പത്തനംതിട്ട: അടൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവാദ ഓണാഘോഷം തന്നോടുള്ള പ്രതികാരം തീർത്തതാണെന്ന് പ്രിൻസിപ്പാൾ ജ്യോതി ജോൺ. വിദ്യാർത്ഥികളുടെ അതിരുകടന്ന ആഘോഷത്തെ പറ്റി അടൂർ എസ്.ഐയെ മുൻകൂട്ടി അറിയിച്ചിരുന്നു, വിദ്യാർത്ഥികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഘോഷത്തിന് ഫയർ എൻജിനും കെ.എസ്.ആർ.ടി.സി ബസും അനുവദിച്ചത് രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ്. പ്രൊഫഷണൽ കൊളേജുകളിലെ വിദ്യാർത്ഥികൾക്ക് സാമൂഹ്യപ്രതിബന്ധത ഇല്ലെന്നും പ്രിൻസിപ്പാൾ മറുനാടൻ മലയാളിയോട് വിശദീകരിച്ചു

ഓണാഘോഷത്തിന്റെ പേരിൽ അടൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികൾ കാട്ടിയ പേക്കൂത്തുകൾ തന്നോടുള്ള പ്രതികാരം കൂടിയാണെന്നാണ് കോളേജ് പ്രിൻസിപ്പൽ ജ്യോതി ജോൺ പറയുന്നത് . 'വാഹനങ്ങൾ കാമ്പസിനുള്ളിൽ കയറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനാ നേതാക്കൾ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ബൈക്കുകൾ പോലും അന്നേ ദിവസം കാമ്പസിനുള്ളിൽ കയറ്റരുതെന്ന് സെക്യൂരിറ്റി ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. കൂടാതെ പൂക്കള മൽസരവും ഓണസദ്യയുമല്ലാതെ മറ്റ് ആഘോഷപരിപാടികൾക്ക് നടത്തെരുതെന്ന് നിർദ്ദേശം നൽകികൊണ്ട് നോട്ടീസും നൽകിയിരുന്നു. പരിപാടിയുടെ തലേദിവസം രാത്രിയിൽ വിദ്യാർത്ഥികൾ ഓണാഘോഷത്തിന്റെ പേരിൽ മറ്റെന്തെക്കെയോ പദ്ധതിയിടുന്നതായി എനിക്ക് വിവരം ലഭിക്കുന്നത്. ഈ വിവരം രാവിലെ തന്നെ അടൂർ എസ്.ഐ.യെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ പൊലീസിനും കാര്യമായ ഇടപെടാൻ കഴിഞ്ഞില്ലെന്നുള്ളത് വാസ്തവമാണ്. '

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിക്കാനിടയായ സംഭവത്തിന്റെ വിവാദം അടങ്ങും മുമ്പാണ്് അടൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥികൾ വിവാദ ഓണാഘോഷം നടത്തിയത്. കെ.എസ്.ആർ.ടി.സി ബസ്, ഫയർ എൻജിൻ, ട്രാക്ടർ, ജെ.സി.ബി, ചെകുത്താൻ എന്നെഴുതിയ ലോറി, ക്രെയിൻ എന്നിവ വാടകയ്ക്ക് എടുത്താണ് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘം അടൂർ മണക്കാലയിൽ അഴിഞ്ഞാടിയത്. മണിക്കൂറുകളോളം റോഡിൽ ഗതാഗത തടസം ഉണ്ടാക്കിയെങ്കിലും പൊലീസും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.

സിഇടിയിൽ ജീപ്പിടിച്ച് മരിച്ച തെസ്‌നി ബഷീറിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച ദിവസം തന്നെ വിദ്യാർത്ഥികൾ ആഘോഷമെന്ന പേരിൽ നടത്തിയ അഴിഞ്ഞാട്ടെത്ത പ്രിൻസിപ്പൽ ശക്തമായി വിമർശിക്കുന്നു. ' പ്രൊഫണൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് സമൂഹത്തിനോട് ഒരു പ്രതിബന്ധതയും ഇല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. തിരുവനന്തപുരത്ത് അതിരുവിട്ട ഓണാഘോഷത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ച ദിവസം തന്നെ ആഘോഷത്തിന്റെ പേരിൽ നടത്തിയ പേക്കൂത്തുകൾ ഒരിക്കലും നീതികരിക്കാനാകില്ല. ഇതിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ ശക്തമായ അച്ചടക്കനടപടി സ്വീകരിക്കുമെന്നും പ്രൊഫ.ജ്യോതി ജോൺ വ്യക്തമാക്കി.

ട്രാക്ടറിന്റെ മുകളിലും ബോണറ്റിലും വശങ്ങളിലും പെൺകുട്ടികളുമായിട്ടായിരുന്നു േെഘാഷയാത്ര. റോഡിലൂടെ വന്ന കെഎസ്ആർടിസി ബസിലും കയറി വിദ്യാർത്ഥികൾ ആർപ്പുവിളി നടത്തി. പൊലീസും ആർടിഒ ഉദ്യോഗസ്ഥരും നോക്കിനിൽക്കെയായിരുന്നു വിദ്യാർത്ഥികളുടെ അതിക്രമം എന്നതും ശ്രദ്ധേയാണ്. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് പത്തനംത്തിട്ട ആർടിഒ പറഞ്ഞു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫയർ ഫോഴ്‌സിനെ വിളിച്ചു വരുത്തിയത്. ഇതിനായി 10,000 രൂപയും അടച്ചിരുന്നു. ക്യാമ്പസിലെത്തിയ വാഹനത്തിനു മുകളിൽ വിദ്യാർത്ഥികൾ കയറുകയും വെള്ളം ചീറ്റി കൃത്രിമ മഴനൃത്തവും നടത്തിയ ശേഷമാണ് ആഘോഷങ്ങൾ അവസാനിപ്പിച്ചത്.

തീപിടുത്തം ഒന്നുമില്ലാത്തതിരുന്നിട്ടും ഉദ്യോഗസ്ഥർ വെള്ളം പമ്പ് ചെയ്തുകൊടുത്ത് ആഘോഷത്തിൽ പങ്കു ചേർന്നതാണ് വിവാദമായത്. ' സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് ഫയർഫോഴ്‌സ് വാഹനം വിട്ടു കൊടുത്തെന്ന ന്യായം ശരിയല്ല. കോളേജിലേക്ക് ഫയർഫോഴ്‌സിന്റെ സഹായം ആവശ്യമായി വന്നാൽ അത് ആവശ്യപ്പെടേണ്ട ആൾ ഞാനാണ്. ഫയർഫോഴ്‌സിന്റെ വാഹനം വിദ്യാർത്ഥികൾക്ക് വിട്ടുകൊടുത്തതിൽ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ്. കെ.എസ്.ആർ.ടി.സി ബസ് കാമ്പസിനുള്ളിൽ കയറ്റണമെന്ന് വിദ്യാർത്ഥികൾ നിർബന്ധം പിടിച്ചെങ്കിലും ഞാൻ അനുവദിച്ചില്ല. വാഹനങ്ങൾ അകത്തു കയറ്റിൽ തിരുവനന്തപുരത്തിന് സമാനമായ ദുരന്തം അടൂരിലുമുണ്ടാകുമായിരുന്നുവെന്നും പ്രിൻസിപ്പാൾ പറഞ്ഞു.

പ്രേമം സിനിമയിലെ നിവിൻ പോളിയുടെ വേഷത്തെ അനുകരിച്ച് കറുത്ത ഷർട്ടും മുണ്ടും ധരിച്ചായിരുന്നു ആൺകുട്ടികൾ ഓണാഘോഷത്തിൽ പങ്കെടുത്തത്. ഗതാഗത നിയമങ്ങൾ ലംഘിച്ചതിനെതിരെ വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.