- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണത്തിനോ പാലുകാച്ചിനോ മരണത്തിനോ കൂട്ടില്ല; കടയിൽ നിന്ന് സാധനങ്ങൾ നൽകില്ല; ഒഞ്ചിയത്ത് വൃദ്ധയെ ഊരുവിലക്കിയെന്ന് ആരോപണം; മൊബൈൽ ടവർ നിർമ്മാണത്തെ ചൊല്ലി ആർഎംപിഐയും സിപിഐയും തമ്മിലുള്ള തർക്കത്തിൽ പെട്ടത് നാരായണിയും
കോഴിക്കോട്: ആർ എം പി ഐ, യു ഡി എഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണി ഭരണം കയ്യാളുന്ന ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ അവിവാഹിതയായ നാരായണി എന്ന അറുപത്തഞ്ച് വയസ്സുകാരിക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയതായി ആരോപണം. ഒഞ്ചിയം പഞ്ചായത്തിൽ പതിനാറാം വാർഡിൽ കക്കാട്ട് കുന്നുമ്മൽ താമസിക്കുന്ന നാരായണിയുടെ ബന്ധുവിന്റെ പറമ്പിൽ മൊബൈൽ ടവർ നിർമ്മിക്കുന്നതിനെതിരെ, ടവർ വിരുദ്ധ സമിതിക്കാർ തീർക്കുന്ന പ്രതിരോധത്തിന്റെ ഭാഗമാണ് ഈ ഊരുവിലക്കെന്ന് സിപിഐ ഒഞ്ചിയം ലോക്കൽ കമ്മിറ്റി ആരോപിച്ചു.
ഒഞ്ചിയം പഞ്ചായത്ത് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ടവർ നിർമ്മാണത്തിന് അനുമതി നൽകിയത്. സി പി എം പ്രവർത്തകനായ വ്യക്തിയായിരുന്നു ടവർ നിർമ്മാണത്തിന് സ്ഥലം നൽകിയത്. ആർ എം പി ഐ, യു ഡി എഫ് നേതൃത്വത്തിലുള്ള പുതിയ പഞ്ചായത്ത് ഭരണ സമിതി നിർമ്മാണ കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തു. ടവറിന്റെ പണി പകുതിയോളം കഴിഞ്ഞിട്ടുമുണ്ട്. ഇതിനിടയിലാണ് ടവർ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ടവർ നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയത്. ടവർ വിരുദ്ധ സമിതിയിലും കൂടുതലുള്ള ആർ എം പി ഐ പ്രവർത്തകർ തന്നെയാണ്.
പ്രതിഷേധത്തെ തുടർന്ന് കക്കാട് കുന്ന് ജിയോയുടെ മൊബൈൽ ടവർ നിർമ്മാണം പാതിവഴിയിൽ സ്തംഭിച്ചിരിക്കുകയാണ്. ടവറിന്റെ അടിത്തറ പണിയുന്നതിനായി എടുത്ത വലിയ കുഴിയിലെ മണ്ണ് നാരായണി താമസിക്കുന്ന വീടിന്റെ ചുവരിനെ മൂടിക്കൊണ്ടാണ് കൂട്ടിയിട്ടിരിക്കുന്നത്. മൺകട്ടകൾ കൊണ്ട് നിർമ്മിച്ച വീടിന്റെ ചുവരുകൾ സംരക്ഷിക്കുന്നതിന് വേണ്ടി മണ്ണ് നീക്കിക്കൊടുക്കുന്ന പ്രവർത്തി ടവർ വിരുദ്ധ സമിതിക്കാർ തടയുകയായിരുന്നു. മണ്ണ് നീക്കിയില്ലെങ്കിൽ നാരായണിയുടെ വീട് പൂർണ്ണമായും തകരുമെന്ന സാഹചര്യമാണുള്ളത്. ടവർ വിരുദ്ധ സമരക്കാർ ആർ എം പി ഐ പ്രവർത്തകരായതുകൊണ്ട് തന്നെ വിഷയത്തിൽ ഇടപെടാതിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതിയെന്നാണ് ആക്ഷേപം ഉയരുന്നത്.
വിവാഹിതയല്ലാത്ത നാരായണിയെ സഹായിക്കുന്നത് അവരുടെ ബന്ധുവാണ്. അവരുടെ പറമ്പിലാണ് ടവർ നിർമ്മാണത്തിന് അനുമതി നൽകിയത്. ഈ സാഹചര്യത്തിലാണ് നാരായണിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ടവർ വിരുദ്ധ സമിതിക്കാർ സ്വീകരിക്കുന്നതെന്നാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. തെങ്ങുകയറ്റക്കാർ തേങ്ങാ ഇടുവാൻ വിസമ്മതിക്കുക, ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ സംബന്ധിക്കാൻ അനുവദിക്കാതിരിക്കുക, സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന കടക്കാരൻ സാധനങ്ങൾ നൽകാതിരിക്കുക, അയൽ വീടുകളിലെ വിശേഷ ചടങ്ങുകളിൽ പങ്കെടുക്കുന്നത് വിലക്കുക, കുടിവെള്ള പൈപ്പ് കണക്ഷൻ റിപ്പയർ ചെയ്യുന്നതിന് വിസമ്മതിക്കുക തുടങ്ങിയ ടവർ വിരുദ്ധ സമിതിക്കാരുടെ ചെയ്തികളാൽ മനസ്സ് മടുത്ത വയോധിക, ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പ്രദേശത്തെ രാഷ്ട്രീയ പാർട്ടികളെ സമീപിച്ചിരിക്കുകയാണ്.
സിപിഐ ഒഞ്ചിയം ലോക്കൽ കമ്മിറ്റി പ്രതിനിധികൾ നാരായണിയുടെ വീട് സന്ദർശിച്ചു. വടകര തഹസിൽദാറുടെയും ആർ ഡി ഒയുടെയും അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ പതിയണമെന്ന്, അവർക്കുള്ള കത്തുകളിൽ സിപിഐ ലോക്കൽ സെക്രട്ടറി അപേക്ഷിച്ചു. ഇതേ സമയം കുടുംബക്കാർ തമ്മിലുള്ള പ്രശ്നങ്ങളാണ് നാരായണിയുടെ കാര്യത്തിലുള്ളതെന്നും ടവർ വിരുദ്ധ സമരവുമായി അതിന് ബന്ധമൊന്നും ഇല്ലെന്നുമാണ് ടവർ വിരുദ്ധ സമരക്കാരുടെ നിലപാട്
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.