- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരദേശത്തെ വഞ്ചിച്ച ഇടതു സർക്കാരിനെ കടലിന്റെ മക്കൾ കടലിലെറിയും; മുഖ്യമന്ത്രി കള്ളം മറച്ചുപിടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് ആഴക്കടൽ മത്സ്യബന്ധന കരാർ റദ്ദാക്കിയതെന്നും ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ തീരദേശത്തെ വഞ്ചിച്ച ഇടതു സർക്കാരിനെ കേരളത്തിലെ കടലിന്റെ മക്കൾ കടലിലെറിയുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോവളം എംഎൽഎ എം.വിൻസന്റ് വിഴിഞ്ഞത്ത് നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതു സർക്കാരിന്റേത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമാണെന്നും ജനങ്ങളെ അപമാനിക്കാനല്ല രക്ഷിക്കാനാണ് പ്രതിപക്ഷം ആരോപണം ഉയർത്തിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഏറ്റവുമധികം ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ ഒറ്റുകൊടുത്തുകൊണ്ടുള്ള സർക്കാർ നടപടികൾ കണ്ടുപിടിക്കുകയും വിളിച്ചു പറയുകയും ചെയ്തതാണ് ഏറ്റവും വലിയ അപരാധമെന്നാണ് ഇപ്പോൾ പറയുന്നത്. മുഖ്യമന്ത്രി കള്ളം മറച്ചു വയ്ക്കാൻ ശ്രമിക്കുന്നു. പിടിച്ചു നിൽക്കാൻ പരമാവധി നോക്കിയിട്ടും പറ്റാതെ വന്നപ്പോഴാണ് കരാർ റദ്ദാക്കിയത്. ശരിയായ കാര്യങ്ങളാണ് ചെയ്തതെങ്കിൽ സർക്കാരിന് സത്യം പറഞ്ഞാൽ പോരേയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.
ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് വഴി തുറക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും ആഴക്കടൽ മത്സ്യബന്ധന കരാർ നൽകിയതിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രാജി വയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുമാണ് എം. വിൻസെന്റ് എംഎൽഎ വിഴിഞ്ഞം കടപ്പുറത്ത് സത്യാഗ്രഹം അനുഷ്ഠിച്ചത്. രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടത്തിയ സത്യാഗ്രഹ സമരത്തിൽ ശശി തരൂർ എംപി സമാപന പ്രസംഗം നടത്തി. വി എസ് ശിവകുമാർ എംഎൽഎ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മത്സ്യ തൊഴിലാളി സംഘടനകൾ സത്യാഗ്രഹത്തിന് ഐക്യദാർഡ്യമർപ്പിച്ച് സമരത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ