തൃശ്ശൂർ: ഓണം ബമ്പർ ലോട്ടറിടിക്കറ്റ് വിൽപ്പന സർവകാല റെക്കോഡിലേക്ക്.പത്തുകോടിയുടെ ഒന്നാംസമ്മാനമടക്കം 61.81 കോടിയാണ് സമ്മാനമായി നൽകുന്നത്. ഇതിലും മൂന്നിരട്ടി ഖജനാവിലേക്ക് ഒഴുകിയെത്തുന്ന തരത്തിലാണ് വിൽപ്പനയുടെ പോക്ക്. ലോട്ടറിവിൽപ്പനയിലൂടെ കിട്ടുന്ന തുകയുടെ പകുതിയോളം സമ്മാനമായി നൽകണമെന്ന് സർക്കാർ നയമുണ്ട്. ഇത് ബന്പർ ടിക്കറ്റുകൾക്ക് ബാധകമല്ല. ഇതുകൊണ്ടാണ് ഓണം ബംബറിൽ വമ്പൻ ലാഭത്തിന് സർക്കാർ ശ്രമിക്കുന്നതും. സെപ്റ്റംബർ 20-നാണ് നറുക്കെടുപ്പ്.

ജൂലായ് 25-ന് തുടങ്ങിയ ഓണം ബംബർ വിൽപ്പനയിലൂടെ ഇതുവരെ നേടിയത് 42.50 കോടി രൂപ. വിൽപ്പനയ്ക്കെടുത്ത 24 ലക്ഷം ടിക്കറ്റുകളിൽ ശനിയാഴ്ച ഉച്ചയോടെ ഇത് 17 ലക്ഷം ടിക്കറ്റ് വിറ്റു. പ്രവൃത്തിദിവസങ്ങളിൽ ശരാശരി ഒരുലക്ഷം ടിക്കറ്റുവീതം വിറ്റഴിയുന്നു. നിലവിൽ 40 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചിട്ടുള്ളത്. ഇതുതീർന്നാൽ 30 ലക്ഷം കൂടി അച്ചടിക്കും. ഇത് വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. 90 ലക്ഷം ടിക്കറ്റ് വിറ്റഴിഞ്ഞാൽ 225 കോടി ലഭിക്കും. വിൽപ്പനയുടെ 12 ശതമാനം ജി.എസ്.ടി. നൽകണം. ഇതിൽ പകുതി കേന്ദ്രത്തിനാണ്. കഴിഞ്ഞവർഷം 72 ലക്ഷം ലോട്ടറിയാണ് അച്ചടിച്ചത്. ഇതിൽ 69,79,589 എണ്ണം വിറ്റുപോയി. അതുകൊണ്ട് തന്നെ ഇത്തവണ അധിക ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രതീക്ഷ.