പതിവ് സന്യാസിമാരെ പോലെ ആശ്രമ ജീവിതവും ലാളിത്യവും ഒന്നും ഇല്ല ഗുർമീത് റാം റഹീമിന്. ആഡംബരം ആണെങ്കിൽ പറഞ്ഞറിയിക്കാൻ വയ്യാത്തത്രയും. കൂടെ സിനിമയും പാട്ടും നൃത്തവും. വിവാഹിതനും നാല് കുട്ടികളുടെ അച്ഛനും ആണ് ഇദ്ദേഹം.

ഉലകം ചുറ്റുന്നത് ഇഷ്ടമായതിനാൽ ഒന്നിലേറെ തവണ അദ്ദേഹം കേരളത്തിലും വന്നുതാമസിച്ചിട്ടുണ്ട്. മൂന്നാറും കുമരകവും വാഗമണ്ണും റാ റഹിമിന്റെ ഇഷ്ടകേന്ദ്രങ്ങളാണ്.2014 മേയിൽ വാഗമണ്ണിൽ വന്നപ്പോൾ സ്വകാര്യ റിസോർട്ടിലാണു ധ്യാനത്തിലിരുന്നത്. അതിനു മുൻപ് 2012 ജൂലൈയിലും റാം റഹിം കേരളത്തിലെത്തി. അന്നു കുമരകത്തേക്കായിരുന്നു സന്ദർശനം. ആലപ്പുഴ ചേന്നവേലിയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചശേഷമാണ് അദ്ദേഹം കുമരകത്തെ സ്വകാര്യ റിസോർട്ടിലേക്കു മാറിയത്. 2010ൽ മൂന്നാർ ചിന്നക്കനാലിലേക്കാണു വന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പൊലീസ് വാഹനങ്ങളടക്കം അൻപതോളം വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു യാത്ര.

റാം റഹിമിന്റെ ആഡംബരപ്രിയം കണ്ടാൽ ബോളിവുഡ് താരങ്ങൾ പോലും നാണിച്ചുപോകും. സിനിമാസ്‌റ്റൈലിൽ പ്രത്യക്ഷപ്പെടുന്നതിൽ വലിയ ത്രില്ലാണ് റാം റഹിമിനെന്ന് ആരാധകരും വിശ്വാസികളും പറയുന്നു. എല്ലായ്‌പ്പോഴും അണിഞ്ഞൊരുങ്ങിയേ നടക്കൂ. ഷാരൂഖ് ഖാനെപ്പോലെ ചോക്‌ളേറ്റ് ആണ് താനെന്നും അവകാശപ്പെടാറുണ്ട്. സിനിമകളിൽ ആടിപ്പാടുമ്പോൾ അദ്ദേഹത്തിന് ആവേശമാകുന്നതും എസ്ആർകെയാണ്. .

രാഷ്ട്രീയക്കാർ പൊതുവെയും ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ മുഖ്യമന്ത്രിമാർ പ്രത്യേകവും തന്നെ വണങ്ങണമെന്നും അദ്ദേഹത്തിനു നിർബന്ധമാണ്. തിരഞ്ഞെടുപ്പ് സമയത്ത് നിരവധി സ്ഥാനാർത്ഥികളാണ് അനുഗ്രഹം തേടി റാം റഹിമിന്റെ അടുത്തെത്തിയത്. എല്ലായ്‌പ്പോഴും ബിജെപിക്കാണ് റാം റഹിം പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിന് അനുയായികൾ ഉള്ളതിനാൽ രാഷ്ട്രീയക്കാർ സ്വാമിക്കുമുന്നിൽ തല കുമ്പിടുന്നതിൽ അതിശയമില്ല. സ്വാമിയുടെ ഒറ്റവാക്കിൽ വോട്ടുകൾ അടപടലേ മറിയുമെന്ന് രാഷ്ട്രീയക്കാർക്ക് അറിയാം. അതാണ് റാം റഹിമിന്റെ തുറുപ്പുചീട്ടും.

റോക്ക് സ്റ്റാർ ബാബ എന്നു വിളിപ്പേരുള്ള ഗുർമീതിന് വാഹനങ്ങളോടും വല്യ പ്രിയമാണ്. നൂറിലധികം വാഹനങ്ങളാണ് ഇദ്ദേഹത്തിന് സദാസമയം അകമ്പടി സേവിക്കുക. സ്വന്തം മേഖലയ്ക്കു പുറത്തായാൽ നൂറില്ലെങ്കിലും അൻപതെങ്കിലും വാഹനങ്ങൾ അകമ്പടിക്കു വേണമെന്നത് റാ റഹിമിന് നിർബന്ധമാണ്. റേഞ്ച് റോവർ എസ്യുവി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്ന ശീലവുമുണ്ട്. 16 ബ്ലാക്ക് എൻഡവറുകളുണ്ട്. ലക്ഷക്കണക്കിനു രൂപ വിലയുള്ള മോട്ടോർ ബൈക്കുകളും ബുള്ളറ്റുകളും സ്വന്തം. യാത്രകളിൽ സ്ത്രീഭക്തർ ഉറപ്പായും ഉണ്ടായിരിക്കണമെന്നതും നിർബന്ധം. എപ്പോഴും തന്റെ ഫോട്ടോ എടുക്കുന്നതാണ് മറ്റൊരു ഭ്രമം. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള റാ റഹിം പങ്കുവയ്ക്കുന്ന അഭിപ്രായങ്ങളും ഫോട്ടോകളും നിമിഷങ്ങൾക്കകം വിശ്വാസികളും ആരാധകരും ഏറ്റെടുത്ത് വൈറലാക്കും.
ന്മ സിനിമയിലും സകലാകലാവല്ലഭൻ

'ദൈവ'മായതു കൊണ്ടാകണം സിനിമയിലും സകല റോളിലും റാം റഹിം തന്നെ കൈവച്ചത്. 'എംഎസ്ജി: മെസഞ്ചർ ഓഫ് ഗോഡ്' എന്ന സിനിമയിൽ അദ്ദേഹം ദൈവത്തിന്റെ അവതാരമെന്ന് അവകാശപ്പെട്ടാണ് പ്രത്യക്ഷപ്പെട്ടത്. ജാട്ടു എൻജിനീയർ, ഹിന്ദി കാ നാപക് കോ ജവാബ്, എംഎസ്ജി ദി വാരിയർ ലയൺ ഹാർട്ട്, എംഎസ്ജി2ദി മെസഞ്ചർ, എംഎസ്ജി ദി മെസഞ്ചർ എന്നീ സിനിമകളാണ് റാം റഹിമിന്റേതായി റിലീസ് ചെയ്തിട്ടുള്ളത്. എല്ലാം ആരാധകർ ഹിറ്റാക്കി കൊടുത്തു. യു ട്യൂബിലും സിനിമകളും സിനിമയിലെ പാട്ടുകളും ഹിറ്റാണ്. എംഎസ്ജി ദി മെസഞ്ചർ മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ഇറങ്ങിയത്. ഏഴു പാട്ടുകളുണ്ട് ഈ സിനിമയിൽ. ആക്ഷൻ, സാഹസികത, ദേശസ്‌നേഹം, കോമഡി എന്നിവയാണ് സിനിമകളുടെ കാതൽ. പാട്ടുകളും നൃത്തവും ഒട്ടും കുറയ്ക്കാറില്ല. കഥ, തിരക്കഥ, സംഭാഷണം, അഭിനയം, നായകൻ, നിർമ്മാണം, സംവിധാനം തുടങ്ങിയ മേഖലകളെല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നതാണു സ്‌റ്റൈൽ. ഭാവിയിലും സിനിമയിൽ സജീവമാകാനാണ് റാം റഹിമിന്റെ തീരുമാനം.

റോക്ക് സ്റ്റാർ ബാബ എന്ന വിളിപ്പേരിനുപിന്നിൽ ഇദ്ദേഹത്തിന്റെ സംഗീത ആൽബങ്ങൾക്കും പങ്കുണ്ട്. ആറോളം ആൽബങ്ങളാണ് ഇദ്ദേഹം പുറത്തിറക്കിയത്. പശ്ചാത്യ ആൽബങ്ങളുടെ ചുവടുപിടിച്ചുള്ള വേഗമേറിയ താളത്തിലാണ് പാട്ടുകൾ കൂടുതലും ഒരുക്കിയിട്ടുള്ളത്. ആൽബങ്ങളെല്ലാം ചൂടപ്പം പോലെയാണ് വിറ്റുപോയത്. താങ്ക് യു ഫോർ ദാറ്റ്, ഇൻസാൻ, ലൗ റബ് സേ, ഹൈവേ ലൗവ് ചാർജർ, നെറ്റ്‌വർക് തേരാ ലൗ കാ, ചാഷ്മ യാർ കാ തുടങ്ങിയവയാണ് പ്രധാന ആൽബങ്ങൾ. ലൗ ചാർജർ എന്ന ഗാനം റാം റഹിം ആലപിക്കുന്നത് നേരിട്ടുകാണാൻ ലക്ഷക്കണക്കിന് ആരാധകരാണ് എത്തിയത്. സംഗീത പരിപാടി വലിയ സംഭവമാക്കുന്നതിൽ ആരാധകരുടെ പങ്കും ചെറുതല്ല.ബാബയെ ചെറുതായി ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അവർക്കത് മറക്കാം എന്ന് ചുരുക്കം.