കോട്ടയം: സോളാർ കേസ് അന്വേഷണം സിബിഐക്കും വിട്ട സർക്കാർ നടപടിയെ വിമർശിച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീണ്ടും രംഗത്ത്. തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ ബോധ്യം ഉള്ളതിനാൽ നിയമത്തിന്റെ മുന്നിൽ നിവർന്നുനിൽക്കാൻ സാധിക്കുമെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്നും ഉമ്മൻ ചാണ്ടി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ അവസാനത്തെ മൂന്ന് വർഷവും പിണറായി വിജയന്റെ നേതൃത്വത്തിൽ സോളാറുമായി ബന്ധപ്പെട്ട സമരങ്ങളാണ് നടത്തിയത്. സോളാർ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാണ് അധികാരത്തിൽ കയറിയത്. എന്നിട്ട് കഴിഞ്ഞ അഞ്ച് വർഷവും എന്തുചെയ്തു. മൂന്ന് ഡിജിപിമാർ അന്വേഷിച്ചിട്ടും നടപടിയെടുക്കാൻ സാധിച്ചില്ല. ഒരു രാഷ്ട്രീയ മര്യാദയുമില്ലാതെ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഗവൺമെന്റിന്റെയും മുഖ്യമന്ത്രിയുടെയും ദയനീയ പരാജയം ഞാൻ കാണുന്നുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സോളാറുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതുകൊണ്ട് ഞങ്ങളെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. എന്നിട്ട് എന്തുകൊണ്ട് ചെയ്തില്ല. എഫ്ഐആർ ഇട്ട് രണ്ട് കൊല്ലം ആയിട്ടും നടപടി എടുത്തിരുന്നില്ല. അന്വേഷണത്തിന് ഒരു തടസവും ഇല്ലാതിരുന്നിട്ടും സർക്കാരിന് ഒരു നടപടിയും എടുക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെറ്റ് ചെയ്തിട്ടില്ല എന്നത് തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആത്മവിശ്വാസം. അതുകൊണ്ട് തന്നെ നിവർന്നുനിൽക്കുകയാണ്. കോടതിയിൽ പോയാൽ അന്വേഷണത്തിന് തടസം നിൽക്കുന്നുവെന്ന് സർക്കാർ ആരോപിക്കും. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകാതിരുന്നത് പോലെ സിബിഐ അന്വേഷണത്തിനെതിരെയും കോടതിയെ സമീപിക്കില്ല.

ജോസ് കെ മാണിക്കെതിരെ അന്വേഷണം ഇല്ലെന്ന ആരോപണം ഉന്നയിക്കില്ല കാരണം. ഈ കേസ് മുഴുവൻ കള്ളക്കഥയാണ്. ഇത് സർക്കാരിന് തന്നെ തിരിച്ചടിയാകും. മുൻപ് ലാവ്ലിൻ കേസിൽ ഭരണപക്ഷവും പ്രതിപക്ഷവും കുറ്റക്കാരെന്ന ആരോപണം ഉയർന്നതോടെയാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കമ്മീഷൻ റിപ്പോർട്ട് ലഭിച്ച ഉടനെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് പറഞ്ഞ് ക്യാബിനറ്റ് കൂടുകയും വേങ്ങര തിരഞ്ഞെടുപ്പിന്റെ ദിവസം മുഖ്യമന്ത്രി നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. കമ്മീഷന്റെ നിയമവിരുദ്ധമായ നടപടികൾ ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിൽ ചോദ്യംചെയ്തപ്പോൾ ഹൈക്കോടതി ഞങ്ങൾക്ക് അനുകൂലമായി വിധിച്ചു.

പ്രധാനപ്പെട്ട ഒരു കത്ത് കമ്മീഷൻ റിപ്പോർട്ടിന്റെ ഭാഗമാക്കാൻ പാടില്ലെന്നും അത് നീക്കംചെയ്യണമെന്നും കോടതി ഉത്തരവിട്ടു. എന്തുകൊണ്ട് സംസ്ഥാന സർക്കാർ അപ്പീൽ പോയില്ല. പിണറായി വിജയൻ മറുപടി പറയണം. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എഫ്ഐആർ എടുത്തിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും പിറണായി വിജയൻ വ്യക്തമാക്കണം.

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കൂട്ടായ നേതൃത്വം എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ പ്രചാരണത്തിന് പ്രത്യേക സമിതി രൂപവത്കരിച്ചതെന്നും മറ്റ് രാഷ്ട്രീയ പ്രധാന്യമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രചാരണ മേൽനോട്ട സമിതിയുടെ അധ്യക്ഷനാകുന്ന ദൗത്യം ഏറ്റെടുത്തതെന്നും ഉമ്മൻ ചാണ്ടി ചാനൽ അഭിമുഖത്തിൽ പറഞ്ഞു.