തിരുവനന്തപുരം: ധർമ്മടത്ത് പിണറായി വിജയന് വേണ്ടി പ്രചരണം നടത്തിയ വി എസ് അച്യുതാനന്ദനെ പരിഹസിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. ധർമടത്ത് പിണറായിക്കു വേണ്ടി പ്രചാരണത്തിനത്തെിയ വി എസ് എന്തുകൊണ്ട് അവിടെ ലാവ്‌ലിൻ കേസിനെ കുറിച്ച് മിണ്ടിയില്ല എന്ന ചോദ്യ ഉന്നയിച്ചാണ് ഉമ്മൻ ചാണ്ടി മറുചോദ്യം ഉന്നയിച്ചത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ആണ് ഉമ്മൻ ചാണ്ടി വി.എസിനോട് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പിണറായി വിജയൻ ലാവ്‌ലിൻ കേസിൽ പ്രതിയാണെന്നും അദ്ദേഹത്തെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കണമെന്നും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും കാണിച്ച് വി എസ് ധാരാളം കത്തുകൾ പോളിറ്റ് ബ്യൂറോക്ക് അയച്ചിരുന്നു.

ആ കത്തുകൾ ഒന്നും പിൻവലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്റിൽ സിബിഐ പിണറായിയെ കുറ്റവിമുക്തനാക്കിയിട്ടും എന്തുകൊണ്ട് അക്കാര്യം ധർമടത്ത് പറഞ്ഞില്ല എന്നു ചോദിക്കുന്നു. പിണറായി ലാവലിൻ കേസിൽനിന്നു കുറ്റവിമുക്തനായെന്ന നിലപാടിലേക്ക് അങ്ങും എത്തിയെന്നാണോ? എങ്കിൽ അതെങ്കിലും ജനങ്ങളോട് പറയേണ്ടതല്ലേ ധർമടത്തേക്ക് പോവുമ്പോൾ എന്തുകൊണ്ട് ടി പിയുടെ വിധവയെ കാണാൻ തയ്യാറായില്‌ളെന്നും ബാലകൃഷ്ണപിള്ളക്കെതിരെ നടത്തിയ പോരാട്ടം വിസ്മരിച്ചുകൊണ്ട് പിള്ളയുമായി വേദി പങ്കിടുന്നത് ജനങ്ങൾ വീക്ഷിക്കുന്നുണ്ടെന്നും പോസ്റ്റിൽ പറയുന്നു.

പിണറായി വിജയൻ ലാവലിൻ കേസിൽ പ്രതിയാണെന്നും, അദ്ദേഹത്തെ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്നും പാർട്ടിയിൽനിന്നും പുറത്താക്കണമെന്നും കാട്ടി അങ്ങ് അനേകം കത്തുകൾ പോളിറ്റ്ബ്യൂറോയ്ക്ക് അയച്ചിരുന്നല്ലോ. ആ കത്തുകളൊന്നും അങ്ങ് ഇതുവരെ പിൻവലിച്ചിട്ടില്ല. നിലപാടുകൾ മാറ്റിയിട്ടുമില്ല. പിണറായി വിജയനെ സിബിഐ കോടതി ലാവലിൻ കേസിൽ നിന്നു താൽക്കാലികമായി കുറ്റവിമുക്തനാക്കിയപ്പോൾ, അദ്ദേഹം കുറ്റവിമുക്തനായി എന്ന് പരസ്യമായി പറയാൻ അങ്ങ് കൂട്ടാക്കിയിരുന്നില്ല. വിധി പഠിച്ചിട്ട് പറയാം എന്നാണ് അങ്ങ് അന്നു പറഞ്ഞത്. ലാവലിൻ കേസുതന്നെ ഇല്ലാതായി എന്നാണ് സിപിഐ(എം) പറയുന്നതെന്നും ഉമ്മൻ ചാണ്ടി ചോദിക്കുന്നു.

ധർമ്മടത്ത് പ്രസംഗിച്ചപ്പോൾ കേരള മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെയെല്ലാം ആരോപണങ്ങൾ മാത്രമായി നിൽക്കുന്ന വിഷയങ്ങൾ അങ്ങ് എണ്ണിയെണ്ണി പറഞ്ഞല്ലോ. അങ്ങനെ എണ്ണിയെണ്ണി പറഞ്ഞ അങ്ങ്, കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്നു ചൂണ്ടിക്കാട്ടി പലതവണ സിപിഐ(എം) പോളിറ്റ്ബ്യൂറോയ്ക്ക് കത്തച്ച ലാവലിൻ വിഷയം എന്തുകൊണ്ടു പറഞ്ഞില്ല. ഇതിൽനിന്നും വ്യക്തമാകുന്നത് പിണറായി ലാവലിൻ കേസിൽനിന്നു കുറ്റവിമുക്തനായെന്ന നിലപാടിലേക്ക് അങ്ങും എത്തിയെന്നാണോ. എങ്കിൽ അതെങ്കിലും ജനങ്ങളോട് പറയേണ്ടതല്ലെയെന്നുമാണ് ചോദ്യം.