- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എംജി സർവകലാശാല വൈസ് ചാൻസലറായി ഡോ. ജാൻസി ജെയിംസിനെ നിയമിച്ചത് 2004 നവംബറിൽ; യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഉണ്ടാകുന്നത് 2005 ജനുവരിയിലും; ലോകായുക്തയെ ദുർബലപ്പെടുത്താൻ വ്യാജാരോപണങ്ങൾ: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ലോകായുക്തയെ കൂടുതൽ ദുർബലപ്പെടുത്താനാണ് മുന്മന്ത്രി കെടി ജലീലിനെ ഇറക്കി സിപിഎം വ്യാജാരോപണങ്ങൾ പടച്ചുവിടുന്നതെന്നു മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കുറ്റാരോപിതരെ രക്ഷിക്കാൻ ലോകയുക്തയുടെ അധികാരം കവർന്നെടുക്കാൻ നടത്തുന്ന ശമങ്ങൾക്കു പിന്നാലെയാണ് ഇപ്പോൾ വ്യാജാരോപണങ്ങൾ ഉന്നയിക്കുന്നത്.
എംജി സർവകലാശാല വൈസ് ചാൻസലറായി ഡോ. ജാൻസി ജെയിംസിനെ നിയമിച്ചത് 2004 നവംബറിലും യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഉണ്ടാകുന്നത് 2005 ജനുവരിയിലുമാണ്. അനുകൂലമായ കോടതിവിധിക്ക് പ്രതിഫലമായാണ് വൈസ് ചാൻസർ നിയമനമെന്ന വാദം ഇതോടെ പൊളിയുന്നു. യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ ജസ്റ്റിസ് സിറിയക് ജോസഫിനെ കൂടാതെ ജസ്റ്റിസ് സുഭാഷൻ റെഡ്ഢിയും ഉണ്ടായിരുന്നു.
കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലറായി ഡോ ജാൻസി ജെയിംസിനെ നിയമിച്ചപ്പോൾ എല്ലാ വിഭാഗത്തിൽ നിന്നും അതിനു വലിയ സ്വീകാര്യത ലഭിച്ചു. വൈസ് ചാൻസലർ സ്ഥാനത്തേക്ക് മറ്റൊരു പേരും അന്ന് ഉയർന്നിരുന്നില്ല. പിന്നീട് ഡോ ജാൻസി കാസർകോഡ് കേന്ദ്രസർവകലാശാലാ വൈസ് ചാൻസലറായി. അക്കാദമിക് മികവാണ് അവരെ ഉന്നതപദവികളിലെത്തിച്ചത്. വൈസ് ചാൻസലർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
ഭരണഘടനാ സ്ഥാപനങ്ങളെ മോദി സർക്കാർ ദുർബലപ്പെടുത്തുന്ന അതേ മാതൃകയിലാണ് ലോകായുക്ത ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ഇടതുസർക്കാർ ദുർബലപ്പെടുത്തുന്നത്. അഴിമതിക്കെതിരേയുള്ള പോരാട്ടത്തെ ദുർബലപ്പെടുത്താൻ ഇതു ഇടയാക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ