കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി ചരിത്രപരമായ ബന്ധം തൃക്കാക്കര ക്ഷേത്രത്തിനുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി നാം എല്ലാവരും വീടുകളിൽ തൃക്കാക്കരയപ്പനെ ഒരുക്കാറുണ്ട്. എന്നാൽ എന്താണ് തൃക്കാക്കരയപ്പന് ഓണവുമായുള്ള ബന്ധമെന്ന് അറിയാമോ?

മണ്ണുകൊണ്ട് വാമനമൂർത്തിയെ ഉണ്ടാക്കി അതിൽ അരിമാവും തുമ്പപ്പൂവും ചാർത്തി ആർപ്പുവിളിയുമായ് നാം ഓണത്തപ്പനെ വരവേൽക്കും .ഈ ഓണത്തപ്പനെ തന്നെയാണ് തൃക്കാക്കരയപ്പൻ എന്ന് വിളിക്കുന്നത്.

സത്യത്തിൽ ഓണം തൃക്കാക്കരയിലാണ്
എറണാകുളത്തെ ഇടപ്പള്ളിയിൽ നിന്നും കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തൃക്കാക്കര. ഭാരതത്തിലെ തന്നെ ഒരു അപൂർവ്വത്തിൽ അപൂർവമായ ക്ഷേത്രമാണ് ഇവിടെയുള്ളത്. തൃക്കാക്കരക്ഷേത്രത്തിന് ഏതാണ്ട് അധികം വർഷത്തെ പഴക്കമുണ്ട്. അവതാരമായ വാമനമൂർത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഓണത്തിന്റെ ഐതിഹ്യം നമുക്ക് അറിവുള്ളതാണ്. മഹാബലിയെ പരീക്ഷിക്കാൻ വാമനന്റെ രൂപത്തിൽ വന്ന മഹാവിഷ്ണുവിന്റെ കാല്പാദം പതിഞ്ഞ മണ്ണായതുകൊണ്ടാണ് തൃക്കാക്കര എന്ന പേര് വന്നത്. തിരു കൽ കര എന്നത് ലോപിച്ച പിന്നീട തൃക്കാക്കരയായ് മാറി. ഓണാഘോഷം തൃക്കാക്കരയുമായ് ബന്ധപ്പെട്ടിരിക്കുന്നുവെന്നത് ചരിത്രത്തിൽ നിന്ന് തന്നെ വ്യക്തമാണ്. വൃത്താകൃതിയിലുള്ള ഒറ്റനില ശ്രീകോവിലാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. കരിങ്കല്ലിൽതീർത്ഥ ശ്രീകോവിലിനു ഏകദേശം 160 അടി ചുറ്റളവ് ഉണ്ടാകും

തൃക്കാക്കരക്ഷേത്രത്തിൽ മഹാബലിക്കായ് ഒരു ആസ്ഥാനമണ്ഡപമുണ്ട്. ബലിയുടെ ആരാധനാമൂർത്തി ഗൗരിശങ്കരനായിരുന്നുവത്രെ. ശിവപാർവതി സമേതനായിരിക്കുന്ന ശിവക്ഷേത്രവും തൃക്കാക്കരക്ഷേത്രത്തിനു തൊട്ടടുത്തായുണ്ട്. ഈ ക്ഷേത്രത്തിൽ മഹാബലി ദർശനം നടത്തിയിരുന്നതായ് ഐതീഹ്യങ്ങൾ പറയുന്നു. ഈ ക്ഷേത്രത്തിനു മുൻപിലാണ് ബാലിയുടെ ആസ്ഥാനമണ്ഡപം. മഹാബലിയെ വാമനൻ കൽ കഴുകി സ്വീകരിച്ചു എന്ന് പറയുന്ന ദാനോദന പൊയ്ക ക്ഷേത്രത്തിനു വടക്കുവശത്തായ് സ്ഥിതിചെയ്യുന്നു.

ചിങ്ങ മാസത്തിൽ നടക്കുന്ന തൃക്കാക്കരക്ഷേത്രത്തിലെ ഉത്സവം ചരിത്രപ്രസിദ്ധമാണ്. മഹാബലിയുടെ വാർഷിക സന്ദർശനമാണ് തിരുവോണമെന്നാണ് ഐതിഹ്യം. നാടുവാഴികൾ ചേർന്നാണ് ക്ഷേത്രത്തിൽ ആദ്യകാലത്തു ഓണാഘോഷം നടത്തിയിരുന്നത്. കോഴിക്കോട് സാമൂതിരികൾ ഉൾപ്പടെയുള്ളവർ ഉത്സവത്തിൽ നേരിട്ട് എത്തിയിരുന്നു. ഇടപ്പള്ളി രാജാവിനായിരുന്നു പൂജാരിയുടെ ചുമതല. അക്കാലത്ത് ഓരോ മലയാളികുടുംബങ്ങളിൽ നിന്നും ഒരംഗത്തെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പറഞ്ഞയക്കുക പതിവായിരുന്നു.

ചിങ്ങമാസത്തിലെ അത്തം നാളിൽ ഉത്സവത്തിന് കൊടികയറും. തൃപ്പൂണിത്തുറയിൽ നിന്ന് തുടങ്ങുന്ന ഘോഷയാത്രയോടെ മഹാബലി മാവേലിക്കര കാണാനെത്തുന്ന ഉത്സവനാളുകൾക്ക് തുടക്കമാകും . അത്തച്ചമയം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് അവസാനിക്കുന്നത് തൃക്കാക്കരയിലെ വാമനമൂർത്തി ക്ഷേത്രത്തിലാണ്. തുടർന്ന് ഉത്സവചടങ്ങുകൾ തുടങ്ങുകയായി.തുടർന്നുള്ള പത്തു ദിനങ്ങൾ ഉത്സവത്തിന്റെ ആർപ്പുവിളികളാൽ സമൃദ്ധമെന്നുതന്നെ പറയണം.വാമനമൂർത്തിയുടെ ജന്മദിനമായ തിരുവോണനാളിൽ നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും. ഈ ഉത്സവത്തിൽ പങ്കെടുക്കാൻ പറ്റാത്തവരാണത്രെ സ്വഗൃഹങ്ങളികൾ പൂക്കളവും ഓണസദ്യയുമൊരുക്കി തൃക്കാക്കരയപ്പന് നിവേദ്യം അർപ്പിച്ച ഓണം ആഘോഷിക്കുന്നത്