തിരുവനന്തപുരം: രോഗസ്ഥിരീകരണനിരക്കിന്റെ (ടി.പി.ആർ.) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ പ്രത്യേകം വേർതിരിച്ച് നടപ്പാക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ അക്ഷരാർത്ഥത്തിൽ പാളി. നിലവിൽ 323 തദ്ദേശസ്ഥാപനങ്ങൾ കടുത്ത നിയന്ത്രണങ്ങളുള്ള ഡി വിഭാഗത്തിലാണ്. ടി.പി.ആർ. അടിസ്ഥാനത്തിൽ നിയന്ത്രണം തുടങ്ങിയ ജൂൺ 16-ന് ഇത് 23 തദ്ദേശസ്ഥാപനങ്ങൾ മാത്രമായിരുന്നു. അതായത് ഏറെ വ്യാപനം ഈ കാലത്തുണ്ടായി.

355 തദ്ദേശസ്ഥാപനങ്ങൾ ഇപ്പോൾ നേരിയ ഇളവുകളോടെ സി കാറ്റഗറിയിലും തുടരുന്നു. ഡി കാറ്റഗറിയിലും സി കാറ്റഗറിയിലുമായി ടി.പി.ആർ. പത്തുശതമാനത്തിന് മുകളിലുള്ള 678 തദ്ദേശസ്ഥാപനങ്ങളുണ്ട്. ടി.പി.ആർ. അഞ്ചിനും പത്തിനുമിടയിലുള്ള 294 തദ്ദേശസ്ഥാപനങ്ങൾ ബി കാറ്റഗറിയിലുമുണ്ട്. ടി.പി.ആർ. അഞ്ചിൽത്താഴെയുള്ള 62 തദ്ദേശസ്ഥാപനങ്ങളിൽമാത്രമാണ് എ കാറ്റഗറി ഇളവുകളുള്ളത്. കേരളത്തിലുടനീളം ലോക്ഡൗണിന്റെ ആവശ്യം അനിവാര്യമാക്കുന്ന തരത്തിലേക്ക് ടിപിആർ നിയന്ത്രണങ്ങൾ എത്തിച്ചു.

ടിപിആർ നിയന്ത്രണം ഗുണംചെയ്യുന്നില്ലെന്നും അശാസ്ത്രീയമാണെന്നും ഡോക്ടർമാരടക്കം ഒരുവിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ തുടക്കത്തിൽ ഇത് സർക്കാർ അംഗീകരിച്ചില്ല. എന്നാൽ വ്യാപനം കൂടിയതോടെ പഴിവ് മനസ്സിലാക്കുകയാണ് സർക്കാർ. ഇതുകണക്കിലെടുത്താകും നിയന്ത്രണങ്ങളിൽ പൊളിച്ചെഴുത്തു നടത്തുക. ടി.പി.ആർ. പത്തുശതമാനത്തിനുമുകളിലുള്ള ജില്ലകളിൽ നിയന്ത്രണം കുടുപ്പിക്കണമെന്ന കേന്ദ്രനിർദ്ദേശം നിലനിൽക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇളവുകൾ കൂടുതൽ നൽകില്ല.

തിയേറ്ററുകളും മാളുകളും ഓഗസ്റ്റിൽ തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണം കൊണ്ടു വന്നത്. ഓണത്തിന് സിനികളും പ്രഖ്യാപിച്ചു. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഓഗസ്റ്റ് 12ന് തിയേറ്ററിൽ എത്തില്ലെന്നും ഉറപ്പായി. സിനിമാ മേഖലയിലും ടൂറിസം മേഖലയിലും പ്രതിസന്ധി രൂക്ഷമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

പരിശോധനകൾ വർധിപ്പിച്ചും ആൾക്കൂട്ടനിയന്ത്രണങ്ങൾ പാലിച്ചും മുന്നോട്ടുപോവുകയെന്ന നിർദ്ദേശമാണ് ആരോഗ്യവിദഗ്ദ്ധർ മുന്നോട്ടുെവക്കുന്നത്. മൂന്നാംതരംഗത്തിന് മുന്നോടിയായി പരമാവധിപ്പേർക്ക് വാക്‌സിൻ നൽകണം. മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ സർവേപ്രകാരം സംസ്ഥാന ജനസംഖ്യയിൽ പകുതിയോളം പേർക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്.

കൊറോണ വൈറസിന്റെ അതിവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യവും കേരളത്തിലുണ്ട്. രണ്ടാംതരംഗം ശമിക്കുംമുമ്പ് മൂന്നാം തരംഗമുണ്ടായാൽ ആരോഗ്യസംവിധാനങ്ങൾക്ക് താങ്ങാനാവാത്തവിധം രോഗികളുടെ എണ്ണം കുതിച്ചുയരാനിടയുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് അടുത്തമൂന്നാഴ്ച നിർണായകമാണെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. രോഗ വ്യാപനം തടയാനായില്ലെങ്കിൽ ഇത്തവണയും ഓണം മലയാളികൾ വീട്ടിൽ ഇരുന്ന് ആഘോഷിക്കേണ്ടി വരും.