- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ ഭൂതം ഉമ്മൻ ചാണ്ടിയെ കൊണ്ടേ പോകൂ..! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാർ കമ്പനി നൽകിയ രണ്ട് ലക്ഷം രൂപയ്ക്ക് നന്ദി അറിയിച്ചുള്ള കത്തിലെ കൈയക്ഷരവും ഒപ്പും ഉമ്മൻ ചാണ്ടിയുടേതു തന്നെ; ബംഗളൂരു കോടതി ശിക്ഷിച്ച പ്രതികൾക്കെതിരായ അന്വേഷണം മൂന്ന് വർഷം മരവിപ്പിച്ചു
കൊച്ചി: സോളാർ തട്ടിപ്പു കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കുരുക്കായുള്ള ബാംഗ്ലൂർ കോടതി വിധിക്ക് പിന്നാലെ ശിവരാജൻ കമ്മീഷനിലെ മൊഴികളും നിർണ്ണായകമാകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാർ കമ്പനി നൽകിയ രണ്ട് ലക്ഷം രൂപയ്ക്ക് നന്ദി അറിയിച്ചുള്ള കത്തിലെ കൈയക്ഷരവും ഒപ്പും ഉമ്മൻ ചാണ്ടിയുടേതു തന്നെയെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിമാർ തന്നെ വ്യക്തമാക്കിയതോടെ വിവാദ കമ്പനിയുമായി ഉമ്മൻ ചാണ്ടിക്ക് വളരേയെറെ അടുപ്പമുണ്ടെന്ന് വ്യക്തമാകുന്നു. ഉമ്മൻ ചാണ്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായ ആർ.കെ. ബാലകൃഷ്ണൻ, ടി. സുരേന്ദ്രൻ എന്നിവരാണ് സോളാർ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷനിൽ ഇതു സംബന്ധിച്ച് മൊഴി നൽകിയത്. ടീം സോളാറിന് നന്ദി അറിയിച്ചുകൊണ്ടുള്ള കത്തിൽ 'ഡിയർ ആർ.ബി. നായർ' എന്ന അഭിസംബോധനയിലെയും തീയതിയിലെയും കൈയക്ഷരവും കത്തിലെ ഒപ്പും ഉമ്മൻ ചാണ്ടിയുടേതാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ലല്ലോയെന്ന് കമ്മിഷന്റെ ആവർത്തിച്ചുള്ള ചോദ്യത്ത
കൊച്ചി: സോളാർ തട്ടിപ്പു കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കുരുക്കായുള്ള ബാംഗ്ലൂർ കോടതി വിധിക്ക് പിന്നാലെ ശിവരാജൻ കമ്മീഷനിലെ മൊഴികളും നിർണ്ണായകമാകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാർ കമ്പനി നൽകിയ രണ്ട് ലക്ഷം രൂപയ്ക്ക് നന്ദി അറിയിച്ചുള്ള കത്തിലെ കൈയക്ഷരവും ഒപ്പും ഉമ്മൻ ചാണ്ടിയുടേതു തന്നെയെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിമാർ തന്നെ വ്യക്തമാക്കിയതോടെ വിവാദ കമ്പനിയുമായി ഉമ്മൻ ചാണ്ടിക്ക് വളരേയെറെ അടുപ്പമുണ്ടെന്ന് വ്യക്തമാകുന്നു.
ഉമ്മൻ ചാണ്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായ ആർ.കെ. ബാലകൃഷ്ണൻ, ടി. സുരേന്ദ്രൻ എന്നിവരാണ് സോളാർ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷനിൽ ഇതു സംബന്ധിച്ച് മൊഴി നൽകിയത്. ടീം സോളാറിന് നന്ദി അറിയിച്ചുകൊണ്ടുള്ള കത്തിൽ 'ഡിയർ ആർ.ബി. നായർ' എന്ന അഭിസംബോധനയിലെയും തീയതിയിലെയും കൈയക്ഷരവും കത്തിലെ ഒപ്പും ഉമ്മൻ ചാണ്ടിയുടേതാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ലല്ലോയെന്ന് കമ്മിഷന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഒരു സംശയവുമില്ലെന്നായിരുന്നു ബാലകൃഷ്ണന്റെ മറുപടി. സുരേന്ദ്രനും ഇതു തന്നെയാണ് പറഞ്ഞത്.
മുഖ്യമന്ത്രിക്ക് ലഭിക്കുന്ന നിവേദനങ്ങൾ താനാണ് കൈകാര്യം ചെയ്തിരുന്നതെന്ന് ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ മല്ലേലിൽ ശ്രീധരൻ നായരുടേതായി ഒരു നിവേദനം തനിക്ക് കിട്ടിയിട്ടില്ല. ടീം സോളാറിനു വേണ്ടി സരിത നൽകിയതെന്നു പറയുന്ന നിവേദനത്തെക്കുറിച്ചറിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ കിട്ടുന്ന നിവേദനങ്ങളിൽ തുടർ നടപടികളുണ്ടെങ്കിൽ മാത്രമേ അവ രജിസ്റ്ററിൽ രേഖപ്പെടുത്താറുള്ളൂ. സരിതയെ താൻ കണ്ടിട്ടില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ രണ്ടാമതും വിസ്തരിക്കാനായി കമ്മിഷൻ തീരുമാനിച്ച കാര്യം അറിയില്ലെന്ന് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ബി. രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മല്ലേലിൽ ശ്രീധരൻ നായരെ തനിക്കറിയില്ല. സരിത പതിവായി സെക്രട്ടേറിയറ്റിൽ വരാറുണ്ടോയെന്ന് ഉമ്മൻ ചാണ്ടിയോ എഡിജിപിയോ എസ്‌ഐടിയിലെ മറ്റംഗങ്ങളോ തന്നോട് ചോദിച്ചിട്ടില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു.
സരിതയെ താൻ നേരിട്ടു കണ്ടിട്ടില്ലെന്നും ഫോണിൽ വിളിച്ചിട്ടില്ലെന്നും സുരേന്ദ്രൻ കമ്മിഷനിൽ മൊഴി നൽകി. സർക്കാർ മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ 24 പേർക്ക് നൽകിയ ഫോണിന്റെ സ്റ്റേറ്റ്‌മെന്റ് കമ്മിഷൻ അഭിഭാഷകൻ ഹാജരാക്കി. ഇതിൽ സുരേന്ദ്രൻ ഉപയോഗിച്ചിരുന്ന നമ്പറിൽ നിന്ന് സരിതയുടെ മൊബൈൽ ഫോണിലേക്ക് ഏഴു തവണ വിളിച്ചതായുള്ള രേഖകൾ കാണിച്ചപ്പോൾ അത് ശരിയാണെന്നും എന്നാൽ താനല്ല വിളിച്ചതെന്നും സുരേന്ദ്രൻ മറുപടി നൽകി.
അതേസമയം സോളാർ സാമ്പത്തികതട്ടിപ്പുകേസിൽ ബംഗളുരു കോടതി ശിക്ഷിച്ച പ്രതികൾക്കെതിരെ എം കെ കുരുവിള ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം മൂന്നുവർഷമായി റിപ്പോർട്ട് നൽകാതെ മരവിപ്പിച്ചതിന് പിന്നിലും ഉമ്മൻ ചാണ്ടിയുടെ കരങ്ങളുണ്ടെന്ന് വ്യക്തമായി. 2013 ആഗസ്തിലാണ് ക്രൈംബ്രാഞ്ച് എഡിജിപി ഹേമചന്ദ്രനോട് റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടത്. പൊലീസ് അന്വേഷണത്തിന് തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കുരുവിള ഹൈക്കോടതിയെ സമീപിച്ചത്. ഉമ്മൻ ചാണ്ടി ഒഴികെയുള്ളവരായിരുന്നു പ്രതിപട്ടികയിലുണ്ടായിരുന്നത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷമാണ് ഈ കേസിൽ അന്വേഷണ പുരോഗതി ഉണ്ടായത്. 2012 ഒക്ടോബർ 17ന് എം കെ കുരുവിള അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി മുക്കാൽ മണിക്കൂർനേരിട്ട് സംസാരിച്ചു. തന്നെ ഒഴിവാക്കി പരാതി നൽകാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. തുടർന്ന് അതേനിലയിൽ ലഭിച്ച പരാതി ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശപ്രകാരം ഡിജിപി ബാലസുബ്രഹ്മണ്യത്തിന് നൽകി.
ഡിജിപിയുടെ നിർദ്ദേശപ്രകാരം ഈ പരാതി ഐജി പത്മകുമാറിനും അവിടെനിന്ന് എറണാകുളം ഡിസിപി ഗോപാലകൃഷ്ണപിള്ളക്കും കൈമാറി. തൃക്കാക്കര എസിപി ബിജു അലക്‌സാണ്ടർക്ക് കൈമാറാനായിരുന്നു ഡിസിപിയുടെ നിർദ്ദേശം. ഒടുവിൽ തൃക്കാക്കര എസ്‌ഐ സത്താറിന് മുന്നിലാണ് പരാതി എത്തിയത്. ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശപ്രകാരമാണ് പണം നൽകിയതെന്ന കാര്യം പരാതിയിലുള്ളതിനാൽ എഫ്‌ഐആർ ഇടാൻ കഴിയില്ലെന്ന് എസ്‌ഐ അറിയിച്ചു. പിന്നീട് എസിപി ബിജു അലക്‌സാണ്ടർ എം കെ കുരുവിളയെ വിളിപ്പിച്ചു. എസിപിയുടെ നിർദ്ദേശപ്രകാരം ഉമ്മൻ ചാണ്ടിയെ ഒഴിവാക്കി പുതിയ മൊഴി രേഖപ്പെടുത്തി. പിന്നീട് ഉമ്മൻ ചാണ്ടിയെയും തിരുവഞ്ചൂരിനെയും കണ്ടെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.
2013 ഏപ്രിൽ മൂന്നിന് ഹൈക്കോടതിയിൽ കുരുവിള ഹർജി ഫയൽ ചെയ്തു. ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയ മൊഴി പൊലീസ് നിർബന്ധിച്ച് വാങ്ങിയതിനാൽ ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയായിരുന്നു ഹർജി. ഇതേ തുടർന്ന് മറ്റ് ആറ് കേസുകളിലായി എം കെ കുരുവിളയെ 40 ദിവസത്തോളം ജയിലിലടച്ചു. കേരളത്തിലെ അന്വേഷണ ഏജൻസികളിൽ തനിക്ക് വിശ്വാസമില്ലെന്നും തന്റെ പേരിൽ കള്ളക്കേസ് എടുത്തത് ചൂണ്ടിക്കാട്ടിയും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എം കെ കുരുവിള 2013 ആഗസ്തിൽ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് അന്വേഷിക്കാൻ താൽപര്യമില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. സിബിഐയുടെ മറുപടി നിരസിച്ച കോടതി, വിധി പറയുന്ന ഘട്ടത്തിൽഡിജിപി ബാലസുബ്രഹ്മണ്യം നേരിട്ട് ഹാജരായി ക്രൈംബ്രാഞ്ച്് അന്വേഷിക്കാമെന്ന് അറിയിച്ചു. എം കെ കുരുവിളയെ വിളിച്ച് അഞ്ച് തവണ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.
ക്രൈംബ്രാഞ്ച് എറണാകുളം ഡിവൈഎസ്‌പി ഷംസ് ആണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. ഉടൻ അന്വേഷണറിപ്പോർട്ട് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സോളാർ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയും സബ്‌സിഡിയും വാഗ്ദാനം ചെയ്ത് ഒരു കോടി മുപ്പത്തയ്യായിരം രൂപ തട്ടിയെടുത്തെന്നാണ് കുരുവിളയുടെ പരാതി. എറണാകുളം കേന്ദ്രമാക്കിയ സോസ എഡ്യുക്കേഷൻ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്കമ്പനിയുടെ ചെയർമാൻ വിനുനായർ, ആൻഡ്രൂസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ടെൽജിത്ത്, സോസ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, സോസ മാനേജ്‌മെന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്നിവരാണ് പ്രതികൾ.