- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണകിറ്റ് വെറുതേ കൊടുത്താൽ പോരല്ലോ, അത് ഭാവിയിൽ വോട്ടാക്കി മാറ്റണമല്ലോ! പ്രമുഖരെ വിളിച്ച് ഓണക്കിറ്റ് നൽകണം, ഫോട്ടോ എടുക്കണം, പോസ്റ്റർ പതിക്കണം; റേഷൻ വ്യാപാരികൾക്ക് സർക്കുലറുമായി ഭക്ഷ്യ വകുപ്പ്; വിവാദമായതോടെ സുതാര്യത ഉറപ്പാക്കാനെന്ന് മന്ത്രിയുടെ വിശദീകരണം
തിരുവനന്തപുരം: ഭക്ഷ്യകിറ്റ് വോട്ടാക്കി മാറ്റിയാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതെന്നാണ് രാഷ്ട്രീയ എതിരാളികളുടെ പ്രധാന വിമർശനം. ഇത് ശരിവെക്കുന്ന വിധത്തിലുള്ള കാര്യങ്ങളണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ എന്തു ചെയ്താലും അതെല്ലാം ജനങ്ങളിൽ എത്തിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ പരസ്യങ്ങൾ വഴി സർക്കാർ ചെയ്തുവരുന്നുണ്ട്. ഇത്തവണ ഓണത്തിന് കിറ്റു നൽകുമ്പോഴും സർക്കാറിന്റെ മനസ്സിലുള്ളത് ഇക്കാര്യങ്ങൾ തന്നെയാണ്. കിറ്റിനെ വോട്ടാക്കാൻ ഒരു മുഴം മുമ്പേയാണ് സർക്കാർ. ഈ നടപടി ആകട്ടെ വിവാദമാകുകയും ചെയ്തു.
പ്രമുഖരെ ഉൾപ്പെടുത്തി എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് വിതരണം നടത്തിയതിന്റെ ഫോട്ടോ എടുക്കണമെന്നും പോസ്റ്റർ പതിക്കണം എന്നും ഭക്ഷ്യവകുപ്പ് സർക്കുലർ പുറപ്പെടുവിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ഓണക്കിറ്റ് വിതരണം ഉദ്ഘാടനമായി നടത്തണമെന്ന വിധത്തിലാണ് നിർദ്ദേശം പോയത്. നാളെ എട്ടരക്ക് എല്ലാ കടകളിലും ഉദ്ഘാടനം നടത്തണമെന്ന നിർദ്ദേശം നടപ്പാക്കില്ലെന്ന് ഒരു വിഭാഗം റേഷൻ വ്യാപാരികൾ വ്യക്തമാക്കി. അതേസമയം ഉദ്ഘാടനം നടത്താൻ പറഞ്ഞിട്ടില്ലെന്നും സുതാര്യത ഉറപ്പാക്കാനാണ് പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഭക്ഷ്യമന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചിരുന്നു. പിന്നാലെ റേഷൻ ഇൻസ്പക്ടർമാരും താലൂക്ക് സപ്ലൈ ഓഫീസർമാരും നൽകിയ സർക്കുലർ കണ്ട് റേഷൻ വ്യാപാരികൾ അമ്പരന്നു. സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളിലും നാളെ രാവിലെ എട്ടരക്ക് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തണം. ഇന്ന് തന്നെ വിതരണത്തിന്റെ പോസ്റ്റർ പതിക്കണം.
എംപി, എംഎൽഎ അല്ലെങ്കിൽ പഞ്ചായത്ത് അംഗം വരെയുള്ള പ്രമുഖർ ആരെയെങ്കിലും ഉദ്ഘാടകനാക്കണം. പോസ്റ്റർ ഒട്ടിച്ചതിന് മുന്നിൽ കിറ്റ് നൽകുന്ന ഫോട്ടോ എടുത്ത് ഉദ്യോഗസ്ഥരുടെ വാട്സ് അപ്പ് ഗ്രൂപ്പിലിടണം. തീർന്നില്ല, തെരഞ്ഞെടുത്ത ഫോട്ടോക്ക് പാരിതോഷികവും ഉണ്ട്. കോവിഡ് പ്രതിസന്ധികാലത്തെ ഉദ്ഘാടനമാമാങ്കം അനാവശ്യ ധൂർത്താണെന്നാണ് ഉയരുന്ന ആക്ഷേപം. ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നിർദ്ദേശം പാലിക്കില്ലെന്ന് വ്യക്തമാക്കി.
സർക്കുലർ വിവാദമായതോടെ വിശദീകരണവുമായി മന്ത്രിയെത്തി. ഉദ്ഘാടനം നടത്താൻ പറഞ്ഞിട്ടില്ലെന്നും സുതാര്യത ഉറപ്പാക്കാനാണ് പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഭക്ഷ്യമന്ത്രി വിശദീകരിക്കുന്നു. കിറ്റിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സ്പെഷ്യൽ കിറ്റ് വച്ച് പരസ്യം നൽകാനുള്ള സർക്കാർ താത്പര്യം സർക്കുലറിൽ മറ നീങ്ങുന്നത്. ഇക്കാര്യത്തിലെ ജാഗ്രതക്കുറവ് ഓണക്കിറ്റിലെ കല്ലുകടിയാവുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ