമായും ചർച്ച നടത്തും. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ, ലിസ്റ്റ് 3, എൻട്രി 28 പ്രകാരം മതസ്ഥാപനങ്ങളെ സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമ്മാണം നടത്താൻ അധികാരമുണ്ട്.
വിധിക്കെതിരേ നല്കിയ റിവ്യു ഹർജി ഉടൻ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹർജി നല്കണമെന്ന് ജനുവരി 25ന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനൊരു മറുപടി പോലും കിട്ടിയില്ല. റിവ്യൂ ഹർജിയുള്ളതുകൊണ്ട് നിയമനിർമ്മാണം സാധ്യമല്ലെന്ന ഇടതുസർക്കാരിന്റെ നിലപാട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്.
ശബരിമലയിൽ ഭൂരിപക്ഷവിധിക്കെതിരേ നല്കിയ അമ്പതോളം റിവ്യൂ ഹർജികളിൽ സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. യുവതീപ്രവേശം ഒരു വാൾപോലെ ഇപ്പോഴും വിശ്വാസികളുടെ തലയ്ക്കുമീതെ നില്ക്കുന്നു. സിപിഎമ്മും ബിജെപിയും ഇതിനൊരു പരിഹാരം നിർദ്ദേശിക്കുന്നില്ല. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തുമെന്നു പോലും പറയാൻ ഇടതുപക്ഷത്തിനു നാവുപൊന്തുന്നില്ല. യുഡിഎഫിനു മാത്രമാണ് ഇക്കാര്യത്തിൽ അന്നും ഇന്നും വ്യക്തയുള്ളതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
2016 ഫെബ്രുുവരി 4-ന് അന്നത്തെ യു.ഡി.എഫ് സർക്കാർ നല്കിയ സത്യവാങ്മുലത്തിൽ 10-നും 50-നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമല അയ്യപ്പ ക്ഷേത്രത്തിനു ദർശനാനുമതി നൽകുന്നതിനെതിരെ നിയമപരമായും ആചാരാനുഷ്ഠാനപരമായും വസ്തുതാപരമായുമുള്ള വാദങ്ങൾ അക്കമിട്ട് നിരത്തി വാദിച്ചിരുന്നു. എന്നാൽ, ഇടതു സർക്കാർ നിയമപരമായും വസ്തുതാപരമായുമുള്ള യാഥാർത്ഥ്യങ്ങൾ വിസ്മരിച്ചും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടുകൾക്ക് കടകവിരുദ്ധമായും 10-നും 50-നുമിടയിൽ പ്രായമുള്ള സ്തീകൾക്ക് ദർശനാനുമതി നൽകണമെന്ന നിലപാട് ഹർജിക്കാരോടൊത്ത് സ്വീകരിച്ചതുകൊണ്ടാണ് ഇത്തരമൊരു വിധി ഉണ്ടായത്. കേസിൽ അയ്യപ്പ ഭക്തർക്കനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ്, വിധിക്കുശേഷം നിലപാട് മാറ്റി അയ്യപ്പ ഭക്തന്മാർക്കെതിരെ സമീപനം സ്വീകരിച്ചത് സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ്.
വിധി ഉണ്ടായ ഉടനേ അതു നടപ്പാക്കാൻ കാട്ടിയ ധൃതിയും കോടിക്കണക്കിനു രൂപ ചെലവഴിച്ച് നിർമ്മിച്ച വനിതാമതിലും നവോത്ഥാന പ്രചാരണവുമൊക്കെ യുവതീപ്രവേശം നടപ്പാക്കാനുള്ള ഗൂഢാലോചനയായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ മൗനമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ