പത്തനംതിട്ട : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിൽ ആത്മാർഥതയുണ്ടെങ്കിൽ യുവതീപ്രവേശം സാധ്യമാകുന്ന രീതിയിൽ ഇടതു സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഉടനടി പിൻവലിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

ആറന്മുള നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശിവദാസൻ നായരുടെ വിജയത്തിനായി സംഘടിപ്പിച്ച യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആചാരാനുഷ്ഠാനങ്ങൾക്കെതിരെ വി എസ് അച്യുതാനന്ദൻ സർക്കാരാണ് ആദ്യം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഈ സത്യവാങ്മൂലം 2011 ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ പിൻവലിക്കുകയും ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ വേണ്ടി പുതിയ സത്യവാങ്മൂലം നല്കുകയും ചെയ്തു. പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് വീണ്ടും ആചാരാനുഷ്ഠാനങ്ങളെ തകർക്കുന്ന പുതിയ സത്യവാങ്മൂലം നല്കി.

യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ചില്ലായിരുന്നുവെങ്കിൽ യുവതീപ്രവേശം നടപ്പാക്കാനുള്ള വിധി സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകുമായിരുന്നില്ല.

ശബരിമലയിലെ പുണ്യഭൂമിയിൽ പ്രശ്നം സൃഷ്ടിച്ചത് ഇടതു സർക്കാരാണ്. ഖേദം പ്രകടിപ്പിച്ചു രക്ഷപ്പെടാമെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളിയും മുഖ്യമന്ത്രിയും വിചാരിക്കുന്നത്. ആത്മാർത്ഥത ഉണ്ടെങ്കിൽ സിപിഎമ്മിന്റെ പ്രഖ്യാപിത നയമായ സത്യവാങ്മൂലം തിരുത്തണം. അതോടെ ശബരിമലയിലെ നിലവിലെ പ്രശ്നങ്ങളെല്ലാം തീരും.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിനെ തള്ളിയാണ് യെച്ചൂരിയുടെ പ്രസ്താവന വന്നിരിക്കുന്നത്. സിപിഎം സെക്രട്ടറിയെക്കാളും വലിയ നേതാവല്ല കടകംപള്ളി. തിരഞ്ഞെടുപ്പ് വന്നപ്പോൾ വിശ്വാസികളുടെ രോഷത്തിനു മുമ്പിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമമാണ് ഇടതുസർക്കാർ നടത്തുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു