കോട്ടയം: കണ്ണൂരിലെ മൂർഖൻ പറമ്പിലെ വിമാനത്താവളത്തിൽ നിന്നും ഇന്ന് വിമാനം പറന്നുയരുമ്പോൾ വികസന നായകൻ എന്ന പരിവേഷം ലഭിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്്. മുഖ്യമന്ത്രിയെ മുന്നിൽ നിർത്തി ഇടതുമുന്നണി പദ്ധതിയുടെ പൂർണമായ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്യുന്നു. വിമാനം പറന്നുയരുകയും കണ്ണൂരുകാർ അത് ആഘോഷമാക്കുകയും ചെയ്യുമ്പോൾ വിമാനത്താവളത്തിന്റെ നിർമ്മാണത്തിന്റെ നിർമ്മാണയ ഘട്ടങ്ങളിൽ അടക്കം ഇടപെട്ടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോട്ടയത്ത് പുതുപ്പള്ളിയിലാണ്. തന്നെ ക്ഷണിക്കാതിരുന്നതിൽ യാതൊരു പരിഭവങ്ങളും ഉമ്മൻ ചാണ്ടിക്കില്ല. വിവാദങ്ങൾക്കൊന്നും ഇല്ലെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ പുകഴ്‌ത്തിയില്ലെങ്കിലും ഇകഴ്‌ത്താതിരിക്കണം എന്ന കാര്യം മാത്രമാണ് ചൂണ്ടിക്കാട്ടുന്നത്.

വികസനാ നായക പരിവേഷത്തിൽ പിണറായി പദ്ധതിയിൽ നിറഞ്ഞു നിർക്കുമ്പോഴും കേരളത്തിലെ ജനങ്ങളെ അങ്ങനെ ആർക്കും തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്ന് മാത്രമാണ് മുൻ മുഖ്യമന്ത്രി പറയുന്നത്. എന്താണ് എങ്ങനെയാെണന്ന് അവർക്ക് നന്നായി അറിയാം. ഞാനേതായും ഒരു വിവാദത്തിനില്ല. കാരണം ഇത് സന്തോഷിക്കേണ്ട നിമിഷമാണ്.'- ഉമ്മൻ ചാണ്ടി പറഞ്ഞു. ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

കണ്ണൂർ വിമാനത്താവളം എന്നത് കേരളത്തിന്റെ വികസനത്തിന്റെ പുതിയ തലമാണ്. 2017ൽ തന്നെ ഉദ്ഘാടനം നടത്താനായി സമയബന്ധിതമായി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. രണ്ട് വർഷ്ങ്ങൾക്ക് മുമ്പ് ഉദ്ഘാടനം നടക്കേണ്ടതായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറയുന്നു. എന്നാൽ പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് സിപിഎം ഭരിച്ചിരുന്ന ഒരു പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള നിസഹരണം വിമാനത്താവളത്തിന്റെ വർക്ക് ഷെഡ്യൂളിൽ താമസം വരുത്തി. എന്നിട്ടും റൺവേയുടെ പണി നൂറ് ശതമാനം പൂർത്തിയാക്കി വിമാനം ഇറക്കിയിരുന്നു. അവശേഷിച്ചത് ടെർമിനലിന്റെ പണി മാത്രമായിരുന്നു. അതും 80 ശതമാനം യുഡിഎഫ് സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങുമ്പോൾ പൂർത്തിയാക്കിയിരുന്നു. ഏതായാലും ഇപ്പോഴെങ്കിലും കണ്ണൂർ വിമാനത്താളം യാഥാർഥ്യമായതിൽ സന്തോഷം. ഉമ്മൻ ചാണ്ടി പറഞ്ഞു.

അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തതോടായാണ് കണ്ണൂരിന്റെ ചിരകാല സ്വപ്നം പൂവണിഞ്ഞത്. കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂർ വിമാനത്താവളത്തിന്റെ ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ആയിരങ്ങളെത്തിയ ചടങ്ങിൽ വിവിധ കലാപരിപാടിരളും ഒരുക്കിയിരുന്നു.മന്ത്രിമാരായ കെ.കെ ശെലജ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി ജയരാജൻ എംപിമാരായ പി കെ ശ്രീമതി, വ്യവസായിയായ യൂസഫലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം ഇടതുമുന്നണി യു.ഡി.എഫിന്റെ വികസനനേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടതുമുന്നണിക്ക് അവകാശപ്പെടാൻ വികസനനേട്ടങ്ങളൊന്നുമില്ല. കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മാത്രമല്ല വി എസ് അച്യുതാനന്ദനെയും സർക്കാർ ഒഴിവാക്കി. ബിജെപി. കെ.സുരേന്ദ്രനെ പ്രദർശനവസ്തുവാക്കി മഹത്വവൽക്കരിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. അതിനിടെ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാത്തതിൽ ടെർമിനലിൽ യാത്രക്കാരുടെ പ്രതിഷേധം ഉയർന്നു. ആദ്യ വിമാനത്തിലെ യാത്രക്കാരനായ ഫൈസലാണ് പ്രതിഷേധം അറിയിച്ചുള്ള പോസ്റ്ററുമായെത്തിയത്.