- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
500 രൂപയുടെ ഓണക്കിറ്റിലെ സാധനങ്ങൾക്ക് സപ്ലൈകോ വില 320 രൂപ; ഓരോ കിറ്റിൽ നിന്നും അപ്രത്യക്ഷമായത് 180 രൂപയുടെ സാധനങ്ങൾ; 80 ലക്ഷം കിറ്റുകൾ വിതരണം ചെയ്യുമ്പോൾ നഷ്ടം 144 കോടി രൂപ; സാധനങ്ങൾ മുക്കിയതിന് പുറമേ തൂക്കത്തിലും ഗുണനിലവാരത്തിലും വെട്ടിപ്പ്; ഓപ്പറേഷൻ ക്ലീൻ ചിറ്റ് വിജിലൻസ് റെയ്ഡിലും ഗുണനിലവാരവും തൂക്കവും ഇല്ലെന്ന് കണ്ടെത്തൽ; ഓണക്കിറ്റിൽ തിരിമറി നടന്നത് എങ്ങനെ? സപ്ലൈകോ കമ്മീഷണർ മറുനാടനോട് പറഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം: ഓണക്കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധനങ്ങൾ ഇല്ലെന്ന വിവാദത്തിൽ നിന്നും തലയൂരാനാകാതെ ഭക്ഷ്യവകുപ്പ്. ഓണത്തിനു സൗജന്യമായി വിതരണം ചെയ്യുന്ന കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധനങ്ങളില്ലെന്ന ആരോപണത്തിനു കൃത്യമായ മറുപടി നൽകാൻ കഴിയാത്തതാണ് വകുപ്പിന് തലവേദനയാകുന്നത്. കിറ്റിലെ സാധനങ്ങൾ എണ്ണി നോക്കിയും തൂക്കി നോക്കിയും വിലനിലവാരം പുറത്തു വിട്ടും കാർഡ് ഉടമകൾ നടത്തിയ നീക്കമാണ് വകുപ്പിന് ക്ഷീണമായത്. കിറ്റിൽ സാധനങ്ങൾക്ക് തൂക്കക്കുറവ് കാണുന്നു. കിറ്റിലെ സാധനങ്ങൾക്ക് മാർക്കറ്റ് വില 380 രൂപ. സപ്ലൈകോ വില 320 രൂപ. ഓരോ കിറ്റിലും 180 രൂപയുടെ സാധനങ്ങൾ കാണാനില്ലെന്നും ഈ 180 രൂപ എവിടെ പോയി എന്ന ചോദ്യമാണ് ഭക്ഷ്യവകുപ്പിന് ക്ഷീണമായത്. ഒരു കിറ്റിൽ നിന്നും ലാഭിക്കുന്നത് 180 രൂപ. വിതരണം ചെയ്യുന്നത് 80 ലക്ഷം കിറ്റുകൾ. നഷ്ടമാകുന്നത് 144 കോടിയോളം രൂപ. ഈ തുക എവിടെ പോയി. ആരോപണങ്ങൾ ശക്തമായതോടെ വകുപ്പ് വെട്ടിലായ അവസ്ഥയായി. ഇതിനു തൊട്ടു പിന്നാലെയാണ് ഓപ്പറേഷൻ ക്ലീൻ കിറ്റ് എന്ന പേരിൽ വിജിലൻസ് റെയ്ഡും വന്നത്. സംസ്ഥാനത്താകെ സ്പ്ലൈകോയുടെ 58 പാക്കിങ് കേന്ദ്രങ്ങളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലുമാണു വിജിലൻസ് പരിശോധന നടത്തിയത്.
റെയിഡിലും തെളിഞ്ഞത് വ്യാപകമായ കൃത്രിമങ്ങൾ തന്നെയാണ്. പായ്ക്കിങ് തീയതി രേഖപ്പെടുത്തിയിട്ടില്ല. നിർമ്മാണ തീയതിയും രേഖപ്പെടുത്തിയിട്ടില്ല. കിറ്റിലെ സാധനങ്ങൾക്ക് ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച വന്നു എന്നും റെയിഡിൽ തെളിഞ്ഞത്. കിറ്റിൽ പറഞ്ഞ ശർക്കരയിൽ 100 ഗ്രാം വരെ തൂക്കക്കുറവ് ഉണ്ടെന്നും റെയിഡിൽ തെളിഞ്ഞു. എല്ലാ കിറ്റിലും എല്ലാ സാധനങ്ങളും ഇല്ല. വിജിലൻസ് മാർക്കറ്റ് വിലയിട്ടപ്പോൾ 400 മുതൽ 490 രൂപവരെ മാത്രമാണ് വിലയെന്നും വിജിലൻസ് കണ്ടെത്തി. ഓണക്കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധനങ്ങൾ ഇല്ലെന്ന ആരോപണമാണ് വിജിലൻസും ശരിവെച്ചത്. ശർക്കരയുടെ ഇടപാടിൽ സപ്ലൈകോയ്ക്ക് 77 ലക്ഷം രൂപ നഷ്ടമുണ്ടായതായും വെളിപ്പെട്ടിട്ടുണ്ട്. ചില കിറ്റുകളിൽ 50 ഗ്രാം വീതമാണ് ശർക്കര കുറഞ്ഞത്. കമ്പനിയുടെ പേരോ പാക്കിങ് തീയതിയോ രേഖപ്പെടുത്താത്ത സാധനങ്ങളാണ് വന്നത്. ഇതിൽ ഡിപ്പോ മാനേജർമാർ സപ്ലൈകോ അധികൃതർക്ക് കത്തും നൽകിയിട്ടുണ്ട്.
കിറ്റിലെ സാധനങ്ങൾ ഇങ്ങനെ: പഞ്ചസാരയും ശർക്കരയും ഗോതമ്പ് നുറുക്കും (ഒരു കിലോഗ്രാം വീതം), ചെറുപയർ 500 ഗ്രാം, വെളിച്ചെണ്ണ 500 മില്ലിലീറ്റർ, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, സാമ്പാർപൊടി (100 ഗ്രാം വീതം), പപ്പടവും സേമിയയും (ഒരു പായ്ക്കറ്റ് വീതം). ഇതേ സാധനങ്ങൾ സപ്ലൈകോ ഔട്ലെറ്റിൽ നിന്നു വാങ്ങിയാൽ ചെലവാകുക 357 രൂപ മാത്രം. 20 രൂപയുടെ തുണിസഞ്ചിയും പാക്കിങ് ചാർജ് 5 രൂപയും കൂടി കൂട്ടിയാൽ പോലും 382 രൂപയേ ആകൂ. പൊതുവിപണിയിൽ മുന്തിയ ബ്രാൻഡുകൾ നോക്കി വാങ്ങിയാൽ പോലും 500 രൂപ ചെലവു വരില്ല. ഇതോടെയാണ് വിവാദവും പൊട്ടിപ്പുറപ്പെട്ടത്.
അഞ്ഞൂറ് രൂപയുടെ കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധങ്ങൾ ഇല്ലാത്തതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണ് ഭക്ഷ്യവകുപ്പ്. ഇന്നലെ നടത്തിയ വിജിലൻസ് അന്വേഷണവും വകുപ്പിന് ക്ഷീണമായി. കാർഡ് ഉടമകൾ ആക്ഷേപിച്ച രീതിയിൽ കിറ്റിലെ സാധനങ്ങൾക്ക് തൂക്കക്കുറവ് വന്നിട്ടുണ്ടെന്നും ഗുണമേന്മയില്ലെന്നും വകുപ്പിനും ബോധ്യമായിട്ടുണ്ട്. അഞ്ഞൂറ് രൂപയുടെ സാധനങ്ങൾ കിറ്റിൽ ഇല്ലാത്തതും പ്രശ്നമായി. ചില കിറ്റിൽ ചില സാധനങ്ങൾ ഇല്ലെന്നും അധികൃതർ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് സിവിൽ സപ്ലൈസ് കമ്മിഷണർ പി.വേണുഗോപാൽ മറുനാടന് നൽകിയ വിശദീകരണം ഇങ്ങനെ:
പതിനൊന്നു അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. തൂക്കവും ഗുണനിലവാരവും ഉറപ്പ് വരുത്തണം എന്നാണ് നിർദ്ദേശം വന്നത്. എല്ലാ റേഷൻ കാർഡുകൾക്കും ഇത് നൽകണം. ഇതിന്റെ അവസാന വില എന്താണ് എന്ന് പറയാൻ കഴിയില്ല. വില നിലവാരം മാറിക്കൊണ്ടിരിക്കും. വിതരണത്തിനു ശേഷം മാത്രമേ എത്ര രൂപ വന്നു എന്ന് വിലയിരുത്താൻ കഴിയൂ. ഒരു കിറ്റിനു ഏഴു രൂപ റേഷൻ കടകൾക്ക് നൽകുന്നുണ്ട്.ബാഗിന് വരെ വിലയുണ്ട്. ഇതെല്ലാം ഉൾപ്പെട്ടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകുമ്പോൾ മാത്രമേ മൊത്തം തുക മനസിലാക്കാൻ കഴിയൂ. വിലയല്ല അതിന്റെ പ്രശ്നം. ആയിരം രൂപയുടെ കിറ്റ് കൊടുത്തപ്പോഴും ഇതേ ആരോപണം വന്നിരുന്നു. ഒരു സപ്ലൈയറുടെ വില ആയിരിക്കില്ല മറ്റൊരു സപ്ലൈയറുടെ വില. ഒരു സിംഗിൾ സപ്ലൈയർക്കും 80 ലക്ഷം പേർക്കുള്ള സാധനങ്ങൾ നൽകാൻ കഴിയില്ല. സാധനങ്ങൾ എല്ലാം കിറ്റിലുണ്ടോ എന്ന് മാത്രമാണ് ശ്രദ്ധിക്കേണ്ടത്. അതിനുള്ള ശ്രമമാണ് നടക്കുന്നത്. വിജിലൻസ് റെയ്ഡ് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ ജാഗരൂകരാകും. ആളുകൾ രാത്രിയും പകലും ഇരുന്നു ജോലി ചെയ്താണ് കിറ്റുകൾ തയ്യാറാക്കുന്നത്. അപ്പോൾ അതിൽ ചിലപ്പോൾ തൂക്കവ്യത്യാസം വന്നേക്കും. ഇന്ന തൂക്കത്തിൽ ഉള്ള സാധനങ്ങൾ നൽകാൻ വേണ്ടി മാത്രമാണ് ആവശ്യപ്പെട്ടത്. കിറ്റിൽ സാധനങ്ങൾ കുറഞ്ഞാൽ മാവേലി സ്റ്റോറിൽ പറഞ്ഞു ഞങ്ങൾ അത് നൽകും-വേണുഗോപാൽ പറയുന്നു.
അതേസമയം ഇത് ഒരു രാഷ്ട്രീയ ആരോപണവുമായി മാറിയിട്ടുമുണ്ട്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇതുമായി ബന്ധപ്പെട്ടു രംഗത്ത് വന്നത്. ഓണക്കിറ്റിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ച് പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോലിനഷ്ടമായ സാധാരണ ജനങ്ങൾ വളരെ പ്രയാസം അനുഭവിക്കുന്ന സമയമാണിത്. അവർക്ക് ആശ്വാസമേകേണ്ട സർക്കാരാണ് ജനങ്ങൾക്ക് അർഹതപ്പെട്ട മുതൽ മോഷ്ടിച്ചത്. വേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ സംഭവമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഓണക്കിറ്റിന്റെ മറവിൽ വലിയ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. ഇതു സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണ്. 88 ലക്ഷം കാർഡ് ഉടമകളാണ് ഓണക്കിറ്റിന്റെ ഉപഭോക്താക്കൾ. ഒരു കിറ്റിൽ നിന്നും 150 രൂപയിലധികം വച്ച് നടക്കുന്ന വെട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണ്. ലോക്ക് ഡൗൺ സമയത്തു നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണത്തിലും സമാനമായ ആക്ഷേപം ഉണ്ടായി.ആയിരം രൂപയുടെ ഭക്ഷ്യക്കിറ്റിന് ചെലവ് വെറും 750 രൂപമാത്രമാണുള്ളതെന്ന് അന്നും ആരോപണം ഉയർന്നിരുന്നു-മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ഇങ്ങനെ:
ഓണക്കിറ്റിലും തട്ടിപ്പ് എൽഡിഎഫ് സർക്കാർ തട്ടിപ്പു സർക്കാർ തന്നെയാണ് എന്നതിന്റെ അവസാന ഉദാഹരണമാണ് ഓണകിറ്റ്. കിറ്റിൽ പറഞ്ഞ സാധനങ്ങൾ കമ്പോളത്തിൽ നിന്ന് വാങ്ങുമ്പോൾ ആകെ തുക:369 രൂപ. ഈ സാധനങ്ങൾ സപ്ളൈ കോയുടെ ചില്ലറ വില്പന ശാലയിൽ നിന്നുംവാങ്ങുമ്പോൾ ആകെ തുക:320 രൂപ. സർക്കാർ കിറ്റ് 500 രൂപ. ഒരു കിറ്റിൽ നിന്നും അടിച്ചെടുക്കുന്നത്: 500-320 = 180 രൂപ. ആകെ 80 ലക്ഷം കാർഡുടമകൾക്ക് കിറ്റുകൾ തയ്യാറാക്കി എന്നാണ് സർക്കാർ പറഞ്ഞത്. അപ്പോൾ 80 ലക്ഷം X 180 = 144കോടി. ഈ തുക എവിടേക്ക് പോയി. കോടികൾക്ക് വിലയില്ലാതായോ?
ഓണകിറ്റിലെ സാധനവില
പേര് tQy. മാർക്കറ്റ് വില മാവേലി വില
1)വെളിച്ചെണ്ണ---- 500gm. 82 65
2)മുളക് പൊടി--- 1പേക്ക്---- 24.----- 22
3)സാമ്പാർപൊടി----- 1പേക്ക്--- 26.----- 24
4)മഞ്ഞൾ പൊടി---- 1പേക്ക്---- 19-----. 18
)വെല്ലം ----- 1സg. 50. 50
6) മല്ലിപ്പൊടി---- 1പേക്ക്---- 16----- 14
7) പഞ്ചസാര 1സഴ 38. 25
8)പപ്പടം------ 1പേക്ക് ------ 15-------. 15
9) റവ----- 1 സg. 34. 33
10) ചെറുപയർ----- 500gm 50. 40
1) സേമിയ----- 1 പേക്ക്. ---- 15 ---- 14
ആകെ ------- 369.------- 320
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.