കോട്ടയം: റബ്ബർബോർഡിന്റെ കോട്ടയത്തുള്ള ഓഫീസുകളിലെ ജീവനക്കാരുടെ ഓണാഘോഷം ചെയർമാൻ ഡോ. എ. ജയതിലക് ഉദ്ഘാടനം ചെയ്തു. തുടർന്ന് ജീവനക്കാർ സദ്ഭാവനാദിവസ പ്രതിജ്ഞ എടുത്തു. 

വടംവലി, പഞ്ചഗുസ്തി, പൂക്കളം എന്നിവയിൽ റബ്ബർബോർഡിലെ വിവിധ വകുപ്പികളിലെ ജീവനക്കാർ തമ്മിലുള്ള മത്സരങ്ങളും വിവിധകലാപരിപാടികളും ഉണ്ടായിരുന്നു.
സ്‌പൈസസ് ബോർഡിൽ നിന്നു പഞ്ചഗുസ്തിയിൽ പങ്കെടുത്ത് ജില്ലാ, സംസ്ഥാന, ദേശീയതലങ്ങളിൽ സമ്മാനാർഹരായ ജീവനക്കാർ പ്രദർശന മത്സരങ്ങളിൽ പങ്കെടുത്തു.

വനിതകളുടെ പഞ്ചഗുസ്തിമത്സരത്തിൽ എസ്. ജയന്തി (സ്‌പൈസസ് ബോർഡ്) ഒന്നാം സ്ഥാനവും  എം.കെ. സുധ (റബ്ബർബോർഡ്) രണ്ടാംസ്ഥാനവും കരസ്ഥമാക്കി.  പുരുഷന്മാരുടെ  വിഭാഗത്തിൽ റബ്ബർ ബോർഡിലെ സജിത് റ്റി. തങ്കപ്പൻ, ഇ. എ. മാത്യു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
നമ്മുടെ സംസ്ഥാനത്തുനിന്നു പ്രാതിനിധ്യം കുറവുള്ള ഒരു മത്സരയിനമാണ് പഞ്ചഗുസ്തി. സ്ത്രീകളടക്കമുള്ള ജീവനക്കാർക്ക് പഞ്ചഗുസ്തിയിൽ പരിചയം നേടുന്നതിനും സമ്മാനാർഹരാ കുന്നതിനുമുള്ള സാധ്യതകൾ മുന്നിൽകണ്ടാണ് റബ്ബർബോർഡിൽ പഞ്ചഗുസ്തിമത്സരം സംഘടിപ്പിച്ചത്. ഇന്റർനാഷണൽ റഫറി കെ.എഫ്. നോബി മത്സരങ്ങൾ നിയന്ത്രിച്ചു.  വിജയികൾക്കുള്ള സമ്മാനങ്ങൾ ഡോ. എ. ജയതിലക് വിതരണം ചെയ്തു.