ബാംഗ്ലൂർ: ഓണം ബംപർ അടിച്ച മലയാളി ഹൃദയാഘാതം മൂലം മരിച്ചു. 2014ലെ ഓണം ബംപർ സമ്മാനം ലഭിച്ച് കോടീശ്വരനായ മലയാളി ചായക്കച്ചവടക്കാരൻ ഹരികുമാറാണ്(40) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ബംഗളുരുവിലെ രാജാജിനഗർ അനന്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹരികുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. ഓണം ബംപറിലൂടെ കോടീശ്വരനായെങ്കിലും ഹരികുമാർ തന്റെ ഉപജീവനമാർഗമായ ചായക്കച്ചവടം ഉപേക്ഷിച്ചിരുന്നില്ല.

പീനിയ സെക്കൻഡ് സ്‌റ്റേജ് പത്താം മെയിനിലാണ് ഹരികുമാർ ചായക്കച്ചവടം നടത്തിയിരുന്നത്. ലോട്ടറി അടിച്ച ശേഷം ഇവിടുത്തെ ചായക്കച്ചവടം അൽപ്പം വിപുലീകരിച്ചിരുന്നു. ബംഗളുരുവിലും ചെങ്ങന്നൂരിലും ഓരോ വീട് നിർമ്മിക്കുകയും പുതിയ കാർ സ്വന്തമാക്കുകയും ചെയ്തു.

തിരുവല്ല വെണ്ണിക്കുളം മേമല നടുപുരയ്ക്കൽ പരേതനായ ജ്ഞാണേശ്വരൻ നായരുടെയും ചെങ്ങന്നൂർ കല്ലിശേരി പൂത്താടത്ത് ഓമനയുടെയും മകനായ ഹരികുമാർ പതിനഞ്ചാം വയസിലാണ് ബംഗളുരുവിൽ എത്തിയത്. ഇന്ന് രാവിലെ 11 മണിക്ക് പീനിയ വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. ഭാര്യ അമ്പിളി. മക്കൾ: അഖിൽ, അനുശ്രീ.