- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടക്കെണിയിലും കിറ്റു വിട്ട് കളിച്ചാൽ പ്രതിച്ഛായ തകരുമെന്ന വിലയിരുത്തൽ; ഓണത്തിന് പ്രതിസന്ധിക്കിടയിലും കിറ്റ് കൊടുക്കുന്നത് നഷ്ടമാകുന്ന ഇമേജ് തിരിച്ചു പിടിക്കാനുള്ള സർക്കാർ തന്ത്രം; ശതകോടികളെടുക്കുന്നത് സിവിൽ സ്പ്ലൈസ് ഫണ്ടിൽ നിന്നും; ഓണം കഴിഞ്ഞാൽ വിപണയിൽ ഇടപെടാൻ സപ്ലൈകോയ്ക്ക് കഴിയുമോ?
തിരുവനന്തപുരം: കടക്കെണിയിലാണ് കേരളം. ശമ്പളവും പെൻഷനും നൽകാൻ കടം എടുക്കും. ഇതിനിടെയിലും മുടക്കമില്ലാതെ എത്തുകയാണ് ഓണക്കിറ്റ്. സർക്കാരിന്റെ പ്രതിച്ഛായ കൂട്ടുകയാണ് ലക്ഷ്യം. വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും ഇതും. സിവിൽ സപ്ലൈസ് കോർപ്പറേഷന് അനുദവിച്ച ഫണ്ടിൽ നിന്നാണ് തുക കണ്ടെത്തിയതെന്നും പറയുന്നു. അങ്ങനെ വന്നാൽ ഓണത്തിന് ശേഷം വിപണി ഇടപെടലിന് കോർപ്പറേഷന്റെ കൈയിൽ കാശില്ലാതെയാകും. ഇതു പ്രതിസന്ധിയായി മാറുകയും ചെയ്യും.
റേഷൻ കാർഡുടമകൾക്കു 13 അവശ്യ സാധനങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റിന്റെ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. 23, 24 തീയതികളിൽ മഞ്ഞ കാർഡുടമകൾക്ക് കിറ്റ് വിതരണം ചെയ്യും. 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും 29, 30, 31 തീയതികളിൽ നീല കാർഡുടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ വെള്ള കാർഡുടമകൾക്കും കിറ്റ് വിതരണം നടത്തും. എങ്ങനെ എല്ലാവർക്കും കാണം വിറ്റും ഓണം ഉണ്ണണമെന്ന് പറയുമ്പോലെ എല്ലാം നൽകുകയാണ് സർക്കാർ.
നിശ്ചയിച്ച തീയതികളിൽ വാങ്ങാൻ കഴിയാത്തവർക്കായി സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ വിതരണം നടത്തും. ഈ ദിവസങ്ങളിൽ ഏതു കാർഡുടമകൾക്കും കിറ്റ് കൈപ്പറ്റാം. 7 നു ശേഷം കിറ്റ് വിതരണം ഉണ്ടാകില്ല. സെപ്റ്റംബർ 4 ഞായറാഴ്ചയാണെങ്കിലും റേഷൻ കടകൾ പ്രവർത്തിക്കും. കിറ്റ് കൈപ്പറ്റാൻ പോർട്ടബ്ലിറ്റി സംവിധാനം ഉപയോഗിക്കാൻ കഴിയില്ലെന്നും കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള കടകളിൽ നിന്നു മാത്രമേ കിറ്റ് ലഭിക്കൂ എന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
സൗജന്യ കിറ്റുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം 22 ന് വൈകിട്ട് 4 ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ നിർവഹിക്കും. 119 ആദിവാസി ഊരുകളിലും സർക്കാർ അംഗീകരിച്ചിട്ടുള്ള ക്ഷേമ സ്ഥാപനങ്ങളിലും സൗജന്യ കിറ്റുകൾ ഉദ്യോഗസ്ഥർ നേരിട്ട് എത്തിക്കും. 4 പേർക്ക് ഒരു കിറ്റ് എന്ന നിലയിലായിരിക്കും ഇത് . 890 ക്ഷേമ സ്ഥാപനങ്ങളിലായി 37,634 പേരാണ് വെൽഫെയർ സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ളത്.
കിറ്റിൽ 13 ഇനം സാധനങ്ങൾ പുറമേ തുണി സഞ്ചിയും
1. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
2. മിൽമ നെയ്യ് 50 മി.ലീ
3. ശബരി മുളകു പൊടി 100 ഗ്രാം
4. ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം
5. ഏലയ്ക്ക 20 ഗ്രാം
6. ശബരി വെളിച്ചെണ്ണ 500 മി.ലീ
7. ശബരി തേയില 100 ഗ്രാം
8. ശർക്കരവരട്ടി /ചിപ്‌സ് 100 ഗ്രാം
9. ഉണക്കലരി 500 ഗ്രാം
10. പഞ്ചസാര 1 കി. ഗ്രാം
11. ചെറുപയർ 500 ഗ്രാം
12. തുവരപ്പരിപ്പ് 250 ഗ്രാം
13. പൊടി ഉപ്പ് 1 കി. ഗ്രാം
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് സംബന്ധിച്ച് ഭക്ഷ്യക്കിറ്റിന് വളരെയധികം പ്രാധാന്യമുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാന ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്വാസം പകർന്ന ഒന്നായിരുന്നു ഭക്ഷ്യ കിറ്റ്. കോവിഡ് മഹാമാരി സംസ്ഥാനത്ത് പിടിമുറുക്കിയ സമയത്ത് സാധാരണക്കാരെ ലക്ഷ്യംവച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചിരുന്നു. രോഗവ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർക്ക് ഇത് പ്രയോജനം ചെയ്തു. ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിലേറുകയും കോവിഡ മഹാമാരിയുടെ വ്യാപന ശേഷി കുറയുകയും ചെയ്തതോടെ ഭക്ഷ്യക്കിറ്റ് വിതരണം സംസ്ഥാന സർക്കാർ അവസാനിപ്പിക്കുകയും ചെയ്തു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അതുകൊണ്ട് ഇത്തവണ ഓണക്കിറ്റ് ഉണ്ടാകില്ലെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് സംസ്ഥാന സർക്കാർ ഓണക്കിറ്റ് നൽകുവാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. തുടർച്ചയായി രണ്ടാം വട്ടവും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതോടെ ഭക്ഷ്യ കിറ്റുകൾ വിവാദ വസ്തുവായി മാറി. ഭക്ഷ്യ കിറ്റ് നൽകിയാണ് ഇടതുപക്ഷ സർക്കാർ വോട്ടു വാങ്ങിയതെന്ന തരത്തിൽ വാദങ്ങളും ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ