- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്റെ മറ ചെന്നിത്തലയ്ക്ക് ആവശ്യമില്ല; അത് എനിക്ക് നല്ലതുപോലെ അറിയാം; അദ്ദേഹം ദേശീയ-സംസ്ഥാന തലങ്ങളിൽ എല്ലാ സ്ഥാനങ്ങളും വഹിച്ച ആൾ; അദ്ദേഹത്തിന് ആരുടെയും മറ വേണ്ട; എ ഗ്രൂപ്പിൽ നിന്ന് അകന്ന തിരുവഞ്ചൂരിന് മറുപടിയുമായി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ, തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടിയുമായി ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തല ദേശീയ തലത്തിലും സംസ്ഥാനതലത്തിലും എല്ലാസ്ഥാനങ്ങളും വഹിച്ച നേതാവാണ്. അദ്ദേഹത്തിന് പൊതുരംഗത്ത് പ്രവർത്തിക്കാൻ ആരുടെയും മറ വേണ്ട. ഏതായാലും എന്റെ മറ ആവശ്യമില്ലെന്നുള്ളത് തനിക്ക് നല്ലതുപോലെ അറിയാമെന്ന് ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി തിരുവഞ്ചൂർ രംഗത്തുവന്നിരുന്നു. ഇന്നലെ കോട്ടയത്ത് പറഞ്ഞ കാര്യങ്ങളിൽ ചെന്നിത്തലയ്ക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നും ആരും ഉമ്മൻ ചാണ്ടിക്ക് പിന്നിൽ ഒളിക്കേണ്ടെന്നുമായിരുന്നു തിരുവഞ്ചൂർ പറഞ്ഞത്. ചെന്നിത്തല പറഞ്ഞത് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ല. ആർക്കും നാവില്ലാത്തതുകൊണ്ടല്ല. കണ്ണ് കെട്ടി കല്ലെറിയുന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഞാൻ പരിധി വിടില്ല. എന്റെ പാർട്ടിയെ വേദനിപ്പിക്കുന്ന ഒന്നും പറയില്ല. താൻ ഗ്രൂപ്പ് കളിച്ചപ്പോൾ പാർട്ടിക്ക് ശക്തി ഉണ്ടായിരുന്നു. എന്നാൽ, പക തീർത്തേ അടങ്ങുവെന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.കോൺഗ്രസിന്റെ കേരള നേതൃത്വത്തിൽ വിശ്വാസമുണ്ട്. അവർക്ക് ഹൈക്കമാൻഡിന്റെ സഹായവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടി നല്ല പക്വതയുള്ള നേതാവാണ്. അദ്ദേഹം ഒരു ട്രാപ്പിലും പെടില്ല. അദ്ദേഹം ഈ പ്രശ്നവും തീർക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയെ വിവാദത്തിൽ വലിച്ചിഴക്കുന്നില്ല. തനിക്ക് പബ്ലിസിറ്റി കിട്ടാൻ ഉമ്മൻ ചാണ്ടിയെ ഒരു ഐറ്റം ആക്കാൻ താനില്ല. തർക്കങ്ങൾ പ്ലാറ്റ്ഫോമിൽ പറഞ്ഞ് തീർക്കണം, തീ കൊടുക്കുന്ന സമീപനം ശരിയല്ല. എല്ലാവരുടേയും മനസ് നന്നാവട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
.കോട്ടയം ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ വേദിയിൽ പ്രസംഗിക്കവെയാണ് ചെന്നിത്തല പുതിയ പാർട്ടി നേതൃത്വത്തെ തന്റെ അതൃപ്തി പരസ്യമായി അറിയിച്ചത്. താൻ ഈ പാർട്ടിയിലെ കാലണ മെമ്പറാണ് എന്നാൽ എഐസിസി പ്രവർത്തക സമിതി അംഗമായ ഉമ്മൻ ചാണ്ടിയെ കാര്യങ്ങൾ അറിയിക്കേണ്ടതായിരുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അച്ചടക്ക നടപടിക്ക് മുൻകാല പ്രാബല്യമുണ്ടായിരുന്നെങ്കിൽ ഇന്ന് പലരും പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ