കണ്ണൂർ: കണ്ണൂർ ജില്ലയിലും കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ചില ഭാഗങ്ങളിലും വൻതോതിൽ സ്‌ഫോടകവസ്തുക്കൾ ശേഖരിക്കുന്നു. കരിങ്കൽ ക്വാറികളുടെ പേരിലുള്ള ലൈസൻസിന്റെ മറവിലാണ് സ്‌ഫോടകവസ്തു ശേഖരം നടക്കുന്നത്.

നാടെങ്ങും ഓണാഘോഷ ലഹരിയിൽ മതിമറക്കുമ്പോൾ ആയുധനിർമ്മാണവും ശേഖരണവും തകൃതിയായി നടക്കുകയാണ്. ഘോഷയാത്രകൾക്കും മേളകൾക്കും മന്ത്രിമാരുൾപ്പെടെയുള്ള വി.ഐ.പി.യുടെ സുരക്ഷയ്ക്ക് പൊലീസിനെ വിന്യസിക്കുന്നതിനാൽ സ്‌ഫോടകവസ്തുക്കളുടെ നിർമ്മാണവും ശേഖരവും ശ്രദ്ധിക്കാനാവുന്നില്ല.

ഈ അവസരം മുതലെടുത്താണ് രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി സ്‌ഫോടകവസ്തുക്കൾ ഒരുങ്ങുന്നത്. തങ്ങൾക്ക് സ്വാധീനമുള്ള പാർട്ടി ഗ്രാമങ്ങളിൽ കൂടുതൽ ബോംബുകളും മാരകായുധങ്ങളും ഒരുക്കിവയ്ക്കുന്നത് ദുസ്സൂചനയായിട്ടാണ് ഇവിടത്തെ ജനങ്ങൾ കാണുന്നത്. വാഹനത്തിൽ കടത്തിയും മറ്റും ഓരോ കേന്ദ്രത്തിലും പാർട്ടി സർക്കുലർ പോകുന്നതുപോലെ ബോംബുകളും മറ്റും എത്തിക്കുന്നതിൽ സിപിഎമ്മും യും ആർ.എസ്. എസ്, ബി,ജെ.പി. സംഘടനകളും മത്സരിക്കുകയാണ്.

കഴിഞ്ഞ ദിവസം മാലൂർ ശിവപുരത്ത് പിടികൂടിയ സ്‌ഫോടകവസ്തു ശേഖരം ജില്ലയിലെ ക്രമസമാധാനത്തിന് ഭീഷണി ഉയർത്താനാണെന്ന് വ്യക്തമായിട്ടുണ്ട്. ആളൊഴിഞ്ഞ വീട്ടിൽ നിന്നും രണ്ടേ മുക്കാൽ ക്വിന്റൽ ജലാറ്റിൻ സ്റ്റിക്കാണ് പിടിച്ചെടുത്തത്. പതിനൊന്ന് ചാക്കുകളിൽ സൂക്ഷിച്ച 2200 പാക്കറ്റ് ജലാറ്റിൻ സ്റ്റിക്കുകൾ ഹാർഡ് ബോർഡ് പെട്ടിയിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇത്രയും സാധനങ്ങൾ വാഹനത്തിൽ കടത്താൻ ശ്രമിക്കവെ രഹസ്യവിവരത്തെ തുടർന്നാണ് പിടിച്ചെടുത്തത്. ക്വാറിയുടമയടക്കം രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരിക്കൂർ മേഖലയിലും സ്‌ഫോടകവസ്തുക്കൾ ശേഖരിക്കുന്നുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചതിനാൽ ചേപ്പറമ്പിലെ ക്വാറിയിൽ പരിശോധന നടത്തിയപ്പോഴും സമാന നിലയിൽ സാധനങ്ങൾ കണ്ടെത്തി. ക്വാറിക്കകത്തു തന്നെ 64 ഡിറ്റണേറ്റർ, 16 ജലാറ്റിൻ സ്റ്റിക്കുകൾ, 15 ഫ്യൂസ് വയർ, അമോണിയം നൈട്രേറ്റ് പൗഡർ, എന്നിവയാണ് പിടികൂടിയത്. ക്വാറിയിൽ ഉണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്വാറിയുടമയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ വീണ്ടും അക്രമപരമ്പരകൾ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമാണിതിനു പിന്നിലെന്ന് സംശയം ഉയർന്നിട്ടുണ്ട്.

ഓണാഘോഷത്തിന്റെ ഭാഗമായി നഗരങ്ങളിൽ തുടങ്ങുന്ന ചന്തകളിലേക്കും പ്രദർശനങ്ങളിലേക്കും ആളുകളുടെ ശ്രദ്ധയും തിരക്കും മാറുന്നതോടെ, അതിന്റെ മറവിൽ ജില്ലയിലെ മലയോരമേഖലകളിലാകെ ആയുധ നിർമ്മാണം നടക്കുകയാണ്. തദ്ദേശവാസികളുടെ കണ്ണുവെട്ടിച്ചാണ് ആയുധ ഉത്പാദനവും ശേഖരവും നടക്കുന്നത്. പാനൂർ പുളിങ്ങോട്ട് പൂട്ടിയിട്ട കടയുടെ പിറകിൽനിന്നാണ് 10 ബോംബുകൾ പൊലീസ് കണ്ടെടുത്തത്. തെങ്ങിൻ ചുവട്ടിൽ പ്ലാസ്റ്റിക്ക് സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. പ്ലാസ്റ്റിക്ക് ഡപ്പിയിൽ നിറച്ച ബോംബുകൾ ഉഗ്രസ്‌ഫോടന ശേഷിയുള്ളതാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം പാത്തിപ്പാലത്തെ അടച്ചിട്ട കടമുറിയിൽ നിന്നും 12 ബോംബുകൾ കണ്ടെത്തിയിരുന്നു.

തുലാം പത്തോടെ വടക്കേ മലബാറിലെ കാവുകളിൽ തിറയാട്ടം ആരംഭിക്കുമ്പോഴാണ് ഈ മേഖലയിൽ സിപിഐ.(എം)- ബിജെപി. സംഘർഷത്തിന് തുടക്കം കുറിക്കുന്നത്. കാവുകളിലും ക്ഷേത്രങ്ങളിലും ഉത്സവത്തോാടനുബന്ധിച്ച് ചന്തലേലം തുടങ്ങുമ്പോൾ മുതൽ ഇരു വിഭാഗവും കൊമ്പുകോർക്കും. പിന്നീട് ഉത്സവ ചടങ്ങുകളിലും മറ്റും ഭിന്നത രൂക്ഷമാകും. ഈ സംഘർഷാവസ്ഥ തെരുവിലേക്കെത്തുമ്പോഴേക്കും കൈയാങ്കളിയിലും അക്രമത്തിലും കലാശിക്കും. സിപിഐ.(എം) പ്രവർത്തകർ കാവുകളിലും ക്ഷേത്രങ്ങളിലും കമ്മിറ്റി ഭാരവാഹികളായി പതിവിലേറെ എത്തിയിട്ടുണ്ട്. അതിനാൽ ഉത്സവനടത്തിപ്പിൽ ബിജെപി., ആർ എസ്. എസ് സംഘടനകളുടെ അപ്രമാദിത്വം ഇത്തവണ നടപ്പില്ല. ശക്തമായ എതിരഭിപ്രായം സിപിഐ.(എം) പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട് ഉയരും. ഇത് സംഘർഷാവസ്ഥയ്ക്ക് വഴിവയ്ക്കുമെന്ന ഭയം സാധാരണ ഭക്തജനങ്ങളിൽ ഉയർന്നിട്ടുണ്ട്.

ക്വാറിയിൽ പാറ പൊട്ടിക്കാനുപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് എന്ന വെടിമരുന്ന് ബോംബു നിർമ്മാണത്തിനായി ചോരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ജില്ലയിലെ ക്വാറികളിലേയും പുറത്തുമുള്ള സ്‌ഫോടക വസ്തുക്കൾ. രാഷ്ട്രീയ ക്രിമിനലുകൾക്ക് അക്രമം നടത്താനുള്ള സൗകര്യത്തിനാണ് ഈ ബോംബു ശേഖരങ്ങൾ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. പൊലീസ് പിടിച്ചെടുത്തവയേക്കാൾ എത്രയോ ഇരട്ടി സ്‌ഫോടക വസ്തുക്കൾ കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ശേഖരിച്ചിട്ടുണ്ട്. എന്നാൽ പിടികൂടപ്പെടുന്നത് നാമമാത്രമാണ്. സിപിഐ.(എം) യും ബിജെപി.യുമാണ് ഈ ബോംബു ശേഖരത്തിനു പിറകിലെന്നതും വ്യക്തമാണ്.