- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്വം തനിക്ക്; ചെറിയാന് ജയിച്ച് വരാൻ കഴിയുന്ന സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ലെന്നും അന്നും ഇന്നും അദ്ദേഹത്തോട് വിദ്വേഷം ഇല്ലെന്നും ഉമ്മൻ ചാണ്ടിയുടെ കുമ്പസാരം; തന്റെ രക്ഷകർത്താവാണ് ഉമ്മൻ ചാണ്ടി എന്നും ചെറിയാനും
തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് ഉമ്മൻ ചാണ്ടി. അന്നും ഇന്നും ചെറിയാൻ ഫിലിപ്പിനോട് തനിക്ക് വിദ്വേഷമില്ലെന്നും ഉമ്മൻ ചാണ്ടി കേരള സഹൃദയ വേദിയുടെ അവുക്കാദർകുട്ടി നഹ പുരസ്‌കാരദാന ചടങ്ങിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി പറഞ്ഞത്: 'പുതുപ്പള്ളിയിൽ എനിക്കെതിരെ ചെറിയാൻ ഫിലിപ്പ് മത്സരിച്ചപ്പോൾ എല്ലാർക്കും അതൊരു അത്ഭുതമായിരുന്നു. എല്ലാവരും ധരിച്ചത് ഞാനും ചെറിയാനുമായിട്ടുള്ള സൗഹൃദം അവസാനിച്ചെന്നാണ്. എന്നാൽ, ഞാൻ അങ്ങനെയായിരുന്നില്ല. ഏത് പ്രശ്നം വന്നാലും ഞാൻ എതിരെയുള്ള ആളുടെ കാഴ്ചപ്പാടിൽ കൂടി നോക്കും. അങ്ങനെ നോക്കുമ്പോൾ എനിക്ക് ചെറിയാനോട് വിദ്വേഷമല്ല. എന്തോ ഒരു തെറ്റ് എന്റെ ഭാഗത്ത് വന്നു എന്ന മനോഭാവമായിരുന്നു. ചെറിയാൻ ഫിലിപ്പിനെ പോലെയുള്ള ഒരു വ്യക്തിക്ക് ജയിച്ചുവരാൻ കഴിയുന്ന സീറ്റ് പാർട്ടിക്ക് കൊടുക്കാൻ സാധിക്കാതെ പോയി. തെറ്റ് ചെറിയാന്റെ ഭാഗത്തല്ല, ഞാൻ കൂടി ഉൾപ്പെടുന്ന സംവിധാനത്തിന്റെ തെറ്റായാണ് കാണുന്നത്. അതുകൊണ്ടുതന്നെ അന്നും ഇന്നും ചെറിയാനോട് വിദ്വേഷമില്ല.''
ഉമ്മൻ ചാണ്ടിയുടെ പരാമർശങ്ങൾ മറുപടിയുമായി ചെറിയാൻ ഫിലിപ്പും രംഗത്തെത്തി. 'എന്റെ രക്ഷകർത്താവാണ് ഉമ്മൻ ചാണ്ടി. ആ രക്ഷകർതൃത്വം ഇനിയും എനിക്കു വേണം. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് എന്റെ കാര്യത്തിൽ യാഥാർഥ്യമായി.''
ചെറിയാൻ ഫിലിപ്പ് ഇടതുപക്ഷത്തെ വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ പരാമർശങ്ങൾ. ചെറിയാൻ ഫിലിപ്പ് 20 വർഷം മുമ്പാണ് കോൺഗ്രസ് വിട്ടത്. ഒരുതവണ അദ്ദേഹം പുതുപ്പള്ളിയിൽ ഇടതു പിന്തുണയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മൽസരിച്ചിരുന്നു. മറ്റൊരു വേളയിൽ കെ മുരളീധരനെതിരെയും മൽസരിച്ചു. രാഷ്ട്രീയ ചർച്ചകളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ചെറിയാൻ കടന്നാക്രമിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം പല കോൺഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
ചെറിയാൻ ഫിലിപ്പിനെ സിപിഎം അവഗണിക്കുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. രാജ്യസഭാ സീറ്റിൽ ഒഴിവ് വന്നപ്പോൾ പരിഗണിക്കാതിരുന്നതും നിമയസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ നൽകാതിരുന്നതും ഈ പ്രചാരണത്തിന് ബലമേകി. അടുത്തിടെ ഖാദി ബോർഡിൽ വൈസ് ചെയർമാൻ പദവി നൽകിയിരുന്നു. എന്നാൽ ചെറിയാൻ അത് പരസ്യമായി നിഷേധിച്ചു. കേരള രാഷ്ട്രീയ ചരിത്രം എഴുതുകയാണ് ചെറിയാൻ. ചരിത്രമെഴുത്തും ഖാദി ബോർഡും ഒരുമിച്ച് പോകില്ലെന്നായിരുന്നു ചെറിയാന്റെ മറുപടി. ഇതിന് ശേഷം ചെറിയാനുമായി കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചിരുന്നു. വൈസ് ചെയർമാനായി നിയമിച്ചുള്ള ഉത്തരവ് ഖാദി ബോർഡ് റദ്ദാക്കി. പ്രകൃതി ദുരന്തവിഷയത്തിൽ പിണറായി വിജയൻ സർക്കാരിനെതിരെ ദിവസങ്ങൾക്ക് മുമ്പ് കടുത്ത ഭാഷയിൽ ചെറിയാൻ രംഗത്തുവന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ