ദുബായ്: യുഎഇയിൽ നടക്കുന്ന മിക്ക നറുക്കെടുപ്പുകളിലും വിജയികളാകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ്. ഭാഗ്യ പരീക്ഷണം നടത്തുന്നതും കൂടുതൽ ഇന്ത്യക്കാരാണ് എന്നതാണ് ഇതിനുള്ള കാരണവും. ടിക്കറ്റുകൾക്ക് വലിയ വിലയുള്ളതിനാൽ മിക്കവരും സംഘം ചേർന്നാണ് ടിക്കറ്റുകൾ എടക്കുന്നത്. വലിയ തുകയാണ് ടിക്കറ്റുകൾക്ക് നൽകേണ്ടത്. ഇതിനിടെയാണ് കേരളം പുതിയ ഭാഗ്യക്കുറി പ്രഖ്യാപിക്കുന്നത്. ഗൾഫ് ലോട്ടറിയെ അമ്പരപ്പിക്കുന്ന സമ്മാനവും വിലയും. അഞ്ഞൂറ് രൂപ നൽകി ഇവിടെ ഇനി ആർക്കും കോടീശ്വരനാകും.

ഇത്തവണത്തെ കേരള സർക്കാരിന്റെ ഓണം ബംപറിന്റെ ഒന്നാം സമ്മാനത്തുകയും ഗൾഫിലെ നറുക്കെടുപ്പുകൾക്ക് സമാനമാണ്. ചരിത്രത്തിലാദ്യമായാണ് 12 കോടിരൂപയ്ക്ക് മുകളിലുള്ള സമ്മാനം ലോട്ടറി വകുപ്പ് പരിഗണിക്കുന്നത്. അതും ടിക്കറ്റിന് വെറും അഞ്ഞൂറ് രൂപ. ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലോട്ടറി അടിക്കുന്നയാൾക്ക് ലഭിക്കുക. ഇവിടെയാണ് യുഎഇയിലെ നറുക്കെടുപ്പ് സമ്മാനവും കേരളത്തിലെ സമ്മാനവും തമ്മിലുള്ള പ്രധാന വ്യത്യാസം. യുഎഇയിൽ നറുക്കെടുപ്പിൽ ലഭിക്കുന്ന സമ്മാനത്തിന് നികുതി നൽകേണ്ടതില്ല. സമ്മാനം ലഭിക്കുന്ന മുഴുവൻ തുകയും സ്വന്തമാക്കാൻ സാധിക്കും.

ലോട്ടറി വകുപ്പിന്റെ ശുപാർശയിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചനകൾ. അനുകൂല തീരുമാനം ഉണ്ടായാൽ കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാവും ഇത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി പത്ത് പേർക്ക് ഒരു കോടി രൂപ വീതവും നൽകാനാണ് ശുപാർശ. ടിക്കറ്റ് വില 500 രൂപയാക്കാനും ശുപാർശയുണ്ട്. കഴിഞ്ഞ വർഷം വരെ 12 കോടി രൂപഓണം ബംപർ സമ്മാനത്തുകയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. സമ്മാനത്തുക വർധിപ്പിക്കുന്നത് ടിക്കറ്റിന്റെ സ്വീകാര്യതയും പ്രചാരവും കൂട്ടുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. അതേസമയം, വില വർധിപ്പിക്കുന്നത് വിൽപനയെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

ഗൾഫിലേയും കേരളത്തിലേയും ലോട്ടറിയുടെ വില സംബന്ധിച്ചുള്ള വ്യത്യാസവും വളരെ വലുതാണ്. 500 രൂപയ്ക്ക് 25 കോടിയാണ് കേരളത്തിൽ ലഭിക്കുന്നതെങ്കിൽ അബുദാബി ബിഗ് ടിക്കറ്റിന് ഒരെണ്ണത്തിന് 500 ദിർഹമാണ് (ഏതാണ്ട് പതിനൊന്നായിരം രൂപ). രണ്ട് ടിക്കറ്റ് ഒരുമിച്ചെടുക്കുമ്പോൾ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. അതായത് മൂന്ന് ടിക്കറ്റ് ഒരുമിച്ച് എടുക്കുമ്പോൾ രണ്ടു ടിക്കറ്റിന് (1000 ദിർഹം) പണം നൽകിയാൽ മതി. അതായത് ഇരുപതിനായിരം രൂപ. എന്നാൽ കേരളത്തിൽ 1500 രൂപയ്ക്ക് മൂന്ന് ബംബർ ടിക്കറ്റ് എടുക്കാം.

അബുദാബിയിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ കൂടുതലും സംഘം ചേർന്നാണ് ഭാഗ്യം പരീക്ഷിക്കാറുള്ളത്. ഇതിന് കാരണം കൂടിയ വിലയാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഒരു ടിക്കറ്റിന് 1000 ദിർഹമാണ് (ഏതാണ്ട് 21000 രൂപ) വില. അബുദാബി ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണർ എന്നിവയാണ് യുഎഇ പ്രശസ്തമായ നറുക്കെടുപ്പുകൾ. നിരവധി മലയാളികളാണ് ഇതുവഴി കോടീശ്വരന്മാരായതും. ഇതിനു പുറമേ, എമിറേറ്റ്‌സ് ലോട്ടോ, മെഹ്‌സൂസ് തുടങ്ങിയ ഭാഗ്യപരീക്ഷണ സംവിധാനവുമുണ്ട്. ഇവ നറുക്കെടുപ്പ് രീതിയിൽ അല്ല, നമ്പറുകൾ ഒപ്പിച്ചാണ് കളിക്കുന്നത്. ഇവയെല്ലാം ഓൺലൈൻ വഴിയും പരീക്ഷിക്കാൻ സാധിക്കും.

ഗൾഫിൽ ഗ്രാൻഡ് സമ്മാനം ലഭിക്കുന്നവരോട് ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുക നീക്കിവയ്ക്കാൻ താൽപര്യമുണ്ടോയെന്ന് ചില കമ്പനികൾ ചോദിക്കാറുണ്ട്. എന്നാൽ, അത് നിർബന്ധമല്ല. സമ്മാനം ലഭിച്ചവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ താൽപര്യമില്ലെങ്കിൽ അതിന് അനുവദിക്കുന്ന ലോട്ടറികളും യുഎഇയിൽ ഉണ്ട്. അബുദാബി ബിഗ് ടിക്കറ്റിൽ ഓരോ തവണയും ഓരോ സീരീസ് ആണ്. ഓരോ മാസവും ഇതിലെ സമ്മാന തുകയിൽ മാറ്റം വരാറുമുണ്ട്. ആഴ്ചതോറുമുള്ള ഓൺലൈൻ നറുക്കെടുപ്പിലൂടെ ചെറിയ തുകകളും സമ്മാനമായി നൽകുന്നു. 1992ൽ ആണ് ബിഗ് ടിക്കറ്റ് ആരംഭിച്ചത്.

25 ദശലക്ഷം ദിർഹം (54 കോടിയിലേറെ രൂപ), 22 ദശലക്ഷം ദിർഹം (47 കോടിയിലേറെ രൂപ), 15 ദശലക്ഷം ദിർഹം (32 കോടി രൂപ), 12 ദശലക്ഷം ദിർഹം ( 26 കോടി രൂപ) എന്നിങ്ങനെയാണ് അടുത്ത കാലത്ത് നടന്ന നറുക്കെടുപ്പുകളിലെ സമ്മാനത്തുക. ഒന്നാം സമ്മാനത്തിനു പുറമേയും വലിയ തുകകൾ സമ്മാനമായും നൽകുന്നുണ്ട്. എന്നാൽ ടിക്കറ്റ് വിലയിലെ കൂടുതൽ കാരണം ആരും ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കാറില്ല.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ ഒരു ദശലക്ഷം യുഎസ് ഡോളർ (ഏതാണ്ട് എട്ടു കോടിയോളം രൂപ) ആണ് സമ്മാനത്തുക. രണ്ടു നറുക്കെടുപ്പുകളിലും സമ്മാനമായി വിലകൂടിയ കാറുകളും ബൈക്കുകളും നൽകുന്നുമുണ്ട്. 1999ൽ ആണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചത്. 5000 ടിക്കറ്റുകളാണ് വിൽപ്പനയ്ക്ക് വയ്ക്കുക. അത് തീരുമ്പോൾ വീണ്ടും ആരംഭിക്കും. ഓൺലൈൻ വഴിയും ഭാഗ്യം പരീക്ഷിക്കാൻ സാധിക്കും.

35 ദിർഹം (758 രൂപ) നൽകി ഒരു കുപ്പി വെള്ളം വാങ്ങുമ്പോഴാണ് മെഹ്‌സൂസ് ലോട്ടോ കളിക്കാൻ യോഗ്യത നേടുന്നത്. അഞ്ചു നമ്പറുകളും ഒരുപോലെ ശരിയാക്കുന്നവർക്കാണ് ഒന്നാം സമ്മാനം. ഇതിൽ ഏറ്റവും ഒടുവിൽ 10 ദശലക്ഷം ദിർഹം (21.5 കോടി രൂപ) സമ്മാനം നേടിയത് പത്തനംതിട്ട സ്വദേശിയായ അനീഷ് ആയിരുന്നു. എമിറേറ്റ്‌സ് ഡ്രോയിൽ ഏഴു നമ്പറുകൾ ആണ് ശരിയാക്കേണ്ടത്. ഗ്രാൻഡ് സമ്മാനം 10 ദശലക്ഷം ദിർഹമാണ് (21.5 കോടി രൂപ) സമ്മാനം. 50 ദിർഹമാണ് (ഏതാണ്ട് 1100 രൂപ) ടിക്കറ്റ് നിരക്ക്.