സിൻസിനാറ്റി, ഹാമിൽട്ടൺ: മലയാളിത്തനിമ കണ്ട് ആസ്വദിക്കണമെങ്കിൽ മറുനാടൻ മലയാളിയുടെ ഓണാഘോഷങ്ങൾ കാണണം. മലയാളനാട്ടിൽ ഓണം ഇന്ന് ടിവിയിൽ കണ്ടാസ്വദിക്കുമ്പോൾ, സ്വന്തം നാടിന്റെ കലയെയും പാരമ്പര്യങ്ങളെയും എന്നും ഗൃഹാതുരത്വ സ്മരണകളിൽ താലോലിക്കുന്ന സിൻസിനാറ്റിയിലെ മലയാളി സമൂഹം ഇക്കൊല്ലത്തെ ഓണാഘോഷങ്ങൾ മലയാളിത്തനിമയിൽ  ചാരുതയോടെ അവതരിപ്പിച്ചത് അത്യന്തം മനോഹരമായിരുന്നു.

മലയാളനാട്ടിലെ ഓണത്തിന്റെ അനുഭൂതിയോടെ, അത്തപ്പൂവിടീലിനു ശേഷം വിഭവ സമൃദ്ധമായ ഓണസദ്യ മലയാളികളോടൊപ്പം വിശിഷ്ട അമേരിക്കൻ അതിഥികളും രുചിയോടെ ആസ്വദിച്ചപ്പോൾ, നാട്ടിലെ പഴയ ഓണത്തിന്റെ സന്തോഷം വന്നുകൂടിയവർ പങ്കിട്ടു. കഴിഞ്ഞ വർഷത്തെ കൈരളി പ്രസിഡണ്ട് ആയിരുന്ന സെബാസ്റ്റ്യൻ ജോസഫും  ഭാര്യ ഫിലോ ജോസഫും കൂടി നിലവിളക്ക് കൊളുത്തിക്കൊണ്ട് , ഈ വർഷത്തെ ഓണാഘോഷ കലാവിരുന്നിനു തുടക്കം കുറിച്ചു.

പഞ്ചവാദ്യങ്ങളുടെ മേളക്കൊഴുപ്പിൽ, താലപ്പൊലീയേന്തിയ  മലയാളിമങ്കമാരുടെ അകമ്പടിയോടെ  മഹാബലിയുടെ എഴുന്നള്ളത്ത്  കഴിഞ്ഞയുടൻ , യുവ സുന്ദരികളുടെ തിരുവാതിരകളി  നടന്നു. പാരമ്പര്യ കലാരൂപങ്ങൾ കോർത്തിണക്കി  ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മതസൗഹൃദം പ്രകടിപ്പിച്ചുകൊണ്ട് വാൾപ്പയറ്റും ഒപ്പനയും മാർഗംകളിയും കുട്ടികൾ അവതരീപ്പിച്ചത് മനോഹരമായിരുന്നു. ലിറ്റിൽ മലയാളി ഡാൻസ് സ്റ്റാർ എന്നപേരിൽ കൊച്ചുകുട്ടികൾ അരങ്ങിൽ വിസ്മയം വിതറി. ബോളിവുഡ് ഡാൻസുകൾ, കഥക് നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസുകൾ, സോളോ ഗാനങ്ങൾ കൂടാതെ ശാസ്ത്രീയ വയലിൻ വായനയും ഒരു കൊച്ചു ഡ്രാമയും കൂടി ആയപ്പോൾ ഇക്കൊല്ലത്തെ ഓണാഘോഷങ്ങൾ മണിക്കൂർകൾ നീണ്ട മനോഹരമായ ആഘോഷമായിരുന്നു.

ജാതിമതഭേദമന്യേ സിൻസിനാറ്റിയിലും പരിസ്സരത്തുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ അണിനിനിരത്തിക്കൊണ്ട് , നമ്മുടെ വരും തലമുറയ്ക്ക് ഓണമെന്താണെന്ന് മനസ്സിലാക്കിക്കൊടുത്തുകൊണ്ട്    പ്രസിഡണ്ട് ദീപക് കൃഷ്ണൻ കലാപരിപാടികൾക്ക്  ഹൃദ്യമായ അവതരണ ശൈലി നൽകി.  സംഘാടകരോടൊപ്പം ഇവിടുത്തെ മലയാളിമനസ്സുകളുടെ  ഐക്യവും സഹവർത്തിത്വവും ഒത്തുചേർന്നപ്പോൾ  ഇക്കൊല്ലത്തെ സിൻസിനാറ്റിയിലെ ഓണാഘോഷങ്ങൾ,   അടുത്ത ഓണം വരെ മധുരിക്കുന്ന ഓർമ്മകൾ അയവിറക്കാനുതകുന്ന ഒരു ആഘോഷമായി പര്യവസ്സാനിച്ചു. മാത്യു ജോയിസ് അറിയിച്ചതാണിത്.