- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നി മെഡിക്കൽ കോളജ് വൈകിച്ചത് മൂന്നരവർഷം; അഞ്ച് വർഷം കിട്ടിയിട്ടും പൂർത്തിയാക്കാതിരുന്നത് രാഷ്ട്രീയകാരണങ്ങളാൽ; ജനരോഷം ഉയർന്നതോടെയാണ് പദ്ധതിക്ക് ജീവൻ വച്ചതെന്നും ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: മൂന്നരവർഷം വൈകിച്ചശേഷമാണ് കോന്നി മെഡിക്കൽ കോളജ് ഇപ്പോൾ ഉദ്ഘാടനം ചെയ്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് സർക്കാർ 70 ശതമാനം പൂർത്തിയാക്കിയ മെഡിക്കൽ കോളജിന്റെ നിർമ്മാണം 5 വർഷം കിട്ടിയിട്ടും രാഷ്ട്രീയകാരണങ്ങളാൽ പൂർത്തിയാക്കാതെയാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉദ്ഘാടനം ചെയ്തത്. 300 കിടക്കകളുണ്ടെങ്കിലും 100 കിടക്കകൾ വച്ചാണ് ഉദ്ഘാടനം നടത്തിയത്. പ്രധാനപ്പെട്ട ചികിത്സാ ഉപകരണങ്ങൾ ഇനിയും സ്ഥാപിക്കാനുണ്ട്.
പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയുടെ കിഴക്കൻ ഭാഗത്തുമുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും കോന്നി മെഡിക്കൽ കോളജ് ഏറെ പ്രയോജനം ചെയ്യും. അത്യാഹിത സന്ദർഭങ്ങളിൽ ശബരിമല തീർത്ഥാടകർ പലപ്പോഴും കോട്ടയം മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്. അവിടെ എത്താനുള്ള ദൂരവും സമയനഷ്ടവും കാരണം തീർത്ഥാടകർക്ക് ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്.
കോന്നി മെഡിക്കൽ കോളജ് യഥാസമയം പൂർത്തിയാക്കിയിരുന്നെങ്കിൽ മൂന്ന് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾ ഇപ്പോൾ അവിടെ പഠിക്കുമായിരുന്നു.
അടൂർ പ്രകാശ് എംഎൽഎ മുൻകയ്യെടുത്താണ് യുഡിഎഫ് സർക്കാർ കോന്നി മെഡിക്കൽ കോളജിന് തുടക്കമിട്ടത്. 2011ലെ ബജറ്റിൽ 25 കോടി രൂപ വകയിരുത്തുകയും ഡോ. പിജിആർ പിള്ളയെ സ്പെഷൽ ഓഫീസറായി നിയമിക്കുകയും ചെയ്തു. 2013 ജനുവരിയിൽ നിർമ്മാണപ്രവർത്തനം ഉദ്ഘാടനം ചെയ്തു. നബാർഡിൽ നിന്ന് 142.5 കോടി കൂടി ലഭിച്ചതോടെ 167.5 കോടി രുപയാണ് വക കൊള്ളിച്ചത്.
300 കിടക്കകളോടെ 3,30,000 ചതുരശ്രയടിയിൽ കെട്ടിടം, അനുബന്ധ റോഡുകൾ, 13.5 കോടി ചെലവിൽ കുടിവെള്ള പദ്ധതി, 108 ജീവനക്കാർ, ഒ. പി വിഭാഗം എന്നിവയോടെ ഒന്നാം ഘട്ടം യുഡിഎഫ് സർക്കാർ പൂർത്തിയാക്കി.
ഇടതു സർക്കാർ വന്നതോടെ ആദ്യം കോന്നിയിൽ നിന്നു മെഡിക്കൽ കോളേജ് മാറ്റാനുള്ള ശ്രമം നടത്തി. സ്ഥലത്തെ പറ്റി ദുരാരോപണം, നിർമ്മാണം വൈകിപ്പിക്കൽ, തീരുമാനങ്ങൾ വൈകിപ്പിക്കൽ തുടങ്ങിയവ കൂടാതെ ഒ.പി വിഭാഗങ്ങൾ പൂട്ടിക്കുകയും ചെയ്തു. ഡോക്ടർമാരെയും ജീവനക്കാരെയും പിൻവലിച്ചു. ഇതിനെതിരേ ജനരോഷം ഉയർന്നതിനെ തുടർന്നാണ് കോന്നി മെഡിക്കൽ കോളജിന് വീണ്ടും ജീവൻ വച്ചതും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉദ്ഘാടനം ചെയ്തതുമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ