- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ അന്വേഷണത്തിന് എതിരെ സുപ്രീംകോടതിയിൽ പോയത് കേരളത്തിന്റെ നെഞ്ചുതകർത്തു; രണ്ടു ചെറുപ്പക്കാരെ നിഷ്ഠൂരമായി കൊന്നശേഷം പാർട്ടിക്കൊലയാളികളെ സംരക്ഷിക്കാൻ നികുതിപ്പണം ചെലവഴിക്കുന്നത് അധാർമികം; നീതിക്ക് വേണ്ടിയുള്ള കുടുംബത്തിന്റെ നിലവിളി സർക്കാർ കൊട്ടിയടച്ചുവെന്നും ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരേ സുപ്രീം കോടതിയിൽ അപ്പീൽ നല്കിയ സർക്കാരിന്റെ നടപടി കേരളത്തിന്റെ നെഞ്ചുതകർത്തെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഈ സർക്കാരിൽ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്ന് ഒരിക്കൽക്കൂടി വ്യക്തമായി.
ഒന്നരവർഷമായി മക്കളെ നഷ്ടപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നിലവിളിക്കുകയാണ്. അതു വീണ്ടും കൊട്ടിയടക്കുകയാണ് സർക്കാർ ചെയ്തത്.
കേസ് സിബിഐക്കുവിട്ട ഹൈക്കോടതി വിധിക്കെതിരേ ഇടതുസർക്കാർ രംഗത്തുവന്നത് എല്ലാവരെയും വേദനിപ്പിച്ചിരുന്നു. മോദി സർക്കാരിന്റെ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്, അഡീഷണൽ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ എന്നിവർക്ക് ഖജനാവിൽ നിന്ന് 88 ലക്ഷം രൂപയാണ് നല്കിയത്. സുപ്രീംകോടതിയിൽ കേസു നടത്താൻ ലക്ഷങ്ങൾ ഇനിയും വേണ്ടിവരും. രണ്ടു ചെറുപ്പക്കാരെ നിഷ്ഠൂരമായി കൊന്നശേഷം പാർട്ടിക്കൊലയാളികളെ സംരക്ഷിക്കാൻ നികുതിപ്പണം ചെലവഴിക്കുന്നത് അധാർമികമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
കേസിലെ ഒന്നാം പ്രതിയും 14 പ്രതികളിൽ ഭൂരിപക്ഷവും സിപിഎമ്മുകാർ ആയതിനാൽ കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങൾ തുടക്കംമുതൽ ഉണ്ടായിരുന്നു. പ്രതികളുടെ വാക്കുകൾ വേദവാക്യംപോലെ കരുതിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത് എന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചത്. വാദം പൂർത്തിയായ ശേഷം സർക്കാർ ഇടപെട്ട് ഒൻപതു മാസം വിധിപറയാതെ മരവിപ്പിച്ചു നിർത്തിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ