തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെപിസിസി ആസ്ഥാനത്ത്. യുഡിഎഫ് സഹകാരികളുടെ യോഗത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹമെത്തിയത്. തുടർന്ന് ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി എം.സുധീരനും അൽപസമയം ഒരുമിച്ചുണ്ടായിരുന്നു. എഐസിസിയുടെ ചീഫ് കോഓർഡിനേറ്റർ കെ.വി.തങ്കബാലുവും സന്നിഹിതനായിരുന്നു.

കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചകളിൽ മഞ്ഞുരുകിയതോടെ ഉമ്മൻ ചാണ്ടിയുടെ മടക്കം. രാഹുലുമായുള്ള ചർച്ചയിൽ എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെട്ടുവെന്ന സന്ദേശം എ ഗ്രൂപ്പിന് ഉമ്മൻ ചാണ്ടി നൽകിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിന് ഹൈക്കമാണ്ട് സമ്മതിച്ചുവെന്നാണ് ഉമ്മൻചാണഅടി പറയുന്നത്.കോൺഗ്രസ് ഉപാധ്യക്ഷനുമായുള്ള ചർച്ചയിൽ താൻ പൂർണ തൃപ്തനാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടതു ഹൈക്കമാൻഡാണ്. പ്രശ്‌നങ്ങളെല്ലാം തീർന്നുവെന്നും കോൺഗ്രസ് ഒരുമിച്ചു നീങ്ങുമെന്നും സുധീരൻ പ്രതികരിച്ചു. പലരും പ്രചരിപ്പിക്കുന്നതുപോലെ പ്രശ്‌നങ്ങളൊന്നും കോൺഗ്രസിലില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കെപിസിസിയുടെ അടുത്ത രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻ ചാണ്ടി പങ്കെടുക്കും

രാവിലെ യുഡിഎഫ് സഹകാരികളുടെ രാജ്ഭവൻ പിക്കറ്റിങ്ങിലും ഉമ്മൻ ചാണ്ടി പങ്കെടുത്തു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം രാഷ്ട്രീയകാര്യ സമിതിയിൽനിന്നു വിട്ടുനിന്നു, കെപിസിസി ആസ്ഥാനത്തു വരാനും തയാറായിരുന്നില്ല. വാർത്താസമ്മേളനം നടത്തിയതും പ്രസ്‌ക്ലബിലായിരുന്നു. ഇതോടെയാണ് ഉമ്മൻ ചാണ്ടിയെ ഡൽഹിക്ക് വിളിപ്പിച്ചത്. ഉമ്മൻ ചാണ്ടി പറഞ്ഞ പരാതികളെല്ലാം രാഹുൽ ഗാന്ധി കേട്ടു. എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമെന്നും പറഞ്ഞു. അതിനപ്പുറം ഉമ്മൻ ചാണ്ടി പറഞ്ഞതെല്ലാം അതേ പടി ചെയ്യുമെന്ന ഒരു ഉറപ്പും നൽകിയിട്ടില്ല. കേരളത്തിലെ നേതൃത്വുമായി സഹകരിച്ച ശേഷം ബാക്കി കാര്യങ്ങൾ നോക്കാമെന്നായിരുന്നു രാഹുലിന്റെ നിലപാട്.

കോൺഗ്രസ് ഹൈക്കമാണ്ടുമായി വിശദമായ ചർച്ച നടത്തിയെങ്കിലും ഉമ്മൻ ചാണ്ടിക്ക് ഉടനൊന്നും ആഗ്രഹിക്കുന്നതൊന്നും ലഭിക്കില്ല. തൽക്കാലത്തേക്ക് ഉമ്മൻ ചാണ്ടിയെ പിണക്കരുതെന്ന് മാത്രമാണ് സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാണ്ട് നൽകിയ നിർദ്ദേശം. ഉമ്മൻ ചാണ്ടി പങ്കുവച്ച വികാരങ്ങൾ എ കെ ആന്റണിയുമായി രാഹുൽ ചർച്ച നടത്തിയിരുന്നു. എന്ത് പറഞ്ഞാലും പാർട്ടിയുമായി നിസ്സഹകരണം പ്രഖ്യാപിച്ച ഉമ്മൻ ചാണ്ടിയുടെ നിലപാട് ശരിയായില്ലെന്നാണ് ആന്റണിയുടെ പക്ഷം. എന്നാൽ മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ ഉമ്മൻ ചാണ്ടിയെ ഒറ്റപ്പെടുത്തരുത്. പിടിവാശിക്ക് വഴങ്ങുകയും അരുതെന്നാണ് ആന്റണിയുടെ നിലപാട. അതുകൊണ്ട് തന്നെ സ്ഥാനമാനങ്ങൾക്കായി ഉമ്മൻ ചാണ്ടിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഇത് മറച്ചുവച്ച് എല്ലാം തന്റെ വരുതിക്കായെന്ന സന്ദേശമാണ് ഉമ്മൻ ചാണ്ടി നൽകുന്നത്.

നാല്പതോളം യു ഡി എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പണവും തന്ത്രവും ഒരുക്കിയവർക്ക് പാർട്ടിയെ അടിയറവ് വയ്ക്കാൻ നടത്തുന്ന നീക്കങ്ങളാണ് വേദനിപ്പിച്ചതെന്നായിരുന്നു ഉമ്മൻ ചാണ്ടി രാഹുൽ ഗാന്ധിയെ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വവും പ്രായശ്ചിത്തവും സ്വയം ഏറ്റെടുത്ത് താൻ മാറി നിന്നു. അത് പാർട്ടിക്ക് വേണ്ടിയായിരുന്നു. എന്നാൽ ഡിസിസി പുനഃസംഘടനയിൽ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിച്ചവരുടെ താൽപ്പര്യമാണ് നേതൃത്വം സംരക്ഷിച്ചത്. ഇതുകൊണ്ടാണ് താൻ ഡിസിസി പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച് പാർട്ടി യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി വിശദീകരിച്ചു. എന്നാൽ ഇതൊക്കം ചെയ്ത തെറ്റ് മറയ്ക്കാനാണെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും. കെപിസിസിയിൽ ഈ ആരോപണങ്ങൾ ഉന്നയിക്കാൻ ധൈര്യമുണ്ടോ എന്നാണ് ചെന്നിത്തല ക്യാമ്പിന്റെ ചോദ്യം.

പാർട്ടി പ്രവർത്തകരെയും പാർട്ടിയെയും ഹൈജാക്ക് ചെയ്താണ് സ്ഥാനങ്ങൾ കയ്യടക്കിയിട്ടുള്ളതെന്നാണ് രാഹുലിനോട് ഉമ്മൻ ചാണ്ടി പറയുന്നത്. ഇവർക്ക് അണികളുടെ പിന്തുണയില്ല. അതുകൊണ്ടാണ് ഇടപെടൽ നടത്താൻ കോൺഗ്രസിന് കഴിയാത്തത്. പാർട്ടി ശക്തിപ്പെടുത്താൻ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണ്. പ്രവർത്തകരുടെ പിന്തുണയുള്ള നേതാക്കൾ അവരെ നയിക്കട്ടെയെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു. പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും രാഹുലിന് ഉമ്മൻ ചാണ്ടി സൂചന നൽകി. ഫലത്തിൽ രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിനെതിരായിരുന്നു ഉമ്മൻ ചാണ്ടി മനസ്സ് തുറന്നത്. എല്ലാ ഗൗരവത്തോടെയും കൂടി ഇതെല്ലാം പരിഗണിക്കുമെന്ന് രാഹുൽ ഉറപ്പും നൽകി. അതിനപ്പുറം സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യം അംഗീകരിച്ചില്ലെന്നാണ് ഐ ഗ്രൂപ്പ് വിശദീകിരിക്കുന്നത്.