ണത്തെ കുറിച്ചുള്ള ഓർമ്മകളിൽ മലയളികളുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്നത് പൂക്കളവും പുലികളിയും തന്നെയായിരിക്കും. ഓണത്തിന് മാത്രം കാടിറങ്ങുന്ന ഈ പുലികളെ കാണാൻ ജനത്തിനും പെരുത്തഇഷ്ടം തന്നെയാണ്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ടെന്നാണ് കേട്ടു കേൾവി. പുലികളി അല്ലെങ്കിൽ കടുവകളിക്ക് ഒണവുമായി എന്താണ് ബന്ധം എന്ന് ചോദിച്ചാൽ അത് ഇപ്പോഴും അജ്ഞാതമണ്.

പുലിയുടെ ശരീരത്തിലുള്ളതു പോലുള്ള വരകൾ ശരീരത്തിൽ വരച്ചും പുലിയുടെ മുഖം മൂടി അണിഞ്ഞ് വാദ്യമേളങ്ങൾക്കനുസരിച്ച് നൃത്തം വെയ്ക്കുന്ന കാഴ്ച കാണുമ്പോൾ ഒരു നിമിഷം ആ താളത്തിനൊത്ത് തുള്ളാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ചെണ്ടയും ഇലത്താളവുമാണ് പ്രധാന വാദ്യോപകരണങ്ങൾ. ഒറ്റക്കാലിൽ തുടങ്ങി ഇരട്ടക്കോലിൽ ഉരുട്ടി അഞ്ചാംകാലം വരെ നീളുന്നതാണ് പുലികളിയുടെ താളം. പുലി....മുട്ടം....പനം ...തേങ്ങ...എന്നിങ്ങനെ വായ്ത്താരിയിൽ പെരുകുന്നതാണ് പുലിക്കൊട്ടിന്റെ രീതി. അകമ്പടിക്ക് ഇലത്താളമുണ്ട്. അഞ്ചാം കാലത്തിനൊത്ത് കളിയും മുറുകും.

പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.

പുലികളിയിൽ പ്രധാനം തൃശൂരിലെ പുലികളിയാണ്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശ്ശൂരിലെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് മറ്റ് രണ്ട് പ്രധാന പുലിമടകൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണം നാളിൽ വൈകുന്നേരമാണ് തൃശൂരിലെ പുലിക്കളി. തൃശൂരെ പുലികളിയോടൊപ്പം ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികൾക്ക് ഒപ്പം വലിയ ട്രക്കുകളിൽ തയ്യാറാക്കുന്ന കെട്ട് കാഴ്ചകൾ വളരെ ആകർഷകവും മനോഹരവും ആണ്.

തൃശൂർ നഗരത്തിന്റെ സാംസ്‌കാരിക കൂട്ടായ്മയെ ഓർമിപ്പിക്കുന്ന വിധം ഇത്തരം കെട്ടുകാഴ്‌ച്ചകളിൽ പുരാണങ്ങളിലെ കഥാപാത്രങ്ങൾ മുതൽ എലിയട്ടും ചെഗുവേരയും മാർക്‌സും സ്‌പേസ്ഷിപ്പും എല്ലാം കടന്നു വരാറുണ്ട്. മാസങ്ങളുടെ ശ്രമം ആണ് ഇത്തരം ഒരു ശിൽപം ഒപ്പിച്ചെടുക്കാൻ ചെലവാക്കുന്നത്.

തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റു സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ, പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.

കുടവയറിനെ പശ്ചാത്തലമാക്കി, ശരീരം മുഴുവൻ പുള്ളിതൊട്ട്, മുഖം മൂടി വച്ച്, പുലിമുടി അണിഞ്ഞ്, അരമണികെട്ടി, പുലിത്താളത്തിനൊത്ത് ചുവടുവയ്ക്കുന്ന പുലികൾ കണ്ണിൽ മഴവില്ല് തീർക്കാറുണ്ട്. മനസ്സിൽ മയിൽപ്പീലി വരിയിക്കുന്ന ഈ ദൃശ്യങ്ങൾക്കു പിന്നിൽ മാസങ്ങളുടെ അധ്വാനമുണ്ട്. ദേശങ്ങൾ പുലിമടകളാവുകയും ദേശക്കാർ പുലികളാകുകയും ചെയ്യുന്ന കാലത്ത് പുലിയില്ലാതെ എന്ത് ഓണാഘോഷം.