പെരുമ്പാവൂർ: ഇന്നലെ ഓടയ്ക്കാലിയിൽ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയ രണ്ട് തമിഴ് മോഷ്ടാക്കളിൽ ഒരാൾ കൊലപാതക കേസിലെ പ്രതി. കൈവശമുണ്ടായിരുന്ന നീളമുള്ള കത്തിയിൽ രക്തം കട്ടപിടിച്ചതുപോലുള്ള പാടുകളും കണ്ടെത്തി. ആക്രമിച്ചോ കൊലചെയ്‌തോ കവർച്ച നടത്തിയ ശേഷം രക്ഷപെട്ടെത്തിയതാണെന്നും പരക്കെ അഭ്യൂഹം. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വാളയാർ ചന്ദ്രാപുരം സ്വദേശി യേശുദാസ് (33) തിരിച്ചിറപ്പിള്ളി സ്വദേശി ശ്യാം സുന്ദർ (23) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ ഓടയ്ക്കാലി കുന്നത്താൻ പ്ലൈവുഡ് കമ്പിനിക്ക് സമീപത്തുനിന്നും നാട്ടുകാർ പിടികൂടി കുറുപ്പംപടി പൊലീസിന് കൈമാറിയത്.

ഇവരിൽ യേശുദാസ് പാലക്കാട് കസബ സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട കൊലക്കേസിലെ മൂന്നാം പ്രതിയാണ്.2006 ജൂൺ 13 -ന് കോയമ്പത്തൂർ സ്വദേശിയായ ചിന്നപ്പ (23)നെ യേശുദാസ് ഉൾപ്പെട്ട അഞ്ചംഗസംഘം ഇരുമ്പ് ദണ്ഡിന് തല്ലിയും മറ്റും കൊലപ്പെടുത്തുകയായിരുന്നു.വാദം നടന്നുവരുന്ന ഈ കേസിൽ ഇയാൾ ജാമ്യത്തിലാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 20 കേസുകളിൽ താൻ പ്രതിയായിരുന്നെന്നും ഇതിൽ 7 കേസുകൾ ഇപ്പോഴും നിലവിലുണ്ടെന്നും ഇയാൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.ശ്യം സുന്ദർ പ്രതിയായി 7 കേസുകൾ ഇരു സംസ്ഥാനങ്ങളിലുമായി നിലവിലുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

ഇവരിൽ നിന്നും കണ്ടെത്തിയ കത്തിയിൽ കണ്ടെത്തിയ പാടുകൾ ഏറെ സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. രക്തം ഉണങ്ങിപ്പിടിച്ച പാടുകളാണ് ഇതെന്ന അഭിപ്രായം വ്യാപകമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കത്തി വിശദമായി പരിശോധിക്കാൻ ഫോറൻസിക് വിഭാഗത്തോട് ആവശ്യപ്പട്ടിട്ടുണ്ടെന്ന് കുറുപ്പംപടി സി ഐ കെ ആർ മനോജ് മറുനാടനോട് വ്യക്തമാക്കി. ആയുധങ്ങളുമായി കവർച്ച സംഘത്തെ കണ്ടെത്തിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.കവർച്ച സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവർക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടെന്നുമാണ് ഇക്കൂട്ടരുടെ വിലിരുത്തൽ.

ഓടയ്ക്കാലിക്ക് സമീപം താമസിച്ച് പലഹാരകച്ചവടം നടത്തിവന്നിരുന്ന തമിഴ്‌നാട് സ്വദേശിയോടൊപ്പമാണ് ഇവർ താമസിച്ചിരുന്നതെന്നും ഇയാൾക്കും കവർച്ച സംഘവുമായി അടുത്ത ബന്ധമുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ഓടയ്ക്കാലി ഭാഗത്തുകൂടി ഇവർ ബൈക്കിൽ പോകവെ ചില്ലറപ്പൊതി താഴെവീഴുണു.റോഡിൽ ചിതറിവീണ ചില്ലറ പെറുക്കികൂട്ടാൻ മീപത്തെ പ്ലൈവുഡ് ഫാക്ടറിക്കടുത്തുനിന്നിരുന്ന നാട്ടുകാരിൽ ചിലരും ഇവർക്കൊപ്പം കൂടി.ചില്ലറയുടെ കൂടെ സ്വർണ്ണവും കണ്ടതോടെ ഇവർക്ക് സംശയമായി.

ഇത് സംമ്പന്ധിച്ച് ചോദ്യം ചെയ്യൽ തുടങ്ങിയതോടെ ബൈക്കുമായി രക്ഷപെടുന്നതിന് ശ്രമിച്ച ഇവരെ നാട്ടുകാർ ബലപ്രയോഗത്തോടെ കീഴ്‌പെടുത്തുകയായിരുന്നു.ഓടിരക്ഷപെട്ട ശ്യാം സുന്ദറിനെ ബൈക്കിൽ പിൻതുടർന്ന് കിലോമീറ്ററുകൾ അകലെ നിന്നാണ് ഇവർ പിടികൂടിയത്. പിന്നീട് നടന്ന കൂടുതൽ തിരച്ചിലിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ നീളമുള്ള കത്തി,പൂട്ട് പൊളിക്കുന്നതിനുള്ള ഇരുമ്പ് ദണ്ഡുകൾ തുടങ്ങിയവ കണ്ടെടുത്തു.തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചത് പ്രകാരം പൊലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ബൈക്കും ആയുധങ്ങളും കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം ഇരുവരെയും സംഭവസ്ഥത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കാലടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നാലിടത്തും അങ്കമാലിയിൽ ഒരുവീട്ടിലും കവർച്ച നടത്തിയതായി ഇവർ പൊലീസിൽ സമ്മതിച്ചു. കാമറ,മൊബൈൽ ഫോണുകൾ ,നിരവധി വാഹനങ്ങളുടെ താക്കോലുകൾ എന്നിവയും ഇവരിൽ നിന്നും കണ്ടെടുത്തു.ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.