തിരുവനന്തപുരം: അരുവിക്കര മോഡൽ പ്രസംഗവുമായി തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് തിരുത്തുമായി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്ത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന. കുട്ടനാട്,മഞ്ചേശ്വരം എന്നീ മണ്ഡലങ്ങലെ ഉദാഹരണമായി കാണിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. കെപിസിസി അദ്ധ്യക്ഷൻ വി എം സുധീരനും എഐസിസി അംഗം എ.കെ ആന്റെണിയുമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് തിരുത്തുമായി രംഗത്തെത്തിയത്.

കഴിഞ്ഞ വർഷം നടന്ന അരുവിക്കര ഉപ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സമാനമായ പ്രസ്താവനയുമായി രംഗത്തുവന്നിരുന്നു. ബിജെപിയെ സഹായിക്കുന്നതിനും അതിലൂടെ അധികാരം നിലനിർത്തുന്നതിനുമാണ് ഇത്തരം പ്രസ്താവനയെന്ന് അന്നു തന്നെ ആരോപണമുയർന്നിരുന്നു.കേരളത്തിൽ ബിജെപിയാണ് കോൺഗ്രസിന്റെ മുഖ്യ എതിരാളി. അപ്പോൾ അവരുമായി കോൺഗ്രസിനു ബന്ധമുൺെന്ന് സിപിഐ(എം) എപ്പോഴും എടുത്ത് പറയുമ്പോൾ സിപിഐ(എം) ബിജെപി സഖ്യമുണ്ടോ എന്നാണ് സംശയമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സംസ്ഥാനത്ത് ഇടത് വലത് മുന്നണികൾ തമ്മിലാണ് മത്സരമെന്നും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുന്നത് ആപത്തിന്റെ തുടക്കമാണെന്നും എ.കെ ആന്റണി പറഞ്ഞു. കേരളത്തിൽ മൂന്നാംശക്തിയായി ബിജെപി ഉയർന്നു വരുന്നത് ആപത്തിന്റെ തുടക്കമാണ്. കേരളത്തെ ഗുജറാത്താക്കാൻ അനുവദിക്കരുതെന്നുമാണ് അദ്ദേഹം തൃശൂരിൽ പറഞ്ഞത്. കേരളാ നിയമസഭയിൽ മൂന്നാം ശക്തിയാകുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം മാത്രമാമെന്നും കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിനായി കേന്ദ്ര സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പടുക്കുന്തോറും ഉമ്മൻ ചാണ്ടിക്ക് വിഭ്രാന്തിയാണെന്നായിരുന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രതികരണം. കേരളത്തിൽ ഒരു നിയമസഭാ സീറ്റുപോലും ഇന്നുവരെ ജയിക്കാനാകാത്ത പാർട്ടിയാണ് ബിജെപി. അപ്പോൾ അവരുമായിട്ടാണ് മത്സരമെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന നാട്ടിൽ നിലനിൽക്കുന്ന വ്,വസ്തക്കും സാഹചര്യത്തിനും വിരുദ്ധമായതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ സഹായിക്കുകയെന്നതാണ് അധികാരത്തിലെത്താനുള്ള മാർഗ്ഗം എന്ന ഉമ്മൻ ചാണ്ടിയുടെ ചിന്തക്ക് ജനം മറുപടി നൽകും.

പണ്ട് പരീക്ഷിച്ച് കൊ-ലീ-ബി സഖ്യത്തിനു എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം. അക്കൗണ്ട് തുറക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി കരുതുന്ന മണ്ഡലങ്ങളിൽ അവരെ സഹായിച്ച ശേഷം മറ്റു മണ്ഡലങ്ങളിൽ തിരിച്ചും സഹായം നേടി അധികാരത്തിൽ തിരികെയെത്താമെന്ന ഉമ്മൻ ചാണ്ടിയുടെ കണക്ക്കൂട്ടൽ വിലപ്പോകില്ലെന്നായിരുന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിനാണ് മത്സരം ബിജെപിയുമായിട്ടാണെന്ന് ഉമ്മൻ ചാണ്ടി പറയുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. ഇരു മുന്നണികളും ബിജെപി ബന്ധം ആരോപിക്കുന്നത് പരസ്പരം സഹകരിച്ചുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു

അതേസമയം സംസ്ഥാനത്ത് ബിജെപി ഒരിക്കലും അക്കൗണ്ട് തുറക്കില്ലെന്നും എൽഡിഎഫും യുഡിഎഫും തമ്മിലാണ് എല്ലായിടത്തും കടുത്ത മത്സരം നടക്കുന്നതെന്നും സുധീരൻ പറഞ്ഞു. ബിജെപി ഒരിടത്തും മുന്നേറ്റമുണ്ടാക്കില്ലെന്നും അദ്ദേഹം മലപ്പുറത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞു.ഇന്നലെ ആലപ്പുഴയിലെ കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മിക്ക മണ്ഡലങ്ങളിലും കടുത്ത മത്സരം നടക്കുന്നത് ബിജെപിയും യുഡിഎഫും തമ്മിലാണെന്നും എൽഡിഎഫ് മൂന്നാംസ്ഥാനത്താണെന്നും ഉമ്മൻ ചാണ്ടി പ്രസംഗിച്ചിരുന്നു.

നേരത്തെ അരുവിക്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യംവച്ച് മുഖ്യമന്ത്രി ഇതേ വാചകവുമായാണ് തെരഞ്ഞെടുപ്പ് വേദികളിലെത്തിയതെന്നും മുഖ്യമന്ത്രി അരുവിക്കരയിലെ കള്ളം ആവർത്തിക്കുകയാണെന്നാണ് സിപിഐഎം പിബി മെംബർ എംഎ ബേബി വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് തന്നെ ഉമ്മൻ ചാണ്ടിയെ തിരുത്തി എത്തിയത്.