കേരളത്തിനകത്തും പുറത്തും ലോകത്തിന്റെ ഏതുഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന ഉൽസവമാണ് ഓണം. ഓണാഘോഷം പോലെതന്നെ ഓണക്കളികളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നഗരങ്ങളിലെ ഓണാഘോഷങ്ങളിൽനിന്നും വളരെ വ്യത്യസ്തമാണ് നാട്ടിൻപുറങ്ങളിലേത്. ഓണക്കളികൾക്ക് ഏറെ പ്രാധാന്യമുള്ളതും നാട്ടിൻ പുറങ്ങളിലാണ്. ഓണക്കളികളായ കൈകൊട്ടിക്കളിയും കുമ്മാട്ടിക്കളിയും തലപ്പന്തുകളിയുമെല്ലാം നാട്ടിൻപുറങ്ങളിലെ ഓണാഘോഷങ്ങളിൽ സുലഭമാണ്. കാലമെത്രമാറ്റങ്ങൾ വരുത്തിയിട്ടും മലയാളികൾക്ക് ഓണക്കളികളോട് ഇന്നും പ്രിയമേറെയാണ്.

കേരളത്തിലെ സ്ത്രീജനങ്ങളുടെ ഓണക്കളികളിൽ ഏറെ പ്രധാനപ്പെട്ടയൊന്നാണ് കൈകൊട്ടിക്കളി.ആദ്യകാലത്ത് വീടിന്റെ അകത്തളങ്ങളിൽ കളിച്ചിരുന്ന ഈ കളി പിൽക്കാലത്ത് മുറ്റത്തെ പൂക്കളത്തിനു ചുറ്റുമായിമാറി. ഒരാൾ പാടുകയും മറ്റുള്ളവർ അത് ഏറ്റുപാടി കൈകൊട്ടിക്കളിക്കുകയും ചെയ്യും. വൃത്തത്തിൽ നിന്നുള്ള ഈ കളി ചന്ദ്രന്റെ വയോധികിക്ഷയങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതുന്നവരുണ്ട്. എന്നാൽ വൃത്താകൃതി ശ്രീബുദ്ധന്റെ ധർമ്മചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. കേരളത്തിലെ പ്രാചീന ഗോത്ര നൃത്തങ്ങളുടെ സ്വാധീനവും കൈകൊട്ടിക്കളിയിൽ പ്രകടമാണ്

കേരളത്തിന്റേതെന്ന് അഹങ്കരിക്കാനാവുന്ന ഒരു കലാരൂപമാണ് പുലിക്കളി. തൃശ്ശൂരിന്റെ പുലിക്കളിക്ക് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. നാലാമോണത്തിന് വൈകിട്ടാണ് പുലിക്കളി. മെയ്വഴക്കവും കായികശേഷിയും ഉള്ളവരെയാണ് പുലിക്കളിക്ക് വേണ്ടത്. താളത്തിനു വഴങ്ങുന്ന ചുവടുകളും വന്യതാളവും പുലികളിയുടെ പ്രത്യേകതയാണ്. ആടിനെ വേട്ടയാടുന്ന പുലിയും പുലിയെ വേട്ടയാടുന്ന വേട്ടക്കാരനും ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്. ഉടുക്കും തകിലുമാണ് അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നത്. ത്യശ്ശൂരിലെ പുലികൾ മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമാണ്. ദേഹത്ത് വരക്കാനായി ഉപയോഗിക്കുന്നത് ഇനാമൽപെയിന്റാണ്. കുടവയറുള്ള പുലികളുടെ അരമണികിലുക്കിയുള്ള നൃത്തം പുലിക്കളി പ്രേമികളെ ആവേശത്തിന്റെ നിറവിലെത്തിക്കും.

കുട്ടികളും യുവാക്കളും ഒരുപോലെ പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപന്തു കളി. ആകെയുള്ളവർ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ.മീ നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പിൽ നിന്ന് കുറച്ചകലത്തിൽ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച് കളി തുടങ്ങും. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവർ കൈപ്പിടിയിൽ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാൽ പന്ത് തട്ടിയ ആൾ കളിക്ക് പുറത്താകും.വളരെ ആവേശമുള്ള കളിയാണിത്.

ഓണത്തല്ല് ഓണക്കളികളിൽ ഏറെ പഴക്കമേറിയ ഒന്നാണ്. കയ്യാങ്കളിയെന്നും ഇതിനു പേരുണ്ട്. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്. വ്യവസ്ഥതെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി ഉണ്ടാകും. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ് തല്ല്നടക്കുക. ഇതിന് ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കന്മാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന് 'ചേരികുമ്പിടുക' എന്ന് പറയുന്നു. കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത് മുകളിലേക്കുയർത്തി താഴേക്ക് ശക്തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന് നിയമമുണ്ട്.

ഓണാക്കുമ്മാട്ടി തൃശ്ശൂർ പാലക്കാട് വയനാട് എന്നീ ജില്ലകളിൽ പ്രചാരത്തിലുള്ള കലാരൂപമാണ്. തൃശൂർ പട്ടണത്തിൽ കിഴക്കുമ്പാട്ടുകര ദേശക്കാർ ഓണത്തോടനുബന്ധിച്ച് ഇത് അഘോഷിക്കുന്നു. തൃശ്ശൂർ പാലക്കാട് വയനാട് എന്നീ ജില്ലകളിൽ ദേവപ്രീതിക്കായും വിളവെടുപ്പിനൊടനുബന്ധിച്ചും ഇത് ആഘോഷിക്കുന്നു. സുന്ദരിക്ക് പൊട്ടുതൊടൽ ഓണക്കളികളിലെ വളരെ വിനോദം നിറഞ്ഞഒന്നാണ്. കളിക്കുന്നയാളുടെ കണ്ണുകെട്ടിയ ശേഷം ചിത്രത്തിലെ സുന്ദരിയുടെ നെറ്റിയിൽ പൊട്ടുതൊടുന്നതാണ് കളി. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ പ്രചാരത്തിലുള്ള കളിയാണിത്.

തൃശ്ശൂർ ജില്ലയിൽ ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഗാനനൃത്ത കലാരൂപമാണ് ഓണക്കളി. പത്തോ പതിനഞ്ചോ പുരുഷന്മാർ ചേർന്നാണ് ഈ നൃത്ത കലാരൂപം അവതരിപ്പിക്കുന്നത്. നാടൻപാട്ടിന്റെ ശൈലിയിലാണ് ഓണംകളിയുടെ പാട്ട്. ഇതിന്റെ കളിക്കളത്തിനു മദ്യത്തിൽ നാട്ടുന്ന തൂണിന് ചുറ്റും വൃത്തത്തിൽ നിന്നുകൊണ്ടാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. പാട്ടുതുടങ്ങുന്നതോടെ കളിക്കാരും അതേറ്റുപാടും. ഒരു പാട്ട് ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ നീണ്ടു നിൽക്കും. അയഞ്ഞ താളത്തിൽ തുടങ്ങുന്ന പാട്ട് അന്ത്യത്തോടടുക്കുമ്പോൾ മുറുകി ദ്രുതതാളത്തിൽ അവസാനിക്കുന്നു. ഒന്നിലധികം സംഘങ്ങളെ പരസ്പരം മൽസരിപ്പിച്ച് നടത്തുന്ന ഓണംകളി മത്സരങ്ങളായും നടത്തിവരുന്നുണ്ട്.