- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പ്യൂട്ടർ കൊണ്ടുവന്നപ്പോഴും പാടത്ത് ട്രാക്ടർ ഇറക്കിയപ്പോഴും എതിർത്തത് ആരാണ്? സംസ്ഥാനത്ത് വികസന പദ്ധതികൾ വരുമ്പോൾ ചിലർ എതിർക്കാൻ വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധം കൊണ്ടെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏതെങ്കിലും വികസന പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അതിനെ എതിർക്കാൻ ചിലർ വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധം മൂലം ഉണ്ടായതാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കമ്പ്യൂട്ടർ കൊണ്ടുവരാൻ ശ്രമിച്ചപ്പോഴും പാടത്ത് ട്രാക്ടർ ഇറക്കിയപ്പോഴും തുടങ്ങി 'ഗെയിൽ പൈപ്പ് ലൈൻ' സ്ഥാപിക്കുമ്പോൾ വരെ അക്രമാസക്തമായ സമരത്തിലൂടെ അതിനെ അട്ടിമറിക്കാൻ ശ്രമിച്ച സിപിഎം നേതൃത്വത്തിനു വൈകിവന്ന വിവേകമാണ് മുഖ്യമന്ത്രിയുടെ ഈ കുമ്പസാരത്തിന് കാരണം.
ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാക്കാൻ സാധിച്ചത് 2021ലാണെന്നും ഇതു പൂർത്തീകരിക്കാൻ എൽഡിഎഫ് സർക്കാർ പരിശ്രമിച്ചുവെന്നതും യാഥാർഥ്യം തന്നെയാണ്. എന്നാൽ ചില സത്യങ്ങൾ മുഖ്യമന്ത്രി മറക്കരുത്. ഗ്യാസ് ലൈൻ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കി എഫ്എസിടി, കൊച്ചിൻ റീഫൈനറീസ്, കൊച്ചി സ്പെഷൽ ഇക്കണോമിക് സോൺ, ടിസിസി, നിറ്റജെലാറ്റിൻ എന്നീ സ്ഥാപനങ്ങൾക്കും കൊച്ചി സിറ്റി ഗ്യാസ് പ്രോജക്ടിനും ഗ്യാസ് എത്തിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു.
രണ്ടാംഘട്ടത്തിന്റെ പൈപ്പ് ലൈൻ സ്ഥാപിച്ച് ഉപയോഗിക്കാനുള്ള അവകാശരേഖ, സ്ഥലം അക്വയർ നടപടികൾ പൂർത്തിയാക്കിയതും യുഡിഎഫിന്റെ കാലത്ത് തന്നെ. സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള 28 സ്ഥലങ്ങളിൽ 17 എണ്ണത്തിനുള്ള സ്ഥലവും യുഡിഎഫിന്റെ കാലത്ത് ഏറ്റെടുത്തു. രണ്ടാംഘട്ടത്തിനുള്ള പൈപ്പും മറ്റ് അനുബന്ധ ഉപകരണങ്ങളും എല്ലാം യുഡിഎഫിന്റെ കാലത്തു തന്നെ ഗെയിൽ ലഭ്യമാക്കുകയും ചെയ്തു.
പൈപപ്പ് ലൈൻ സ്ഥാപിക്കാനുള്ള പ്രവർത്തികൾ ആരംഭിച്ചപ്പോൾ അതിനെതിരെ നടന്ന പ്രക്ഷോഭം മൂലമാണ് പദ്ധതി നീണ്ടുപോയത്. ആ സമരത്തിന്റെ മുൻപന്തിയിൽ പല തീവ്രവാദ സംഘടനകളോടൊപ്പം സിപിഎമ്മും ഉണ്ടായിരുന്ന കാര്യം അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് നിഷേധിക്കാൻ കഴിയുമോ എന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. എൽഡിഎഫ് സർക്കാരിലെ ഇപ്പോഴത്തെയും കഴിഞ്ഞ കാലത്തെയും മന്ത്രിമാർ വരെ ആ സമരത്തിന്റെ നേതൃരംഗത്ത് ഉണ്ടായിരുന്നു.
ഏതായാലും ഭരണത്തിലേക്കു വന്നപ്പോൾ എൽഡിഎഫിനുണ്ടായ മാറ്റം കേരളത്തിന് ആശ്വാസകരമാണ്. ഒരു റിലേ റേയ്സിൽ ഒരു ടീം വിജയിക്കുന്നതിന്റെ ക്രെഡിറ്റ് അവസാനത്തെ ലാപ് ഓടുന്നവർക്കു മാത്രമല്ല എന്ന യാഥാർഥ്യം അവഗണിക്കരുതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ